20 October Saturday

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍

സ്വന്തം ലേഖകന്‍Updated: Wednesday Jan 3, 2018

ന്യൂഡല്‍ഹി > മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് സര്‍ക്കാര്‍ ബുധനാഴ്ചത്തേക്ക് മാറ്റി. ചൊവ്വാഴ്ച സഭയുടെ നടപടിക്രമങ്ങളില്‍ ബില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പ്രതിപക്ഷ പാര്‍ടികളുമായി സര്‍ക്കാരിന് ചര്‍ച്ച നടത്തേണ്ടിയിരുന്നതിനാല്‍ പരിഗണിക്കാതെ മാറ്റി. അതിനിടെ പ്രതിപക്ഷ പാര്‍ടി നേതാക്കള്‍ രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിനെ കണ്ട് ബില്‍ സൂക്ഷ്മപരിശോധനയ്ക്കായി സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടു.

ഇടതുപക്ഷ പാര്‍ടികള്‍, കോണ്‍ഗ്രസ്, ഡിഎംകെ, എസ്പി, ബിജെഡി, എഐഎഡിഎംകെ എന്നീ പാര്‍ടികളുടെ നേതാക്കളാണ് നായിഡുവിനെ കണ്ട് ബില്‍ സെലക്ട‌‌‌‌‌് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. ബുധനാഴ്ച സഭയിലും ഈ കക്ഷികള്‍ നിലപാടില്‍ ഉറച്ചുനിന്നാല്‍ ബില്ലുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടാകും. ബില്ലിലെ വ്യവസ്ഥകളെ എതിര്‍ക്കരുതെന്ന അഭ്യര്‍ഥന കോണ്‍ഗ്രസിന് മുമ്പാകെ വച്ചിട്ടുണ്ടെന്ന് പാര്‍ലമെന്ററി മന്ത്രി അനന്ത്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോക്സഭയില്‍ കോണ്‍ഗ്രസ് ഭേദഗതികള്‍ മുന്നോട്ടുവച്ചിരുന്നെങ്കിലും വോട്ടെടുപ്പ് ആവശ്യപ്പെട്ടിരുന്നില്ല.

മറ്റ് പ്രതിപക്ഷ പാര്‍ടികളുമായും ചര്‍ച്ച നടത്തുന്നുണ്ട്. ബില്‍ മാറ്റങ്ങളൊന്നും കൂടാതെ പാസാക്കാനാകുമെന്നാണ് പ്രതീക്ഷ- അനന്ത്കുമാര്‍ പറഞ്ഞു. ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് അഴകൊഴമ്പന്‍ നിലപാടാണെന്ന് ന്യൂനപക്ഷ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. അവര്‍ ഒരുചുവട് മുന്നോട്ടുവയ്ക്കുമ്പോള്‍ 10 ചുവട് പിന്നോക്കം പോകും. മുത്തലാഖിന്റെ കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് അവര്‍ക്ക് യാതൊരു വ്യക്തതയുമില്ല. ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ച അവര്‍ രാജ്യസഭയില്‍ വ്യത്യസ്ത നിലപാടിലാണ്- നഖ്വി പറഞ്ഞു.

പ്രതിപക്ഷ പാര്‍ടി നേതാക്കള്‍ ചൊവ്വാഴ്ച യോഗം ചേര്‍ന്ന ശേഷമാണ് രാജ്യസഭാധ്യക്ഷനെ കണ്ട് നിലപാട് അറിയിച്ചത്. കോണ്‍ഗ്രസും ഈ സംഘത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ ബുധനാഴ്ച സഭയില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുക ബുദ്ധിമുട്ടാകും.രാജ്യസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ബില്‍ സെലക്ട് കമ്മിറ്റിക്ക് പോകുന്നതിനാകും സാഹചര്യമൊരുങ്ങുക.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top