24 September Monday

സ്വിസ‌്‌‌ബാങ്കിലെ കള്ളപ്പണം: ന്യായീകരിച്ച‌് കേന്ദ്രമന്ത്രിമാർ

സ്വന്തം ലേഖകൻUpdated: Sunday Jul 1, 2018

ന്യൂഡൽഹി > സ്വിറ്റ്‌‌‌സർലൻഡിൽ ഇന്ത്യക്കാരുടെ നിക്ഷേപം 50 ശതമാനം വർധിച്ചതിനെ ന്യായീകരിച്ച് കേന്ദ്രസർക്കാർ. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും ചുമതല വഹിക്കുന്ന മന്ത്രി പിയൂഷ് ഗോയലുമാണ് കള്ളപ്പണക്കാരെ ന്യായീകരിച്ച് രംഗത്തെത്തിയത്. സ്വിറ്റ്സർലൻഡിലെ എല്ലാ നിക്ഷേപവും കള്ളപ്പണമാണെന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണെന്നാണ് ഇരുവരുടെയും വിശദീകരണം. സ്വിറ്റ്സർലൻഡിലെ ഇന്ത്യക്കാരുടെ നിക്ഷേപം ഇരട്ടിയായെന്ന ഔദ്യോഗിക കണക്ക‌് പുറത്തുവന്നതിനു പിന്നാലെ കള്ളപ്പണത്തിന് എതിരായ സർക്കാർ നടപടികളുടെ പൊള്ളത്തരം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം ശക്തമായ പ്രചാരണം തുടങ്ങിയിരുന്നു.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി തുടങ്ങിയവരും സർക്കർ നടപടികളുടെ പൊള്ളത്തരം തുറന്നുകാട്ടി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വിറ്റ്സർലൻഡിലെ നിക്ഷേപത്തെ ജെയ്റ്റ്ലിയും ഗോയലും ന്യായീകരിച്ചത്. സ്വിറ്റ്സർലൻഡ‌് നികുതിവെട്ടിപ്പുകാരുടെ പറുദീസയാണെന്ന വാദം പഴയതാണെന്നാണ് ജെയ്റ്റ്ലിയുടെ വിശദീകരണം. നിയമം ലംഘിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടാൻ മടികാണിക്കാറില്ലെന്നും നികുതിവെട്ടിക്കുന്നവർക്ക് സ്വിറ്റ്സർലൻഡ‌് സുരക്ഷിതമായ സ്ഥലമല്ലെന്നും ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു.

കള്ളപ്പണം തടയാൻ സർക്കാർ സ്വീകരിച്ച നടപടി ഫലം കണ്ടോയെന്ന സംശയം ചില കോണിൽ ഉയർന്നിട്ടുണ്ട്. എന്നാൽ, ഇത്തരം സംശയങ്ങൾ തെറ്റിദ്ധാരണാജനകമായ പ്രചാരണത്തിൽനിന്നുണ്ടായതാണെന്നും ജെയ്റ്റ്ലി ഔദ്യോഗിക ഫെയ‌്സ്ബുക്ക് പേജിൽ പ്രതികരിച്ചു. സ്വിറ്റ്സർലൻഡിലെ എല്ലാനിക്ഷേപവും കള്ളപ്പണമല്ലെന്ന് ധനവകുപ്പിന്റെ അധിക ചുമതല വഹിക്കുന്ന മന്ത്രി പിയൂഷ് ഗോയൽ പ്രതികരിച്ചിരുന്നു. സ്വിസ് ദേശീയബാങ്ക്  പുറത്തുവിട്ട കണക്കുപ്രകാരം 2017ൽ സ്വിസ്ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം 50 ശതമാനം വർധിച്ച് 7000 കോടി രൂപയായെന്ന വാർത്ത സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. നിക്ഷേപത്തെ അനുകൂലിച്ച് കേന്ദ്രസർക്കാർതന്നെ രംഗത്തെത്തിയ സാഹചര്യത്തിൽ കള്ളപ്പണം നിക്ഷേപിച്ചവർക്കെതിരെ എന്തെങ്കിലും നടപടിയുണ്ടാകുമോയെന്ന സംശയവും ശക്തമാകുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top