19 October Friday

തമിഴകരാഷ്ട്രീയത്തില്‍ വഴിത്തിരിവ് ജയം ദിനകരന്

വെബ് ഡെസ്‌ക്‌Updated: Monday Dec 25, 2017

ചെന്നൈ >  ജയലളിതയുടെ രാഷ്ട്രീയ പിന്തുടര്‍ച്ചാവകാശം ഉറപ്പാക്കാനായി നടന്ന നിര്‍ണായക ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ഭരണത്തിലുള്ള എഐഎഡിഎംകെയെയും പ്രതിപക്ഷത്തുള്ള ഡിഎംകെയെയും ഞെട്ടിച്ച് സ്വതന്ത്രസ്ഥാനാര്‍ഥി ടി ടി വി ദിനകരന്‍ വിജയിച്ചു. ജയലളിതയുടെ തോഴി ശശികലയുടെ സഹോദരീപുത്രനും ഐഎഎഡിഎംകെയെ ഒരുകാലത്ത് നിയന്ത്രിച്ച 'മന്നാര്‍ഗുഡി മാഫിയ'യിലെ പ്രധാനിയുമായ ദിനകരന്റെ വിജയം തമിഴകരാഷ്ട്രീയം വീണ്ടും കലുഷിതമാക്കും. 40,707 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ദിനകരന്‍ 2016ല്‍ ജയലളിത ആര്‍ കെ നഗറില്‍ നേടിയ 39,545 വോട്ടിന്റെ ഭൂരിപക്ഷം പഴങ്കഥയാക്കി. ദിനകരന്‍ 89,013 വോട്ട് നേടി. രണ്ടാം സ്ഥാനത്തെത്തിയ എഐഎഡിഎംകെ സ്ഥാനാര്‍ഥി ഇ മധുസൂദനന്് ലഭിച്ചത് 48,306 വോട്ട് മാത്രം. 24,651 വോട്ട്  നേടിയ ഡിഎംകെ സ്ഥാനാര്‍ഥി എന്‍ മരുത് ഗണേശിന് കെട്ടിവച്ച കാശ് നഷ്ടമായി. തമിഴകത്ത് വേരുറപ്പിക്കുന്നതിന് ദ്രാവിഡപാര്‍ടികളെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നോട്ടയ്ക്കും പിന്നില്‍ ആറാം സ്ഥാനത്തായി. 1417 വോട്ടാണ് ബിജെപി സ്ഥാനാര്‍ഥി കരു നാഗരാജന് ആകെ കിട്ടിയത്്. എഐഎഡിഎംകെയില്‍ എതിര്‍ചേരിയിലായിരുന്ന ഒ പന്നീര്‍ശെല്‍വത്തെയും എടപ്പാടി പളനിസ്വാമിയെയും അനുനയിപ്പിക്കാന്‍ രംഗത്തുണ്ടായിരുന്ന ബിജെപി കേന്ദ്രനേതൃത്വം ദ്രാവിഡപാര്‍ടികള്‍ തമ്മിലടിക്കുമ്പോള്‍ വിജയം കൊയ്യാമെന്ന പ്രതീക്ഷയിലാണ് പാര്‍ടി സംസ്ഥാന വൈസ്പ്രസിഡന്റ് കൂടിയായ കരു നാഗരാജനെ രംഗത്തിറക്കിയത്.

ജയലളിത മരിച്ച് ഒരുവര്‍ഷം പിന്നിട്ടവേളയിലാണ് അവര്‍ രണ്ടുതവണ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ആര്‍ കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.  ഭരണത്തിലിരുന്നിട്ടും സിറ്റിങ് സീറ്റ് നഷ്ടപ്പെടുത്തിയത് എഐഎഡിഎംകെയ്ക്കും പാര്‍ടിയില്‍നിന്ന് ദിനകരനെ പുറത്താക്കിയ പന്നീര്‍ ശെല്‍വത്തിനും പളനിസ്വാമിക്കും തെരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയായി. മൂന്നുമാസത്തിനകം തമിഴ്നാട് സര്‍ക്കാര്‍ നിലംപതിക്കുമെന്നും ജയലളിതയുടെ യഥാര്‍ഥ പിന്‍ഗാമി താനാണെന്നും വിജയപ്രഖ്യാപനത്തിനുശേഷം ദിനകരന്‍ പറഞ്ഞു. എഐഎഡിഎംകെയിലെ നാല്‍പ്പതോളം എംഎല്‍എമാര്‍ ദിനകരനുമായി കൂടിക്കാഴ്ചക്ക് സമയം ചോദിച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്്.
 പ്രഷര്‍ കുക്കര്‍ ചിഹ്നത്തിലാണ് ദിനകരന്‍ മത്സരിച്ചത്്.   ടുജി അഴിമതിക്കേസില്‍ പ്രതികളായ ഡിഎംകെ നേതാക്കളെ കുറ്റവിമുക്തരാക്കിയ കോടതിവിധി  തെരഞ്ഞെടുപ്പു ഫലത്തെ ബാധിച്ചില്ല. എന്നാല്‍, വോട്ടെടുപ്പ ്ദിവസം ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ ദിനകരപക്ഷം പുറത്തുവിട്ടത് വോട്ടര്‍മാരെ വൈകാരികമായി സ്വാധീനിച്ചതായാണ് കരുതുന്നത്. 

ഏപ്രിലില്‍ ആര്‍കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ എഐഎഡിഎംകെ (അമ്മ) സ്ഥാനാര്‍ഥിയായി ദിനകരന്‍ മത്സരരംഗത്തുണ്ടായിരുന്നു. എന്നാല്‍, ദിനകരന്‍ വ്യാപകമായി പണമൊഴുക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കി. 89 കോടി രൂപ ദിനകരന്‍പക്ഷ നേതാവായിരുന്ന അന്നത്തെ ആരോഗ്യമന്ത്രി സി വിജയഭാസ്കറിന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തിരുന്നു. തുടര്‍ന്നാണ് ഡിസംബറില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍, ഇതിനിടെ, പാര്‍ടിയില്‍ എതിര്‍ചേരിയില്‍ നിന്ന ഒപിഎസ്, ഇപിഎസ് വിഭാഗങ്ങള്‍ ഒന്നായി. ജനറല്‍ സെക്രട്ടറിയായിരുന്ന ശശികലയെയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ദിനകരനെയും പാര്‍ടിയില്‍നിന്ന് പുറത്താക്കി. അതോടെയാണ്, സ്വതന്ത്രനായി ദിനകരന്‍ ഉപതെരഞ്ഞെടുപ്പ് നേരിട്ടത്. പാര്‍ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് രണ്ടില ചിഹ്നത്തിന്റെ അവകാശത്തെചൊല്ലിയുള്ള കേസില്‍ തെരഞ്ഞെടുപ്പ് കമീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ദിനകരനെതിരെ കേസ് നിലവിലുണ്ട്.

പ്രധാന വാർത്തകൾ
Top