10 December Monday

കര്‍ഷകരുടെ ലോങ് മാര്‍ച്ച് : സമരത്തിന്റെ തീ തുഞ്ചത്ത് ഈ നാലുപേര്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 12, 2018

ഡോ. അശോക്‌ ധാവ്ളെ, ജെ പി ഗാവിത്, അജിത്‌ നവാലെ, കിസാന്‍ ഗുജാര്‍

മുംബൈ> മഹാരാഷ്ട്രയില്‍ പുതുചരിത്രമെഴുതിയ കര്‍ഷകപ്രക്ഷോഭത്തിന്റെ തീ തുമ്പത്ത് നാല് നേതാക്കള്‍. സംസ്ഥാനത്തെ കര്‍ഷക ആദിവാസി പ്രസ്ഥാനത്തിന്റെ കരുത്തരായ ഈ നേതാക്കളാണ് 200 കിലോമീറ്റര്‍ നടന്നെത്തി നഗരം വളഞ്ഞു വിജയം നേടി മടങ്ങിയ കര്‍ഷക പോരാളികള്‍ക്ക് നേതൃത്വം നല്‍കിയത്.

ഓള്‍ ഇന്ത്യാ കിസാന്‍ സഭ (എഐകെഎസ് )യുടെയും സിപിഐ എമ്മിന്റെയും നേതാക്കളായ അവരെ പരിചയപ്പെടുത്തി ഇംഗ്ലീഷ് വാര്‍ത്താ പോര്‍ട്ടലായ www.newsclick.in പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ നിന്ന്

ഡോ. അശോക്‌ ധാവ്ളെ

മെഡിക്കല്‍ ഡോക്ടറായ അശോക്‌ ധാവ്ളെ കിസാന്‍സഭയുടെ അഖിലേന്ത്യാ അധ്യക്ഷനാണ്. എസ്എഫ്ഐയിലൂടെ 1978ലാണ് ധാവ്ളെ പൊതുരംഗത്തെത്തുന്നത്. ബോംബെ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് 1980മുതല്‍ 88വരെ എസ്എഫ്ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയായി. അഖിലേന്ത്യാ വൈസ്‌പ്രസിഡന്റുമായിരുന്നു. 1988 93 കാലയളവില്‍ ഡിവൈഎഫ്ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് രണ്ടുവര്‍ഷം സംസ്ഥാന പ്രസിഡന്റ്. 1993ല്‍ കിസാന്‍സഭയില്‍ അംഗമായി. 2001ല്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും 2003ല്‍ അഖിലേന്ത്യാ സെക്രട്ടറിയുമായി. 1978ല്‍ സിപിഐ എം അംഗമായ ധാവ്ളെ 2015മുതല്‍ പാര്‍ടി കേന്ദ്ര സെക്രട്ടറിയറ്റംഗമാണ്. 2005മുതല്‍ 2015വരെ സിപിഐ എം മഹാരാഷ്ട്ര സെക്രട്ടറിയായിരുന്നു.ഗോദാവരി പരുലേക്കരുടെ മരണ ശേഷം മഹാരാഷ്ട്രയില്‍ തളര്‍ന്നുപോയ കര്‍ഷക പ്രസ്ഥാനത്തെ ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ചു പുനരുജ്ജീവിപ്പിച്ചതില്‍ വലിയ പങ്ക് അദ്ദേഹത്തിനുണ്ട്.

അശോക് ധാവ്ളെയെ കിസാന്‍സഭയില്‍ സജീവമാകാന്‍ പ്രേരിപ്പിച്ചത് ഗോദാവരി പരുലേക്കറാണ്. കൃഷ്ണ ഖോപ്കര്‍ എല്‍ ബി ധാങ്കര്‍ തുടങ്ങിയ നേതാക്കളും പ്രേരണയായി. ഭാര്യ മറിയം ധാവ്ളെ സിപിഐ എം നേതാവും മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമാണ്.

ജീവ പണ്ഡു ഗാവിത്

മഹാരാഷ്ട്രയിലെ പ്രമുഖ ആദിവാസി നേതാവായ ജെ പി ഗാവിത് ഏഴുതവണ എം എല്‍ എ ആയി. ആറുതവണ ജയിച്ചത് നാസിക്കിലെ സുര്‍ഗാനില്‍ നിന്നാണ് . ഇക്കുറി കല്‌വാനില്‍ നിന്ന് വിജയിച്ചു. ഗോദാവരി പരുലേക്കറും നാനെ മലുസരെയും നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ്‌ സിപി ഐ എമ്മിലെത്തിയത്. 1972 ലെ വരള്‍ച്ചക്കാലത്ത് ഗ്രാമീണര്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം നേടിക്കൊടുക്കാനുള്ള പോരാട്ടത്തില്‍ സജീവമായി. ഇപ്പോഴും ആദിവാസി പോരാട്ടങ്ങളില്‍ മുന്നില്‍. വനാവകാശനിയമ പ്രകാരം സര്‍ക്കാരില്‍ നിന്ന് ആദിവാസികള്‍ക്ക് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതില്‍ മുന്‍നിന്ന് പ്രവര്‍ത്തിക്കുന്നു. വനാവകാശ നിയമം ശരിയായി നടപ്പാക്കുക എന്ന ആവശ്യം കൂടി മുന്‍നിര്‍ത്തിയായിരുന്നു ലോങ് മാര്‍ച്ച്. അതുകൊണ്ടുതന്നെ സമരത്തില്‍ ആദിവാസികളെ അനിനിരത്തുന്നതില്‍ ഗാവിത് മുഖ്യ പങ്ക് വഹിച്ചു. നാല്‍പ്പത് വര്‍ഷമായി ഗാവിത് പ്രവര്‍ത്തിക്കുന്ന മേഖലയില്‍ നിന്നായിരുന്നു സമരത്തില്‍ പങ്കെടുത്ത ആദിവാസികള്‍ അധികം പേരും.

