15 December Saturday

ടിഡിപി കേന്ദ്രമന്ത്രിസഭ വിട്ടു ; എൻഡിഎ ശിഥിലമാകുന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018


ന്യൂഡൽഹി > ഭരണമുന്നണിയായ എൻഡിഎയുടെ ശിഥിലീകരണത്തിന് ആക്കംകൂട്ടി തെലുങ്കുദേശം പാർടി കേന്ദ്രമന്ത്രിസഭ വിട്ടു. ടിഡിപി പ്രതിനിധികളായ സിവിൽ വ്യോമയാനമന്ത്രി അശോക് ഗജപതിരാജുവും ശാസ്ത്ര‐സാങ്കേതിക സഹമന്ത്രി വൈ എസ് ചൗധരിയുമാണ് രാജിവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ടിഡിപി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ ഫോണിൽ വിളിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഒഴിവാക്കാനാകാത്തതാണ് രാജിയെന്ന് പ്രധാനമന്ത്രിക്ക് രാജിക്കത്ത് നൽകുംമുമ്പ് വൈ എസ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.

ആന്ധ്രപ്രദേശ് വിഭജിച്ചതിനു നഷ്ടപരിഹാരമായി സംസ്ഥാനത്തിന് പ്രത്യേക പദവിയും കേന്ദ്രസഹായവും നൽകണമെന്ന ആവശ്യം കേന്ദ്ര സർക്കാർ തള്ളിയതിനെതുടർന്ന് എൻഡിഎയുമായി വഴിപിരിയുകയാണെന്ന് ചന്ദ്രബാബു നായിഡു ബുധനാഴ്ച രാത്രി പ്രഖ്യാപിച്ചിരുന്നു. താൻ 29 പ്രാവശ്യം ഡൽഹിയിലെത്തി പ്രധാനമന്ത്രിയെയും കേന്ദ്ര മന്ത്രിമാരെയും കണ്ടിട്ടും ആന്ധ്രപ്രദേശിന്റെ ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നും നായിഡു പറഞ്ഞു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനു പിന്നാലെ ആന്ധ്രപ്രദേശ് മന്ത്രിസഭയിലെ രണ്ട് ബിജെപി അംഗങ്ങൾ രാജിവച്ചു. അടുത്തഘട്ടം എൻഡിഎ വിടുകയെന്നതാണെന്ന് ടിഡിപി എംപി രവീന്ദ്രബാബു പറഞ്ഞു. ഇക്കാര്യം ചന്ദ്രബാബു നായിഡു ഉചിതമായ സമയത്ത് പ്രഖ്യാപിക്കും. ടിഡിപിക്ക് ലോക്സഭയിൽ പതിനാറും രാജ്യസഭയിൽ നാലും അംഗങ്ങളുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ടിഡിപിയുമായി സഖ്യം സ്ഥാപിക്കാനാണ് ബിജെപി വാഗ്ദാനങ്ങൾ നൽകിയത്. ചന്ദ്രബാബുനായിഡു ബിജെപിബന്ധം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച സാഹചര്യത്തിൽ വൈഎസ്ആർ കോൺഗ്രസുമായി കൂട്ടുകൂടാൻ  ബിജെപി നീക്കം തുടങ്ങി. എന്നാൽ, ആന്ധ്രജനതയെ വഞ്ചിച്ച ബിജെപിയുമായുള്ള സഖ്യം ആത്മഹത്യാപരമാണെന്ന് വൈഎസ്ആർ കോൺഗ്രസ് കരുതുന്നു.

കേന്ദ്രസർക്കാരിനെതിരെ ജനരോഷം ശക്തിപ്രാപിക്കുമ്പോൾ ഭരണമുന്നണിയായ എൻഡിഎ ആഭ്യന്തരസംഘർഷങ്ങളിൽ ഉലയുകയാണ്. ലോക്സഭയിൽ തനിച്ച് ഭൂരിപക്ഷമുള്ളതിനാൽ സർക്കാരിന് തൽക്കാലം ഭീഷണിയില്ലെങ്കിലും ഘടകകക്ഷികൾ വിട്ടുപോകുന്നത് ബിജെപിയുടെ ഭാവികരുനീക്കങ്ങൾക്ക് തിരിച്ചടിയാകും. ടിഡിപി എൻഡിഎ വിടാനൊരുങ്ങുന്നത് വൻതോതിൽ പണമൊഴുക്കി നേടിയ ത്രിപുര തെരഞ്ഞെടുപ്പുവിജയത്തിനിടെ ബിജെപിക്ക് ആഘാതമായി. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിസഖ്യത്തിൽ മത്സരിക്കില്ലെന്ന് ശിവസേന കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. അധികാരം ഉപയോഗിച്ച് ബിജെപി വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് ശിവസേന പിരിയാൻ തീരുമാനിച്ചത്. 

ബിഹാറിൽ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി ആവാം മോർച്ചയും എൻഡിഎ വിട്ടു. പഞ്ചാബിൽ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ, ജമ്മു കശ്മീരിലെ പിഡിപി, മണിപ്പുരിലെ നാഗാ പീപ്പിൾസ് ഫ്രണ്ട് എന്നിവയും ബിജെപിയും തമ്മിലുള്ള ബന്ധം ഉലച്ചിലിലാണ്. ഭാവി സഖ്യകക്ഷികളായി ബിജെപി കരുതിയിരുന്ന ബിജെഡി, തൃണമൂൽ കോൺഗ്രസ് എന്നിവയും അകന്നു. ജമ്മു കശ്മീരിൽ ഭരണപങ്കാളികളായ ബിജെപിയും പിഡിപിയും വിരുദ്ധധ്രുവങ്ങളിലാണ്. നാഗാലാൻഡിൽ ബിജെപി നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പീൾസ് പാർടി (എൻഡിപിപി)യുമായി ചേർന്ന് സർക്കാരുണ്ടാക്കിയത് മണിപ്പുരിലെ സഖ്യകക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ടി(എൻപിഎഫ്)നെ പ്രകോപിപ്പിച്ചിട്ടുണ്ട്. എൻഡിഎയിൽ ഇനി തുടരാൻ കഴിയില്ലെന്ന് എൻപിഎഫ് മണിപ്പുർ അധ്യക്ഷൻ മൗരുങ് മകുങ് പറഞ്ഞു. പെരിയാർപ്രതിമ തകർത്തതോടെ തമിഴ്നാട്ടിലെ പാർടികൾക്കും എൻഡിഎ ബന്ധം ബാധ്യതയാകും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top