21 September Friday

സുഷ്മയെ വേട്ടയാടുന്നവര്‍ മോഡിയുടെ ട്വിറ്റര്‍ അനുയായികള്‍

സ്വന്തം ലേഖകൻUpdated: Wednesday Jun 27, 2018


ന്യൂഡൽഹി

വിദേശകാര്യമന്ത്രി സുഷ്മ സ്വരാജിനെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത സംഘപരിവാർ പ്രവർത്തകരുടെ  ട്വിറ്റർ പിന്തുടരുന്നവരിൽ പ്രധാനമന്ത്രിയും ബിജെപി എംപിമാരും. സുഷ്മയെ അധിക്ഷേപിച്ച് ട്വീറ്റുകൾ പുറപ്പെടുവിച്ച എട്ട് അക്കൗണ്ടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി പിന്തുടരുന്നുണ്ട്്. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 41 ബിജെപി എംപിമാർ സുഷ്മയെ കടുത്തഭാഷയിൽ അവഹേളിച്ചവരെ ട്വിറ്ററിൽ ഒപ്പംകൂ‌ട്ടുന്നവരാണെന്ന് ദേശീയമാധ്യമങ്ങൾ കണ്ടെത്തി. ലഖ്നൗവിൽ മിശ്രവിവാഹിതരായ ദമ്പതികളോട് വർഗീയമായി പെരുമാറിയ പാസ്പോർട്ട് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതിന്റെ പേരിലാണ് മോഡിയുടെ അനുയായികൾ വിദേശകാര്യമന്ത്രിയെ അധിക്ഷേപിക്കുന്നത്.

എന്നാൽ, സംഭവത്തോട് പ്രതികരിക്കാൻ പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിമാരോ ബിജെപിയൊ ഇതുവരെ തയ്യാറായിട്ടില്ല. കേന്ദ്രസർക്കാരിനും ബിജെപിക്കും എതിരെ നിലപാടെടുക്കുന്ന വനിതാമാധ്യമപ്രവർത്തകരെ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ട്വിറ്റർ അക്കൗണ്ടുകളെ പ്രധാനമന്ത്രി പിന്തുടരുന്നത് നേരത്തെയും വിവാദമായിരുന്നു.ഗൗരി ലങ്കേഷിനെ അവഹേളിച്ച് ട്വീറ്റിട്ട “നിഖിൽദാദ്ഹിച്ച്’ എന്ന അക്കൗണ്ട് പ്രധാനമന്ത്രി പിന്തുടരുന്നുവെന്ന വാർത്തകൾ വലിയ ചർച്ചയായിരുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നാലെ “വിതച്ചത് കൊയ്തുവെന്ന്’‐ ട്വീറ്റ് ചെയ്ത “ആശിഷ്കുമാർ പുണെ’ എന്ന അക്കൗണ്ടും പ്രധാനമന്ത്രി പിന്തുടർന്നിരുന്നു. എന്നാൽ, ഇത്തരം അക്കൗണ്ടുകൾ പിന്തുടരുന്നത് വൻ വിവാദമായിട്ടും അവയെ ഒഴിവാക്കാൻ പ്രധാനമന്ത്രി തയ്യാറായിട്ടില്ല.

നോട്ട് അസാധുവാക്കൽ സമയത്ത് ബിജെപി അധ്യക്ഷൻ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദിലെ സഹകരണബാങ്ക് 745 കോടിയുടെ പഴയനോട്ടുകൾ മാറ്റിനൽകിയെന്ന വാർത്തകൾ പുറത്തുവന്നപ്പോൾ ബിജെപി ഒറ്റക്കെട്ടായി അദ്ദേഹത്തെ പ്രതിരോധിക്കാൻ രംഗത്തെത്തിയിരുന്നു. എന്നാൽ, സുഷ്മയെ ആക്ഷേപിക്കുന്ന സ്വന്തം അനുയായികളെ നിലയ്ക്ക് നിർത്താൻ ബിജെപി തയ്യാറായിട്ടില്ല. കേന്ദ്രമന്ത്രിക്ക് എതിരെ ഹീനമായ ട്രോളുകൾ പ്രചരിപ്പിക്കുന്നവരെ പ്രധാനമന്ത്രി പിന്തുടരുന്നുവെന്നത് അത്തരക്കാർക്കുള്ള പ്രോത്സാഹനമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പ്രതികരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top