22 September Saturday

യുജിസിക്ക്‌ അന്ത്യം; ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ വാണിജ്യവത്‌കരണം

സാജൻ എവുജിൻUpdated: Thursday Jun 28, 2018


ന്യൂഡൽഹി>ഉന്നതവിദ്യാഭ്യാസമേഖലയെ കൂടുതൽ വാണിജ്യവൽക്കരിക്കാനായി കേന്ദ്രസർക്കാർ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷനെ(യുജിസി) ഇല്ലാതാക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകാനുള്ള അധികാരം യുജിസിയിൽനിന്ന്  കേന്ദ്രസർക്കാർ ഏറ്റെടുക്കും. യുജിസിക്ക് ആധാരമായ 1951ലെ നിയമം പിൻവലിച്ച് പകരം ഹയർ എഡ്യുക്കേഷൻ കമീഷൻ ഓഫ് ഇന്ത്യ (എച്ച്ഇസിഐ) രൂപീകരിക്കാൻ മാനവവിഭവശേഷി മന്ത്രാലയം തീരുമാനിച്ചു. ഇതുസംബന്ധിച്ച ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. കരട്നിയമം മാനവവിഭവശേഷി മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  ജൂലൈ ഏഴ് വരെ ഭേദഗതി നിർദേശിക്കാം.

സാധാരണക്കാർക്കും നിർധനർക്കും ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാക്കുന്ന പരിഷ്കാരത്തിനാണ് കേന്ദ്രനീക്കം. യുജിസി ഇല്ലാതാകുന്നതോടെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ഗ്രാന്റ് നൽകുന്ന സമ്പ്രദായം നിർത്തും. പകരം സ്ഥാപനങ്ങളുടെ  പ്രകടനംനോക്കി   മാനവവിഭവശേഷി വികസനമന്ത്രാലയം ധനസഹായം നൽകുമെന്നാണ് ബില്ലിൽ പറയുന്നത്. ഈ സംവിധാനം  സംസ്ഥാനങ്ങളോട് വിവേചനം കാട്ടാനും സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കംനിൽക്കുന്ന മേഖലകളിലെ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കാനും വഴിതെളിക്കും.

സ്ഥിരം അധ്യാപകനിയമനം അവസാനിപ്പിക്കാനും ശമ്പളപരിഷ്കരണ കമീഷനുകൾക്ക് അന്ത്യംകുറിക്കാനും പുതിയ സംവിധാനം വഴിവയ്ക്കും. സ്ഥാപനങ്ങൾക്ക് സ്വയംഭരണാവകാശം നൽകുന്നുവെന്ന് നടിച്ചാണ് കേന്ദ്രം പരിഷ്കാരങ്ങൾ അടിച്ചേൽപ്പിക്കുന്നത്. അക്കാദമിക് രംഗത്ത് സ്വയംഭരണത്തിനും ആവശ്യത്തിന‌് ഗസ്റ്റ‌് അധ്യാപകരെ കൊണ്ടുവരാനും സ്ഥാപനങ്ങൾക്ക് അധികാരം ലഭിക്കും. ഇതുവഴി ഗുണനിലവാരം മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് അവകാശവാദം.  സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്ന വിധത്തിലുമാണ് ഉന്നതവിദ്യാഭ്യാസ കമീഷന്റെ പ്രവർത്തനം വിഭാവന ചെയ്യുന്നത്. സ്ഥാപനങ്ങളുടെ അക്രെഡിറ്റേഷൻ, ഗ്രേഡിങ് എന്നിവ കമീഷൻ നിശ്ചയിക്കും. ഉന്നതവിദ്യാഭ്യാസമേഖലയിലെ ഏതു വിഷയത്തിലും ആവശ്യമെന്ന് കണ്ടാൽ ഇടപെടാൻ കമീഷന‌് അധികാരം നൽകും.

ചെയർമാനും വൈസ് ചെയർമാനും ഉൾപ്പെടെ 14 അംഗങ്ങൾ കമീഷനിൽ ഉണ്ടാകും. ഇവരെ കേന്ദ്രസർക്കാർ നിയമിക്കും. ഇതിനായി നിയമനസമിതി രൂപീകരിക്കും. കമീഷൻ അംഗങ്ങളുടെ കാലാവധി അഞ്ച് വർഷമായിരിക്കും.

കോർപറേറ്റ് ഫണ്ടിങ് മാതൃകയിലുള്ള സംവിധാനം വിദ്യാഭ്യാസമേഖലയുടെ സമഗ്രപുരോഗതിക്ക് വിഘാതമാകും.  ആർട്സ് ആൻഡ് സയൻസ് കോളേജുകളെ  ഇത് തികച്ചും പ്രതികൂലമാക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഉന്നതവിദ്യാഭ്യാസം സ്വപ്നം മാത്രമായി മാറും. ഉന്നതവിദ്യാഭ്യാസമേഖലയിൽ രാജ്യത്ത് അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവുംഅധ്യാപകരുടെ കുറവും രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രശ്നം വഷളാക്കുന്ന പരിഷ്കാരമാണ‌് കൊണ്ടുവരുന്നതെന്ന് ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് ചൂണ്ടിക്കാട്ടി.

അതേസമയം, നേരത്തെ നിശ്ചയിച്ച എഐസിടിഇ (ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ), എൻസിടിഇ(നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ) എന്നിവയുടെ പ്രവർത്തനംഅവസാനിപ്പിക്കാനുള്ള തീരുമാനം തൽക്കാലം ഉപേക്ഷിച്ചു. പകരം എഐസിടിഇ നിയമവും എൻസിടിഇ നിയമവും ഉന്നതവിദ്യാഭ്യാസ കമീഷൻ നിയമത്തിന‌് അനുസൃതമായി പരിഷ്കരിക്കും.
ലക്ഷ്യം കാവിവൽക്കരണം
പേജ്‌ 5

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top