22 July Sunday
മുഖ്യമന്ത്രി ആശുപത്രി സന്ദര്‍ശിച്ച ദിവസം മരിച്ചത് 9 കുഞ്ഞുങ്ങള്‍

'സര്‍ക്കാര്‍ കൊന്നതുതന്നെ'

എം അഖില്‍Updated: Sunday Aug 13, 2017

യുപിയിലെ ബിആര്‍പി ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച പിഞ്ചുകുഞ്ഞ്

ന്യൂഡല്‍ഹി > ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 5 ദിവസത്തിനിടെ 63 കുഞ്ഞുങ്ങള്‍ മരിക്കാനിടയായത് അധികൃതരുടെ കടുത്ത അനാസ്ഥയില്‍തന്നെ. കുട്ടികള്‍ മരിച്ചത് ഓക്സിജന്‍ കിട്ടാതെയല്ലെന്നും രോഗം കാരണമാണെന്നുമുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ വാദത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് പുറത്തുവന്ന വിവരങ്ങള്‍. ആശുപത്രിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്തിയ ബുധനാഴ്ച പോലും ഇവിടെ ഒമ്പതുകുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. ചൊവ്വാഴ്ച നവജാതശിശുക്കളടക്കം 12 കുട്ടികളും മരിച്ചു.

ഓക്സിജന്‍ ലഭിക്കാത്തതിനാല്‍ ഒരു മരണവും സംഭവിച്ചിട്ടില്ലെന്ന് മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി അശുതോഷ് ഠണ്ഡന്‍ പറഞ്ഞു. ഏഴു കുട്ടികള്‍ 'മാത്രമാണ്' വെള്ളിയാഴ്ച മരിച്ചത്. മൂന്നുമരണം നവജാതശിശുക്കളുടെ ഐസിയുവിലും രണ്ടുമരണം മസ്തിഷ്കജ്വരം ബാധിച്ചും രണ്ടുമരണം മറ്റ് രോഗങ്ങള്‍ കാരണവുമാണ് ഉണ്ടായത്. സംഭവത്തില്‍ മജിസ്ട്രേട്ടുതല അന്വേഷണത്തിന് ജില്ലാ മജിസ്ട്രേട്ട് ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഓക്സിജന്‍ വിതരണം മുടങ്ങിയെന്ന് സമ്മതിച്ച ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് സിങ്, കുട്ടികള്‍ മരിച്ചത് ഇതുകാരണമല്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

മൂന്നുപതിറ്റാണ്ടിനിടെ കിഴക്കന്‍ ഉത്തര്‍പ്രദേശില്‍മാത്രം മസ്തിഷ്കജ്വരവും ജപ്പാന്‍ജ്വരവും അമ്പതിനായിരത്തോളം കുഞ്ഞുങ്ങളുടെ ജീവനെടുത്തു. ഇതില്‍ ഭൂരിഭാഗം മരണവും നടന്നത് ഗോരഖ്പുരിലാണ്. ഫണ്ടുകളുടെ അഭാവംമൂലം അടിസ്ഥാനസൌകര്യങ്ങള്‍പോലും മെച്ചപ്പെടുത്താന്‍ സാധിക്കാത്ത ആശുപത്രിയുടെ ദുരവസ്ഥ ആദിത്യനാഥ് നേരില്‍ക്കണ്ടിട്ടും ഒരിടപെടലും ഉണ്ടായില്ല. ഐസിയു, വെന്റിലേറ്റര്‍, ഫാര്‍മസി, ലാബ് തുടങ്ങിയ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ 37 കോടി രൂപ അനുവദിക്കണമെന്ന് മെയ് മാസത്തില്‍ ആശുപത്രി അധികൃതര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഫണ്ട് അനുവദിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നു പറഞ്ഞ് തള്ളി.
സംസ്ഥാനത്തെ പ്രധാന വെല്ലുവിളിയായ ജപ്പാന്‍ജ്വരത്തിന്റെയും മസ്തിഷ്കജ്വരത്തിന്റെയും ചികിത്സയ്ക്കുള്ള മുഖ്യ കേന്ദ്രമായ ബിആര്‍ഡി മെഡിക്കല്‍ കോളേജിന് ആവശ്യമായ ഒരു സഹായവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് മുന്‍ മെഡിക്കല്‍ ഡയറക്ടര്‍മാരില്‍ ചിലര്‍ പറഞ്ഞു. ജ്വരം ചികിത്സിക്കുന്ന വാര്‍ഡിലെ ജീവനക്കാര്‍ക്ക് അഞ്ചുമാസമായി മുടങ്ങിയ ശമ്പളം കഴിഞ്ഞദിവസംമുതലാണ് വിതരണം ചെയ്ത് തുടങ്ങിയത്. ചില വാര്‍ഡുകളിലെ ജീവനക്കാര്‍ക്ക് ആറുമാസമായി ശമ്പളം ലഭിച്ചിട്ടുമില്ല. 40 കുഞ്ഞുങ്ങളെ ചികിത്സിക്കാന്‍ ഒരു ഡോക്ടര്‍പോലുമില്ലാത്ത അവസ്ഥയാണെന്ന് വ്യാഴാഴ്ച ആശുപത്രി സന്ദര്‍ശിച്ച മുഖ്യമന്ത്രിയോട് അധികൃതര്‍ പരാതിപ്പെട്ടിരുന്നു. എല്ലാ പ്രശ്നങ്ങളും ഉടന്‍ പരിഹരിക്കാമെന്ന വാഗ്ദാനം മാത്രമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

നടപടിയുണ്ടാകുമെന്ന് ഭയന്ന് ജപ്പാന്‍ജ്വരം, മസ്തിഷ്കജ്വരംമൂലം മരിച്ചവരുടെ കണക്കില്‍ ആശുപത്രിക്കാര്‍ വെള്ളംചേര്‍ക്കുക പതിവാണ്. ഏറ്റവും ചുരുങ്ങിയ കണക്കുമാത്രമേ അധികൃതര്‍ സര്‍ക്കാരിന് കൈമാറാറുള്ളൂവെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. പലവട്ടം മുന്നറിയിപ്പ് ലഭിച്ചിട്ടും ഒരിടപെടലും നടത്താത്ത സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയുമാണ് ഇതോടെ പ്രതിക്കൂട്ടിലായത്. റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന സ്ഥിരം വിശദീകരണം മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഗോരഖ്പൂരിലെ സാഹചര്യങ്ങള്‍ ധരിപ്പിച്ചതായി ആദിത്യനാഥ് ട്വിറ്ററില്‍ കുറിച്ചു. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളിലെ ബന്ധപ്പെട്ട വ്യക്തികളുമായി പ്രധാനമന്ത്രി നേരിട്ട് ആശയവിനിമയം നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രികാര്യാലയം ട്വിറ്ററില്‍ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top