17 July Tuesday

നെറ്റ് ന്യൂട്രാലിറ്റി: ടെലികോം കമീഷൻ അംഗീകാരം നൽകി

പി ആർ ചന്തുകിരൺUpdated: Thursday Jul 12, 2018

ന്യൂഡൽഹി > ഇന്റർനെറ്റ് സേവനം സ്വതന്ത്രവും തുല്യവുമാകണമെന്ന കാഴ്‌ചപ്പാടോടെ ഇന്റർനെറ്റ് സമത്വ (നെറ്റ് ന്യൂട്രാലിറ്റി) ചട്ടങ്ങൾക്ക് ടെലികോം കമീഷൻ അംഗീകാരം നൽകി. ഇന്റർനെറ്റ് ലഭ്യമാക്കുന്നതിൽ വിവേചനമോ തടസ്സമോ ഇടപെടലോ സേവനദാതാക്കളുടെ ഭാഗത്തുനിന്നുണ്ടാകരുത്. ചില ഉള്ളടക്കങ്ങൾ  തടയുക, തരംതാഴ്‌‌ത്തുക, ചില സേവനങ്ങൾക്ക് വേഗം കുറയ്‌‌‌ക്കുകയോ കൂട്ടുകയോ ചെയ്യുക തുടങ്ങിയവയ്ക്കെതിരായ ചട്ടങ്ങൾക്കാണ് അംഗീകാരം നൽകിയത്. ഡോക്‌ടർമാരുടെ നേരിട്ടുള്ള സാന്നിധ്യത്തിലല്ലാത്ത റിമോട്ട് സർജറി, സ്വയംനിയന്ത്രിത വാഹനങ്ങൾ എന്നിവയെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സേവനദാതാക്കൾ വിവേചനം കാട്ടുന്നത് തടഞ്ഞ് ഇന്റർനെറ്റ് സമത്വം ഉറപ്പാക്കണമെന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ ശുപാർശ പരിഗണിച്ചാണ് ചട്ടങ്ങൾക്ക് അംഗീകാരം നൽകിയത്. ഇന്റർനെറ്റ് സേവനങ്ങളിൽ നിയന്ത്രണം നേടാനുള്ള ടെലികോം കമ്പനികളുടെ നീക്കങ്ങൾക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നതിനെത്തുടർന്നായിരുന്നു നടപടി.

സേവനങ്ങൾ ലഭ്യമാക്കുന്നതിൽ വിവേചനം കാട്ടുന്നില്ലെന്നും അതിനുള്ള പ്രോട്ടോകോളോ ഉപകരണങ്ങളോ ഉപയോഗിക്കുന്നില്ലെന്നും ഉറപ്പാക്കണമെന്ന് ട്രായ് നിർദേശിച്ചിരുന്നു. ട്രായ് ശുപാർശകൾ പരിഗണിച്ചാണ് ചട്ടങ്ങൾക്ക് അംഗീകാരം നൽകിയതെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ പറഞ്ഞു. പുതിയ ടെലികോം നയം, നാഷണൽ ഡിജിറ്റൽ കമ്യൂണിക്കേഷൻ പോളിസിക്കും ടെലികോം കമീഷൻ അംഗീകാരം നൽകി. ഇനി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരംകൂടി വേണമെന്ന് അവർ പറഞ്ഞു.

ഇന്റർനെറ്റ് സമത്വം അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പാണ് ഉണ്ടായത്. ലോകവ്യാപകമായി വിഷയത്തിൽ ചർച്ചകളും പ്രതിഷേധങ്ങളും നടന്നിരുന്നു. തുടർന്ന് രാജ്യത്ത്, ടെലികോം കമ്പനികൾ ഡാറ്റ സേവനങ്ങൾക്ക് വ്യത്യസ്‌ത നിരക്ക് ഈടാക്കുന്നത് 2016 ഫെബ്രുവരിയിൽ ട്രായ് വിലക്കി. ഫെയ‌്സ്ബുക്, എയർടെൽ തുടങ്ങിയ കമ്പനികളുടെ അത്തരം നീക്കങ്ങളെ പ്രതിരോധിച്ചുകൊണ്ടാണ് വിലക്കേർപ്പെടുത്തിയത്. 2017 ജനുവരിയിൽ വിഷയത്തിൽ ട്രായ് പൊതുജനങ്ങളിൽ നിന്നടക്കം പ്രതികരണം തേടി. തുടർന്ന് മുംബൈ, ബംഗലൂളൂരു, ഡൽഹി എന്നിവിടങ്ങളിൽ വിശദമായ ചർച്ചയും സംഘടിപ്പിച്ചു. ദീർഘവും വിശദവുമായ വിശകലനങ്ങൾക്കുശേഷം ട്രായ് ശുപാർശകൾ പ്രസിദ്ധീകരിച്ചിരുന്നു.
 

പ്രധാന വാർത്തകൾ
Top