21 November Wednesday

വെല്ലുവിളിച്ച് ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്തു; ട്രായ് ചെയര്‍മാന്റെ സകലവിവരങ്ങളും ഹാക്കര്‍മാര്‍ പരസ്യമാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018

ന്യൂഡല്‍ഹി > സ്വന്തം ആധാർ നമ്പർ പരസ്യപ്പെടുത്തി ആധാർ എങ്ങനെയാണ്‌ സ്വകാര്യതക്ക്‌ ഭീഷണിയാകുന്നതെന്ന്‌ തെളിയിക്കാൻ വെല്ലുവിളിച്ച ടെലികോം അതോറിറ്റി ഓഫ്‌ ഇന്ത്യ (ട്രായ്) ചെയര്‍മാൻ ആര്‍ എസ് ശര്‍മ്മയുടെ ബാങ്ക് വിവരങ്ങളും വാട്‌സ്‌ ആപ്പ്‌ പ്രൊഫൈൽ പിക്‌ചറുമടക്കം ചോർത്തി നൽകി ഹാക്കര്‍മാരുടെ മറുപടി. എലിയട്ട് ആല്‍ഡേഴ്‌സണ്‍ എന്ന ട്വിറ്റര്‍ ഹാൻഡിലാണ്‌  വിവരങ്ങൾ ചോർത്തി ട്രായ്‌ ചെയർമാന്‌ ചുട്ട മറുപടി നൽകിയത്‌. 

ഇന്നലെയാണ് ആര്‍ എസ് ശര്‍മ്മ തന്റെ ആധാര്‍ നമ്പര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ‘‘എന്റെ ആധാര്‍ നമ്പര്‍ 7621 7768 2740 ആണ്‌. ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു: എനിക്ക്‌ ദോഷം വരുന്ന എന്തെങ്കിലും ഇതുകൊണ്ട്‌ ചെയ്യാനാകുമെന്ന്‌ ഉദാഹരണ സഹിതം തെളിയിക്കൂ...’’ ‐ ആർ എസ്‌ ശർമ്മ ട്വിറ്ററിൽ കുറിച്ചു. ആധാർ നമ്പർ പരസ്യപ്പെടുത്തിയാൽ ഒന്നും സംഭവിക്കില്ലെന്ന്‌ ആർ എസ്‌ ശർമ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്‌തുള്ള ഒരു ട്വീറ്റിന്‌ മറുപടിയായാണ്‌ ആർ എസ്‌ ശർമ ഈ വെല്ലുവിളി നടത്തിയത്‌. 

 


എന്നാല്‍ ശര്‍മ്മയുടെ ബാങ്ക് വിവരങ്ങളും, പാന്‍ കാര്‍ഡ് നമ്പറും, ഫോണ്‍ നമ്പറുമടക്കം ഹാക്ക് ചെയതാണ് ഹാക്കര്‍മാര്‍ ഇതിന് മറുപടി നല്‍കിയത്. ആർ എസ്‌ ശർമയുടെ മേൽവിലാസം, ജനനത്തീയതി, മറ്റൊരു ഫോൺ നമ്പർ എന്നീ വിവരങ്ങൾ കൂടി ചോർത്തിയശേഷം എലിയട്ട്‌ ആൻഡേഴ്‌സൺ ട്വിറ്ററിൽ കുറിച്ചു: ‘‘ഞാൻ ഇത്‌ ഇവിടെ നിർത്തുന്നു, ആധാർ നമ്പർ പരസ്യപ്പെടുത്തുന്നത്‌ ഒരു നല്ല ആശയമായിരിക്കില്ല എന്ന്‌ താങ്കൾക്ക്‌ മനസ്സിലായിട്ടുണ്ടാകുമെന്ന്‌ കരുതുന്നു.’’

 

ഡിജിറ്റൽ വിവരങ്ങൾ ചോർത്താൻ അടച്ചുറപ്പ്‌ ഒരു തടസ്സമല്ലെന്നിരിക്കേ 13 അടി കനമുള്ള ഭിത്തികൾക്കുള്ളിലാണ്‌ ആധാർ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്ന കേന്ദ്ര സർക്കാരിന്റെ വാദം പരിഹാസം ക്ഷണിച്ചു വരുത്തിയിരുന്നു. ട്രായ്‌ ചെയർമാന്റെ വ്യക്തിവിവരങ്ങൾ ഹാക്കർമാർ ചോർത്തി നൽകിയ സംഭവം ആധാർ വിവരങ്ങളുടെ സുരക്ഷയെക്കുറിച്ച്‌ കൂടുതൽ ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top