14 November Wednesday

ഉന്നാവോ കൂട്ടബലാത്സംഗ കേസ്: ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018

ലഖ്നൗ >  ഉന്നാവ കൂട്ടബലാത്സംഗ കേസില്‍ ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗറിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഉന്നാവിലെ ബഞ്ചര്‍മാവോ മണ്ഡലത്തിലെ എംഎല്‍എയാണ് കുല്‍ദീപ്. കുറ്റപത്രത്തില്‍ കുല്‍ദീപിനൊപ്പം സഹായി ശശി സിംഗിന്റെ പേരുമുണ്ട്.

കുല്‍ദീപിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 363, 366, 376, 506 പോക്സോ എന്നീവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് എംഎല്‍എയുടെ മേലില്‍ ചുമത്തിയിരിക്കുന്നത്. കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച രണ്ടാമത്തെ കുറ്റപത്രമാണിത്.

ഇതുമായി ബന്ധപ്പെട്ട് കുല്‍ദീപിന്റെ സഹോദരന്‍ ജയ്ദീപ് സിങ് അടക്കം അഞ്ചുപേര്‍ക്കെതിരെയാണ് ആദ്യത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ബലാത്സംഗം, കലാപം ഉണ്ടാക്കല്‍, കേസിലെ ഇരയുടെ പിതാവ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവം തുടങ്ങിയവയാണ് സിബിഐ അന്വേഷിച്ചത്.

2017 ജൂണ്‍ നാലിനാണ് ബലാത്സംഗം നടന്നത്. ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ എംഎല്‍എ യുടെ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് സിബിഐ റിപ്പോര്‍ട്ട്. ബലാത്സംഗം നടക്കുന്ന സമയത്ത് സെന്‍ഗാറിന്റെ സഹായി ശശി സിംഗ് കാവല്‍ നിന്നിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജില്ലാ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ വച്ചാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ പൊലീസ് മനപ്പൂര്‍വ്വം പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാന്‍ വൈകിപ്പിച്ചിരുന്നു. ഇത് പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണ് ഈ നീക്കങ്ങളെന്നായിരുന്നു സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പൊലീസില്‍ പരാതിപ്പെടാന്‍ പെണ്‍കുട്ടിയും പിതാവും എത്തിയിരുന്നെങ്കിലും പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് യുപി മുഖ്യമന്ത്രിയുടെ വസതിയില്‍ ചെന്ന് ആത്മഹത്യാ ഭീഷണി മുഴക്കി, ഇത് വാര്‍ത്തയായതിനെ തുടര്‍ന്ന് എംഎല്‍എയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയും കേസ് സിബിഐയ്ക്ക് വിടുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു.  ഈ സംഭവത്തില്‍ എംഎല്‍എയുടെ സഹോദരന്‍ അറസ്റ്റിലായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 13 നാണ് ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ബിജെപി എംഎല്‍എ ആയ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ സിബിഐ അറസ്റ്റ് ചെയ്തത്.
 
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top