16 October Tuesday

ക‌ശ്‌മീരിലെ മനുഷ്യാവകാശ ലംഘനം: യുഎൻ റിപ്പോർട്ട് ഇന്ത്യ തള്ളി

സ്വന്തം ലേഖകൻUpdated: Friday Jun 15, 2018

ന്യൂഡൽഹി > കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്‌‌ട്രസഭയുടെ റിപ്പോർട്ട് തള്ളി വിദേശകാര്യമന്ത്രാലയം. യുഎൻ മനുഷ്യാവകാശ സമിതി ഹൈക്കമീഷണർ, കൗൺസിൽ മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിൽ കശ്മീരിലെയും പാക് അധീന കശ്മീരിലെയും മനുഷ്യാവകാശലംഘനങ്ങളിൽ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

2016 ജൂലൈമുതൽ കശ്മീരിൽ നാട്ടുകാർ കൊല്ലപ്പെട്ട കേസുകളിൽ വിശദ അന്വേഷണം വേണം. പെല്ലെറ്റ് തോക്കുകൾപോലുള്ള ആയുധങ്ങൾ ഉപയോഗിക്കുന്ന സുരക്ഷാസേനയുടെ അമിതാധികാരപ്രയോഗംമൂലം നാട്ടുകാർക്ക് ഗുരുതര പരിക്കേൽക്കുന്നു. കശ്മീർജനതയുടെ സ്വയംനിർണയാവകാശം ഇന്ത്യയും പാകിസ്ഥാനും അംഗീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

നിയന്ത്രണരേഖയ്ക്ക് ഇരുപുറവും നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന‌ റിപ്പോർട്ട് മനുഷ്യാവകാശ കൗൺസിലിന് സമർപ്പിച്ച് യുഎൻ മനുഷ്യാവകാശ സമിതി ഹൈക്കമീഷണർ സെയ്ദ് റഅ്ദ് അൽ ഹുസൈൻ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ജനീവയിൽ തുടങ്ങുന്ന യുഎൻ മനുഷ്യാവകാശ കൗൺസിൽ വിഷയം ചർച്ചചെയ്യണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. ആദ്യമായാണ് കശ്മീരിലെ മനുഷ്യാവകാശ സ്ഥിതിയെക്കുറിച്ച് യുഎൻ റിപ്പോർട്ട് തയ്യാറാക്കുന്നത്.

എന്നാൽ, യുഎൻ റിപ്പോർട്ട് മുൻവിധികളുടെയും തെറ്റായ ആഖ്യാനങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണെന്ന് വിദേശ മന്ത്രാലയം പ്രതികരിച്ചു. റിപ്പോർട്ട് തെറ്റിദ്ധാരണാജനകവും പക്ഷപാതപരവും പരപ്രേരിതവുമാണെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യംചെയ്യുന്ന റിപ്പോർട്ടിൽ സ്ഥിരീകരിക്കാത്ത വസ്തുതകളുടെ സമാഹാരമാണ്.  അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്ക് എതിരായ നീക്കങ്ങൾ ശക്തമായി തുടരുമെന്നും അന്താരാഷ്ട്രതലത്തിൽ ഭീകരതയ‌്ക്കെതിരെ നടക്കുന്ന പോരാട്ടത്തിന് റിപ്പോർട്ട് തിരിച്ചടിയാകുമെന്നും വിദേശമന്ത്രാലയം കുറ്റപ്പെടുത്തി.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top