21 November Wednesday

തൊഴിലില്ലായ‌്മ 2 വർഷത്തെ ഉയർന്ന നിരക്കിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

ന്യൂഡൽഹി
രാജ്യത്ത് തൊഴിലില്ലായ്മ രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 2018 ഒക്ടോബറിലെ കണക്ക് പ്രകാരം തൊഴിലില്ലായ‌്മാ നിരക്ക‌് 6.9 ശതമാനത്തിലേക്ക‌് കുതിച്ചു. ഒക്ടോബർ മാസത്തെ കണക്കനുസരിച്ച് തൊഴിലുള്ളത് 39.7 കോടി പേര്‍ക്ക് മാത്രം. 2017 ഒക്ടോബറിൽ 40.7 കോടി പേർക്ക‌് തൊഴിലുണ്ടായിരുന്നു. ഒറ്റവർഷം കൊണ്ട‌് തൊഴിലുള്ളവരുടെ എണ്ണത്തിൽ  2.4 ശതമാനത്തിന്റെ ഇടിവ‌ുണ്ടായെന്ന് സെന്റർ ഫോർ മോനിറ്ററി ഇന്ത്യൻ ഇക്കണോമി (സിഎംഇ‌ഐ) റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

രാജ്യത്ത് പ്രായപൂർത്തിയായവരിൽ 39.5 ശതമാനത്തിന‌് മാത്രമാണ‌് തൊഴിലുള്ളത‌്. നോട്ടുനിരോധനത്തെ തുടർന്ന‌് രാജ്യത്ത‌് വലിയതോതിലുണ്ടായ തൊഴില്‍നഷ്ടം രണ്ടുവർഷത്തിന‌് ശേഷവും തുടരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത‌് തൊഴിലുള്ളവരുടെ എണ്ണത്തിലുണ്ടായ ഇടിവിനൊപ്പം തൊഴിൽ പങ്കാളിത്ത‌ നിരക്കിലും ഇടിവ‌ുണ്ടായി. രാജ്യത്ത‌് തൊഴിലെടുക്കാൻ സന്നദ്ധരായവരുടെ എണ്ണമാണ‌് തൊഴിൽ പങ്കാളിത്ത നിരക്ക‌്. 2018 ഒക്ടോബറിലെ കണക്കുകൾ പ്രകാരം തൊഴിൽ പങ്കാളിത്ത‌ നിരക്ക‌് 42.4 ശതമാനമാണ‌്. 2016 ജനുവരിക്ക‌് ശേഷമുള്ള ഏറ്റവും കുറഞ്ഞ തൊഴിൽ പങ്കാളിത്ത നിരക്കാണിത‌്. നോട്ടുപിൻവലിക്കലിന‌് മുമ്പുള്ള ഘട്ടത്തിൽ രാജ്യത്തെ തൊഴിൽ പങ്കാളിത്ത നിരക്ക‌് 47.48 ശതമാനമായിരുന്നു. നോട്ടുപിൻവലിക്കൽ നടപടിയെ തുടർന്ന‌് തൊഴിൽ പങ്കാളിത്ത നിരക്കിലുണ്ടായ ഇടിവ‌് ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ‌്.

ജോലിക്ക‌് വേണ്ടി സജീവമായി ശ്രമിക്കുന്ന തൊഴിലില്ലാത്തവരുടെ എണ്ണത്തിൽ വലിയ വർധനവ‌് സംഭവിച്ചതായും സിഎംഇഐ റിപ്പോർട്ട‌് ചൂണ്ടിക്കാട്ടുന്നു. 2018 ഒക്ടോബറിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ മൂന്നു കോടിയോളം പേരാണ‌് സജീവമായി തൊഴിലിന‌് ശ്രമിക്കുന്നത‌്. 2017 ജൂലൈയിൽ 1.4 കോടിയോളം പേരായിരുന്നു സജീവമായി തൊഴിലിന‌് ശ്രമിച്ചിരുന്നത‌്. വെറും 14 മാസം കൊണ്ട‌് തൊഴിലിനായി സജീവമായി ശ്രമിക്കുന്നവരുടെ എണ്ണം ഇരട്ടിയിലേറെയായി.

നോട്ടുപിൻവലിക്കൽ നടപടി തൊഴിൽ മേഖലയിൽ സൃഷ്ടിച്ച ആഘാതം രണ്ടുവർഷത്തിന‌് ശേഷവും തുടരുകയാണെന്ന‌് വ്യക്തമാക്കുന്നതാണ‌് സിഎംഇഐ റിപ്പോർട്ട‌്.

ശരാശരി 1.2 കോടി പേരാണ‌് ഓരോ വർഷവും രാജ്യത്തെ തൊഴിൽ വിപണിയിലേക്ക‌് പുതിയതായി എത്തുന്നത‌്. എന്നാൽ, ഇതിനനുസൃതമായി രാജ്യത്ത‌് പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടാത്ത സാഹചര്യമാണുള്ളത‌്.

പശ‌്ചാത്തലസൗകര്യ മേഖലയിലും ഉൽപ്പന്ന നിർമാണ മേഖലയിലുമെല്ലാം നോട്ടുപിൻവലിക്കൽ സൃഷ്ടിച്ച ആഘാതമാണ‌് ഇപ്പോഴും തൊഴിലവസരങ്ങളെ കുറയ‌്ക്കുന്നതെന്ന‌് ഈ മേഖലയിലെ വിദഗ‌്ധർ അഭിപ്രായപ്പെടുന്നു. ഐടി മേഖലയിലും കാര്യമായ തൊഴിൽ വളർച്ച പ്രകടമാകുന്നില്ല.


പ്രധാന വാർത്തകൾ
Top