21 October Sunday

പരാജയപ്പെടില്ല, ഈ പോരാട്ടം

വെബ് ഡെസ്‌ക്‌Updated: Friday Nov 10, 2017

ന്യൂഡല്‍ഹി > 'ഈ തെരുവില്‍ അണിനിരന്നാണ് നിരവധി കമ്പനികള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ ഞങ്ങള്‍ ചെറുത്തു തോല്‍പ്പിച്ചത്, ഈ പോരാട്ടവും പരാജയപ്പെടാനുള്ളതല്ല' സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്നിന്റെ ആഹ്വാനം കരഘോഷത്തോടെ മുദ്രാവാക്യമുയര്‍ത്തിയുമാണ് പാര്‍ലമെന്റ് സ്ട്രീറ്റില്‍ അണിനിരന്നവര്‍ ഏറ്റെടുത്തത്.

പഞ്ചാബില്‍നിന്നെത്തിയ ജോഗീന്ദര്‍ സിങ്ങിന് പുലര്‍ച്ചെ നാലുമുതല്‍ രാത്രി എട്ടുവരെ നീളുന്ന ജോലിക്ക് 200 രൂപയാണ് കൂലി. കുറഞ്ഞ വേതനം 18,000 രൂപയാക്കണമെന്ന ആവശ്യം തപന്‍സെന്‍ ഉയര്‍ത്തുമ്പോള്‍ ജോഗീന്ദര്‍ സിങ്ങിന്റെ കണ്ണുകളില്‍ പ്രതീക്ഷയുടെ നിറവ്. കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന മഹാധര്‍ണയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍നിന്ന് എത്തിയവര്‍ക്ക് പറയാനുള്ളത് കടുത്ത ചൂഷണത്തിന്റെ കഥകള്‍.

ലുധിയാനയില്‍നിന്നാണ് ജോഗീന്ദര്‍ സിങ്ങും മാല്‍കീറ്റ് സിങ്ങും മഹാധര്‍ണയ്‌ക്കെത്തിയത്. മണ്‍കട്ട ഉണ്ടാക്കുന്ന ചൂളയില്‍ ദിവസം 16 മണിക്കൂര്‍ ജോലിചെയ്യുന്ന ഇരുവര്‍ക്കും 200 രൂപയ്ക്ക് താഴെയാണ് വേതനം. രണ്ടുമാസംമാത്രമാണ് ജോലിയുള്ളത്. ബാക്കി മാസങ്ങളില്‍ മറ്റ് തൊഴിലുകള്‍തേടി അലയുകയാണ്. ജോലിയില്ലാത്തതിനൊപ്പം സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നതോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പെടാപ്പാടുപെടുകയാണെന്ന് ഇരുവരും പറഞ്ഞു. തമിഴ്‌നാട്ടിലെ മധുരയില്‍നിന്നെത്തിയ അനസൂയ കല്ല് ചുമക്കുന്ന തൊഴിലാളിയാണ്. പത്തുമണിക്കൂറിലേറെ കല്ല് ചുമക്കുന്നതിന് 250 രൂപയാണ് കൂലി. പുറംവേദനയും ശാരീരിക അവശതകളും കാരണം മാസത്തില്‍ പത്ത് ദിവസത്തിലേറെ പണി മുടങ്ങും. കുട്ടികള്‍ക്ക് യൂണിഫോം വാങ്ങാന്‍പോലും കിട്ടുന്ന പണം തികയില്ലെന്ന് അനസൂയ പറയുന്നു.

പഞ്ചാബിലെ ബര്‍വാലയില്‍നിന്ന് എത്തിയ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദിവസം കിട്ടുന്നത് 233 രൂപയാണ്. അതും സമയത്ത് കിട്ടാറില്ല. നൂറ് ദിവസം തൊഴില്‍ നല്‍കണമെന്നാണ് നിയമമെങ്കിലും 1015 ദിവസംമാത്രമാണ് ജോലി ലഭിക്കുന്നത്. റേഷന്‍ ലഭിക്കാറില്ലെന്നും ഗോതമ്പും എണ്ണയും കിട്ടാറില്ലെന്നും അവര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പാചകവാതക വിലകൂടി വര്‍ധിപ്പിച്ചതോടെ ജീവിതം ദുഃസഹമായി. വര്‍ഷംമുഴുവന്‍ ജോലി ഉറപ്പാക്കണമെന്നും കുറഞ്ഞ ദിവസക്കൂലി 600 രൂപ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഏഴാം ശമ്പള കമീഷന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നതാണ് ബിഎസ്എല്‍എല്‍ ജീവനക്കാരനായ സുരേഷ് ചന്ദ്ര ഗുജ്ജാര്‍ ആവശ്യപ്പെടുന്നത്. 8000 രൂപ മാസശമ്പളത്തില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാതെ നിരവധി ബിഎസ്എല്‍എല്‍ ജീവനക്കാരും കുടുംബങ്ങളും ദുരിതത്തിലാണ്. പാനിപ്പട്ട് മുനിസിപ്പാലിറ്റി  ജീവനക്കാരായ സുരേഷ് കുമാര്‍, ജോഗീന്ദര്‍, അജയ്, സഭയ് കര്‍മചാരി എന്നിവര്‍ അപകടകരമായ സാഹചര്യത്തില്‍ ജോലിചെയ്യുന്നവരാണ്. ആരോഗ്യ ക്ഷേമപദ്ധതികളോ സുരക്ഷാ ഉപകരണങ്ങളോ ഇവര്‍ക്കില്ല. കുറഞ്ഞകൂലി 18,000 ആക്കണമെന്ന മഹാധര്‍ണയിലെ മുദ്രാവാക്യം നെഞ്ചുറപ്പോടെ ഏറ്റുവിളിക്കുകയാണ് അവര്‍.


 

പ്രധാന വാർത്തകൾ
Top