19 November Monday

ദേശേർ കഥ വീണ്ടും വായനക്കാരിലെത്തി

സ്വന്തം ലേഖകൻUpdated: Friday Oct 12, 2018


ന്യൂഡൽഹി
ബിജെപി സർക്കാർ  സമ്മർദ്ദത്താൽ രജിസ‌്ട്രേഷൻ റദ്ദാക്കിയതിനെ തുടർന്ന‌് അച്ചടി നിർത്തേണ്ടിവന്ന ത്രിപുരയിലെ ഇടതുപക്ഷ പുരോഗമന ദിനപത്രമായ ദേശേർ കഥ ഒമ്പതുദിവസത്തെ ഇടവേളയ‌്ക്ക‌ുശേഷം വ്യാഴാഴ‌്ച വീണ്ടും വായനക്കാരിലെത്തി. അച്ചടി നിർത്താനുള്ള ബിജെപി നിർദേശം സ‌്റ്റേ ചെയ‌്ത ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ‌് സഹിതമുള്ള വാർത്തയോടെയാണ‌് വ്യാഴാഴ‌്ച പത്രം പ്രസിദ്ധീകരിച്ചത‌്.

കലക്ടറുടെ നിർദേശപ്രകാരം ആർഎൻഐ പുതുക്കിയ രജിസ‌്ട്രേഷൻ പിൻവലിച്ചതിനെ തുടർന്നാണ‌് ഒക്ടോബർ രണ്ട‌് മുതൽ ദേശേർ കഥ അച്ചടി നിർത്തേണ്ടി വന്നത‌്. നടപടിക്കെതിരെ ത്രിപുര ഹൈക്കോടതിയെ സമീപിച്ച‌് സ‌്റ്റേ ഉത്തരവ‌് സമ്പാദിക്കുകയായിരുന്നു. അച്ചടി പുനരാരംഭിച്ചെങ്കിലും ദേശേർ കഥയ‌്ക്ക‌് സർക്കാർ പരസ്യങ്ങൾ നൽകുന്നതിലുള്ള വിലക്ക‌് തുടരുകയാണ‌്. പരസ്യങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട‌് കോടതി ഉത്തരവിന്റെ പകർപ്പടക്കം ദേശേർ കഥ സർക്കാരിന‌് കത്ത‌് നൽകി.


പ്രധാന വാർത്തകൾ
Top