26 September Wednesday

പലസ‌്തീൻ ഏജൻസിക്കുള്ള ധനസഹായം യുഎസ്‌ നിർത്തലാക്കി

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018


വാഷിങ‌്ടൺ
പലസ‌്തീൻ അഭയാർഥികളെ പുനരധിവസിപ്പിക്കുന്ന ഐക്യരാഷ്ട്രസംഘടന ഏജൻസിക്കുള്ള ധനസഹായം അമേരിക്ക നിർത്തലാക്കി. യുഎൻ റിലീഫ‌് ആൻഡ‌് വർക‌്സ‌് ഏജൻസിക്കുള്ള (യുനേർവ) ആറുകോടി ഡോളറിന്റെ ധനസഹായമാണ‌് അമേരിക്ക ഏകപക്ഷീയമായി നിർത്തലാക്കിയത‌്.
യുനേർവയുടെ പ്രവർത്തനം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന ആരോപണം ഉന്നയിച്ചാണ‌് അമേരിക്കയുടെ നടപടി.

യുനേർവയ‌്ക്ക‌് ഏറ്റവും കൂടുതൽ ധനസഹായം നൽകിയിരുന്ന രാഷ്ട്രമാണ‌് അമേരിക്ക. എന്നാൽ, ഏജൻസിയുടെ പ്രവർത്തനം ശരിയായ ദിശയിലല്ലാത്തതിനാൽ ക്രമാതീതമായി വൻതുക ധനസഹായം നൽകുകയെന്നത‌് താങ്ങാനാകില്ലെന്നും യുഎസ‌് സ‌്റ്റേറ്റ‌് ഡിപ്പാർട‌്മെന്റ‌് വക്താവ‌് ഹെയ‌്തർ നൗവേർട്ട‌് വാർത്താക്കുറിപ്പിൽ അറിയിച്ചു. നേരത്തെ പലസ‌്തീനുള്ള 20 കോടി ഡോളറിന്റെ ധനസഹായം അമേരിക്ക നിർത്തലാക്കിയിരുന്നു. പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിന്റെ നിർദേശത്തെതുടർന്നായിരുന്ന‌് ഇത‌്. യുഎൻ പലസ‌്തീന‌് നൽകുന്ന സാമ്പത്തിക സഹായനിധിയിലേക്കുള്ള വിഹിതവും അമേരിക്ക മൂന്നിലൊന്നായി വെട്ടിച്ചുരുക്കിയിരുന്നു. ഇതിനുപുറമെയാണ‌് പുതിയ നടപടി.

1948ലെ ഇസ്രയേൽ‐അറബ‌് യുദ്ധത്തെതുടർന്ന‌് ആയിരക്കണക്കിന‌് പലസ‌്തീനികൾ അഭയാർഥികളായതിനെതുടർന്നാണ‌് യുനേർവയ‌്ക്ക‌് യുഎൻ രൂപംനൽകിയത‌്. യുനേർവയ‌്ക്കുള്ള സാമ്പത്തികസഹായം നിർത്തലാക്കിയ അമേരിക്കയുടെ നടപടി പലസ‌്തീൻ ജനതയെ അപമാനിക്കുന്നതിന‌ുതുല്യമാണെന്ന‌് പ്രസിഡന്റ‌് മഹ‌്മൗദ‌് അബ്ബാസ‌ിന്റെ വക്താവ‌് വാർത്താക്കുറിപ്പിൽ പറഞ്ഞു.

തങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്ന‌് ഒഴിഞ്ഞുമാറുന്ന നടപടിയാണ‌് അമേരിക്കയുടേതെന്ന‌് വാഷിങ‌്ടണിലെ പലസ‌്തീൻ അംബാസഡർ ഹൊസാം സോംലോട്ട‌് പറഞ്ഞു.ധനസഹായം നിർത്തലാക്കാനുള്ള അമേരിക്കയുടെ തീരുമാനം ഏറെ നിരാശാജനകവും ദുഃഖകരവുമാണെന്ന‌് യുഎൻ സെക്രട്ടറി ജനറൽ അന്റാണിയോ ഗുട്ടെറസ‌് പറഞ്ഞു.
യുനേർവയ‌ുമായി അമേരിക്ക പുലർത്തിയ ബന്ധം അഭിനന്ദനാർഹമായിരുന്നു. എന്നാൽ, പൊടുന്നനെയുള്ള പുതിയ തീരുമാനം കടുത്ത ആശങ്കയുളവാക്കുന്നതാണെന്നും സെക്രട്ടറി ജനറലിന്റെ വക്താവ‌് സ‌്റ്റീഫൻ ഡുജാറിക‌് പുറത്തിറക്കിയ പ്രസ‌്താവനയിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top