16 October Tuesday

എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി: ജഡ‌്ജിമാർക്കിടയിൽ ഭിന്നത; വിധി നീട്ടി

വെബ് ഡെസ്‌ക്‌Updated: Friday Jun 15, 2018


ചെന്നൈ

ടി ടി വി ദിനകരനൊപ്പം നിന്ന  18 എഐഎഡിഎംകെ എംഎൽഎമാരെ അയോഗ്യരാക്കിയ കേസിൽ വിധി പറയുന്നതിൽ ഹൈക്കോടതി ജഡ‌്ജിമാർക്കിടയിൽ അഭിപ്രായഭിന്നത. ഇതോടെ കേസ‌് മൂന്നാമതൊരു ജഡ‌്ജികൂടി കേട്ടശേഷം വിധി പറയാനായി മാറ്റി. എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി  മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജി ശരിവച്ചപ്പോൾ, ജസ്റ്റിസ് എം സുന്ദർ സ്പീക്കറുടെ തീരുമാനത്തിൽ വിയോജിപ്പ‌് രേഖപ്പെടുത്തി. ഇതോടെയാണ‌് മൂന്നംഗബെഞ്ചിന‌് കേസ‌് വിട്ടത‌്.

വിധി വരുന്നത‌ിനുമുമ്പേ  ഉപതെരഞ്ഞെടുപ്പോ വിശ്വാസവോട്ടെടുപ്പോ നടത്തരുതെന്നും  കോടതി നിർദേശിച്ചു. മൂന്നാമത്തെ ജഡ‌്ജി ആരാണെന്ന‌് കോടതി താമസിയാതെ തീരുമാനിക്കും. മൂന്നംഗബെഞ്ച‌് കേസിന്റെ വാദം  കേട്ടശേഷം ഭൂരിപക്ഷ അഭിപ്രായം മുൻനിർത്തിയാകും വിധി പറയുക. ജനുവരിയിലാണ‌് കേസിന്റെ വാദം പൂർത്തിയായത‌്.
വിധിപ്രഖ്യാപനം നീട്ടിവച്ചത‌് എടപ്പാടി പളനിസ്വാമി നേതൃത്വം നൽകുന്ന സർക്കാരിന‌് താൽക്കാലിക ആശ്വാസമായി. 2017, സെപ‌്തംബർ 18ന‌ാണ‌് സ‌്പീക്കർ ധനപാലൻ 18 എംഎൽഎമാരെ അയോഗ്യരാക്കിയത‌്.

പളനിസ്വാമിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റണമെന്ന‌് ആവശ്യപ്പെട്ട് ഇവരടക്കം 19 എംഎൽഎമാർ സ‌്പീക്കറെ കണ്ടിരുന്നു. തുടർന്ന‌്  അണ്ണാ ഡിഎംകെ ചീഫ് വിപ്പ‌് എസ‌് രാജേന്ദ്രൻ സ‌്പീക്കർക്ക‌്  ഇവരെ അയോഗ്യരാക്കണമെന്ന‌് ആവശ്യപ്പെട്ട‌് കത്തുനൽകി. തുടർന്ന‌ാണ‌് സ‌്പീക്കർ 18 പേർക്കെതിരെ നടപടി എടുത്തത‌്. പിന്നാലെ സ‌്പീക്കറുടെ നടപടിയെ ചോദ്യംചെയ‌്ത‌് ഇവർ ഹൈക്കോടതിയെ സമീപിച്ചു 

നിലവിൽ 234 അംഗ സഭയിൽ എഐഎഡിഎംകെക്ക‌് സ‌്പീക്കറക്കം 116 എംഎൽഎമാരാണുള്ളത‌്. 18 പേരെ  അയോഗ്യരാക്കിയ നടപടി കോടതി റദ്ദാക്കിയാൽ എടപ്പാടി സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകും.

പ്രധാന വാർത്തകൾ
Top