22 October Monday

സൈനിക ക്യാമ്പ് ആക്രമണം; കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി > ഭീകരാക്രമണങ്ങളില്‍ സൈനികര്‍ കൊല്ലപ്പെടുന്നത് തുടരുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തം. ചാവേര്‍ ആക്രമണം ഉണ്ടാകുമെന്ന രഹസ്യാന്വേഷണവിവരം ലഭിച്ചിട്ടും ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഞായറാഴ്ച അഞ്ച് സൈനികരുടെ മരണത്തിനിടയാക്കിയ ആക്രമണം തടയാനായില്ല. കശ്മീര്‍ താഴ്വരയിലെ ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്ന് പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികന്റെ കുടുംബം ആവശ്യപ്പെട്ടു. ഇതിനിടെ, ലെത്പോരയില്‍ സിആര്‍പിഎഫിന്റെ 185-ാം ബറ്റാലിയനുനേരെയുണ്ടായ ആക്രമണത്തില്‍ ഉള്‍പ്പെട്ട മൂന്നാമത്തെ ഭീകരന്റെ മൃതദേഹം തിങ്കളാഴ്ച കണ്ടെടുത്തു. സൈനികനടപടി അവസാനിപ്പിച്ചതായി ഡിജിപി എസ് പി വൈദ് പറഞ്ഞു.

സിആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ കുല്‍ദീപ് റോയ്, ഹെഡ് കോണ്‍സ്റ്റബിള്‍ തുഫൈല്‍ അഹമ്മദ്, കോണ്‍സ്റ്റബിള്‍മാരായ ഷറഫുദ്ദീന്‍ ഗനായ്, രാജേന്ദര്‍ ജയിന്‍, പ്രതിപ് കുമാര്‍ പാണ്ഡ എന്നീ സൈനികരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഹിമാചല്‍പ്രദേശ് സ്വദേശിയായ ഇന്‍സ്പെക്ടര്‍ കുല്‍ദീപ് റോയിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

കശ്മീര്‍ പൊലീസ് സേനാംഗത്തിന്റെ മകന്‍ പതിനാറുകാരനായ ഫര്‍ദീന്‍ ഖണ്ഡേയ് ഉള്‍പ്പെടെ മൂന്നു ഭീകരരെയാണ് സൈന്യം വധിച്ചത്. താന്‍ ജിഹാദിന് പോകുകയാണെന്നും കൂടുതല്‍ യുവാക്കള്‍ ജയ്ഷ്-ഇ-മുഹമ്മദിന്റെ ഭാഗമാകണമെന്നും ഫര്‍ദീന്‍ ആഹ്വാനംചെയ്യുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഭീകരാക്രമണങ്ങള്‍ അവസാനമില്ലാതെ തുടരുന്നതിനാല്‍ സൈനികര്‍ നിരന്തരം കൊല്ലപ്പെടുകയാണെന്നും ഇതിന് അറുതി വരുത്താന്‍ നടപടി വേണമെന്നും ഞായറാഴ്ച കൊല്ലപ്പെട്ട ഹെഡ് കോണ്‍സ്റ്റബിള്‍ തുഫൈല്‍ അഹമ്മദിന്റെ മകന്‍ അനീസ് ആവശ്യപ്പെട്ടു. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ്സിങ് പറഞ്ഞു. സമാധാനശ്രമത്തിന്റെ ഭാഗമായി ഇന്ത്യയും പാകിസ്ഥാനുംതമ്മിലുള്ള ക്രിക്കറ്റ് മത്സരം നടത്താന്‍ കഴിയുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന് വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് പറഞ്ഞു. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണ്. ഇരു രാജ്യങ്ങളിലും തടവിലുള്ള 70 വയസ്സിനുമുകളില്‍ പ്രായമുള്ളവരെയും സ്ത്രീകളെയും സ്വതന്ത്രമാക്കണമെന്ന നിര്‍ദേശം പാകിസ്ഥാനുമായി ചര്‍ച്ച ചെയ്തെന്നും മന്ത്രി പറഞ്ഞു.

പ്രധാന വാർത്തകൾ
Top