ആയിരക്കണക്കിന് ആദിവാസി കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കാനും ഗാവിത് സജീവമായി പ്രവര്‍ത്തിക്കുന്നു. നാസിക് ജില്ലയില്‍ സ്വന്തം ഗ്രാമമായ അലന്‍ഗുനില്‍ ഒരു വിദ്യാഭ്യാസ സമുച്ചയം തന്നെ നിര്‍മ്മിച്ചിരിക്കുന്നു. ജില്ലയില്‍ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ആദര്‍ശ് സമതാ ശിക്ഷന്‍ പ്രസരാക് മണ്ഡല്‍ എന്ന സ്ഥാപനത്തിനും നേതൃത്വം നല്‍കുന്നു.

ഗാവിതും സിപിഐഎം പ്രവര്‍ത്തകരും ചേര്‍ന്ന് നടപ്പാക്കിയ 'റേഷന്‍ വീട്ടുപടിക്കല്‍' എന്നപദ്ധതി പൊതുവിതരണ രംഗത്തെ അഴിമതി കുറയ്ക്കാന്‍ വലിയൊരളവുവരെ സഹായിക്കുന്നു.

അജിത്‌ നവാലെ

കിസാന്‍ സഭ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയായ അജിത്‌ നവാലെ ആയുര്‍വേദ ഡോക്ടറാണ്.അഹമ്മദ് നഗര്‍ ജില്ലയില്‍ കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ വലിയപങ്ക് വഹിച്ചു.

1945 ല്‍
മഹാരാഷ്ടയില്‍ ആദ്യമായി കിസാന്‍സഭ രൂപീകരിച്ചപ്പോള്‍ ആദ്യത്തെ പ്രസിഡണ്ടായ ഭുവ നവാലെ അജിത്‌ നവാലെയുടെ മുത്തച്ഛനായിരുന്നു. എങ്കിലും അജിത്‌ നവാലെ പ്രസ്ഥാനത്തില്‍ വന്നിരുന്നില്ല. ഡോ. അശോക്‌ ധാവ്ളെയ്ക്കൊപ്പം യാദൃശ്ചികമായി നടത്തിയ ഒരു തീവണ്ടിയാത്രയാണ് അജിത്‌ നവാലെയെ പ്രസ്ഥാനത്തോട് അടുപ്പിച്ചത്. ആദിവാസികളെ സംഘടിപ്പിയ്ക്കാന്‍ മുമ്പില്‍ നിന്ന് പ്രവര്‍ത്തിച്ച അദ്ദേഹം അകോല്‍ മേഖലയില്‍ ജനപ്രിയ നേതാവായി.

കഴിഞ്ഞ വര്‍ഷത്തെ കര്‍ഷക പ്രക്ഷോഭത്തില്‍ സജീവ നേതൃത്വം നല്‍കിയ അജിത്‌ നവാലെ കര്‍ഷകരെ പറഞ്ഞുപറ്റിയ്ക്കുന്ന മുഖ്യമന്ത്രിയുടെ കള്ളത്തരം തുറന്നുകാട്ടുന്നതില്‍ വലിയ പങ്ക് വഹിച്ചു.

കിസാന്‍ ഗുജാര്‍

നിശബ്ദ പോരാളിയായി അറിയപ്പെടുന്ന കിസാന്‍ ഗുജാര്‍ കിസാന്‍ സഭ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റാണ്. സ്വയം കര്‍ഷകനായ അദ്ദേഹം കര്‍ഷക പ്രക്ഷോഭത്തിന്റെ ഊടും പാവും നെയ്യുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. കര്‍ഷകരെ ഇപ്പോഴത്തെ സമരത്തില്‍ അണിനിരത്താനും രാപകലില്ലാതെ പ്രവര്‍ത്തിച്ചു. കിസാന്‍ സഭയില്‍ സജീവമാകും മുമ്പ് സിഐ ടിയുവിലും ഗുജാര്‍ പ്രവര്‍ത്തിച്ചിരുന്നു .

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top