21 September Friday

സുഷ‌്‌‌‌മയ്‌‌ക്കെതിരെ വീണ്ടും സംഘപരിവാര്‍ ട്രോൾ ആക്രമണം

സ്വന്തം ലേഖകൻUpdated: Monday Jul 2, 2018

ന്യൂഡൽഹി > വിദേശകാര്യമന്ത്രി സുഷ്‌മ സ്വരാജിന് എതിരെ സംഘപരിവാറിന്റെ സൈബർ ആക്രമണം  തുടരുന്നു. സുഷ്മയുടെ ഭർത്താവും മിസോറം മുൻ ഗവർണറുമായ സ്വരാജ് കൗശലിന്റെ ട്വിറ്റർ അക്കൗണ്ടിലാണ് സംഘപരിവാർ അനുകൂലികൾ മന്ത്രിയെ അവഹേളിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തിയത്. 'ഭാര്യ വീട്ടിൽ വരുമ്പോൾ നല്ല രീതിയിൽ പ്രഹരിക്കണം'‐ എന്നാണ് മുകേഷ് ഗുപ്ത എന്ന വ്യക്തി ട്വിറ്ററിൽ സ്വരാജിനോട് ആവശ്യപ്പെട്ടത്. ഈ ട്വീറ്റിനോട് വളരെ വൈകാരികമായ രീതിയിലാണ് സ്വരാജ് കൗശൽ പ്രതികരിച്ചത്. 

സ്വരാജ് കൗശലിന്റെ വൈകാരികമായ മറുപടിയെ തുടർന്ന് സുഷ്മയെ പിന്തുണച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഇത്തരക്കാരോട് വിശദീകരിക്കാൻനിന്നിട്ട് കാര്യമില്ലെന്നും ആരാണ് ഇവർക്ക് പിന്നിലെന്ന് എല്ലാവർക്കും അറിയാമെന്നുമായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.

അതേസമയം, തനിക്ക് എതിരായ മോശം ട്രോളുകളെ ജനങ്ങൾ അംഗീകരിക്കുന്നുണ്ടോയെന്ന ചോദ്യവുമായി സുഷ്മ സ്വരാജ് തന്നെ രംഗത്തെത്തി. ഈ വിഷയത്തിൽ പൊതുജനങ്ങൾക്ക് പ്രതികരിക്കാൻ പാകത്തിൽ ട്വിറ്ററിൽ അവർ വോട്ടെടുപ്പിനുള്ള അവസരവും ഒരുക്കി. 60 ശതമാനത്തോളംപേർ സുഷ്മയ്ക്ക് എതിരായ സൈബർ അതിക്രമത്തിന് എതിരെ വോട്ട് ചെയ്തു. മിശ്രവിവാഹിതരായ ദമ്പതികൾക്കുനേരെ വർഗീയമായി പെരുമാറിയ ലഖ്നൗവിലെ പാസ്പോർട്ട് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതിനെ തുടർന്ന് സുഷ്മയ്ക്ക് എതിരെ ട്വിറ്ററിലും ഫെയ‌്സ്ബുക്കിലും സംഘപരിവാർ അനുകൂലികൾ രൂക്ഷമായ പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്. വ്യക്തിപരമായി അവഹേളിക്കുന്ന സൈബർ ആക്രമണം നടന്നിട്ടും പ്രധാനമന്ത്രിയോ മറ്റ് കേന്ദ്രമന്ത്രിമാരോ ബിജെപിയോ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top