13 November Tuesday

മൗലികാവകാശം ഭൂരിപക്ഷത്തിന് മാത്രം അവകാശപ്പെട്ടതല്ല : സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

ന്യൂഡൽഹി>ഗേ‐ലെസ്ബിയൻ‐ ബൈസെക്ഷ്വൽ‐ ട്രാൻസ്ജൻഡർ (എൽജിബിടി) വിഭാഗം ആകെ ജനസംഖ്യയുടെ ചെറിയൊരു വിഭാഗം മാത്രമാണെന്നുകാട്ടി 377‐ാം വകുപ്പിന്റെ ഭരണഘടനാസാധുത ശരിവച്ച സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ നിലപാട് ഭരണഘടനാപരമായി അനുവദിക്കാനാകില്ലെന്ന് ഭരണഘടനാ ബെഞ്ച്. കാലങ്ങളായി അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട ഒരു വിഭാഗം ആളുകളുടെയോ ന്യൂനപക്ഷ ഗ്രൂപ്പുകളുടെയോ അവകാശങ്ങൾ ബാധിക്കപ്പെടുന്ന ഘട്ടത്തിലാണ് കോടതികളുടെ ഇടപെടലിന് പ്രാധാന്യമേറുക.

ട്രാൻസ്ജൻഡറുകൾക്ക് മൂന്നാംലിംഗ പദവി അനുവദിച്ചുള്ള നാൽസ കേസിൽ സ്വതന്ത്രമായും അന്തസ്സായും ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശവും മനുഷ്യാവകാശവും തമ്മിൽ കൃത്യമായി ബന്ധിപ്പിക്കുന്നുണ്ട്. ഏതുതരത്തിലുള്ള വിവേചനവും ഒരു ജനാധിപത്യസമൂഹത്തിന്റെ ഹൃദയത്തിലാണ് പ്രഹരമേൽപ്പിക്കുക. പരിഷ്കരിക്കപ്പെടുന്ന ഭരണഘടനയാൽ നയിക്കപ്പെടുമ്പോൾ ഏതുരൂപത്തിലുള്ള വിവേചനത്തിൽനിന്നും സമൂഹത്തെ അകറ്റേണ്ടതുണ്ട്. ജുഡീഷ്യറി അടക്കം ഭരണകൂടത്തിന്റെ എല്ലാ വിഭാഗങ്ങളും സമൂഹത്തിന്റെ വ്യത്യസ്തതയെ സംരക്ഷിക്കുകയും ചെറുവിഭാഗങ്ങളുടെ സ്വാതന്ത്ര്യവും അവകാശവും ഇല്ലാതാക്കുന്നതിനുള്ള ഭൂരിപക്ഷത്തിന്റെ ഏതൊരു ശ്രമത്തെയും തടയുകയും ചെയ്യണം. സാമൂഹ്യ ധാർമികതയുടെ അൾത്താരയിൽ ഹോമിക്കപ്പെടേണ്ട ഒന്നല്ല ഭരണഘടനാപരമായ ധാർമികത. ഭരണഘടനാപരമായ ധാർമികതയാകണം നിയമവാഴ്ചയായി പടരേണ്ടത്. ഒരു വ്യക്തിയുടെപോലും മൗലികാവകാശങ്ങളെ ഹനിക്കാൻ സാമൂഹ്യ ധാർമികതയുടെ മറ ഉപയോഗപ്പെടുത്തരുത്. സമൂഹത്തിലെ വൈവിധ്യങ്ങളുടെ തിരിച്ചറിവിലാണ് ഭരണഘടനാ ധാർമികതയുടെ അടിത്തറ നിലകൊള്ളുന്നത്.

ലൈംഗികാഭിരുചിയെന്നത് ഏതൊരു വ്യക്തിയിലും സ്വാഭാവികമായും പ്രകടമാകുന്ന പല ജൈവപരമായ പ്രതിഭാസങ്ങളിൽ ഒന്നുമാത്രമാണ്. ലൈംഗികാഭിരുചിയുടെ പേരിലുള്ള ഏതൊരു വിവേചനവും ആവിഷ‌്കാരസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്റെ ലംഘനമാകും. പുട്ടസ്വാമി കേസിലെ സ്വകാര്യത സംബന്ധിച്ച വിധിന്യായം സ്വകാര്യതയ്ക്കുള്ള അവകാശത്തെ മൗലികാവകാശത്തിന്റെ തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. 377‐ാം വകുപ്പ് ചെറിയൊരു വിഭാഗത്തെ മാത്രമാണ് ബാധിക്കുകയെന്ന രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണം തെറ്റായ ഒന്നാണ്. മൗലികാവകാശങ്ങൾ സമൂഹത്തിലെ ഭൂരിപക്ഷത്തിന് മാത്രമായി അവകാശപ്പെട്ടതെന്ന ധാരണ ഭരണഘടനാ സ്രഷ്ടാക്കൾക്കില്ല. വലിയൊരു വിഭാഗത്തെ ബാധിക്കുന്ന വിഷയങ്ങളിൽ മാത്രമായി കോടതികൾ ഇടപെട്ടാൽ മതിയെന്നും അവർ പറയുന്നില്ല. ഇത്തരമൊരു നിരീക്ഷണം ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണ്.

സ്വയംനിർണയ തത്വപ്രകാരം ഒരു വ്യക്തിക്ക് തന്റെ ശരീരത്തിൽ പൂർണമായ പരമാധികാരമുണ്ട്. മറ്റൊരു വ്യക്തിയുമായുള്ള സ്വകാര്യമായ ശാരീരികവേഴ്ചയെന്നത് അവരുടെ സ്വാതന്ത്ര്യമാണ്. 37‐ാം വകുപ്പിൽ പറയുന്ന പ്രകൃതിവിരുദ്ധമെന്ന പരാമർശം നിർവചിക്കപ്പെട്ടിട്ടില്ല. പ്രത്യുൽപ്പാദന ലക്ഷ്യത്തോടെയല്ലാത്ത ഏതൊരു വേഴ്ചയെയും പ്രകൃതിവിരുദ്ധമായി കാണുംവിധമാണ് പല കോടതിവിധികളും. ഇത് ശരിയായ നിർവചനമല്ല. എൽജിബിടി വിഭാഗത്തെ ബോധപൂർവം ദ്രോഹിക്കാനായി ഈ വകുപ്പ് ഉപയോഗിക്കുകയാണ്. അതുകൊണ്ടുതന്നെ ഭരണഘടനയുടെ 14‐ാം വകുപ്പിന്റെ ലംഘനമെന്നനിലയിൽ ഇത് ഭാഗികമായി റദ്ദാക്കപ്പെടണം. പ്രായപൂർത്തിയായവർ തമ്മിലുള്ള സമ്മതപ്രകാരമുള്ള സ്വവർഗവേഴ്ച പൊതുമാന്യതയെയോ ധാർമികതയെയോ ഒരുതരത്തിലും ബാധിക്കുന്നില്ല. അതുകൊണ്ടുതന്നെ 377‐ാം വകുപ്പ് ഭരണഘടനയുടെ 19(1)എ യുടെകൂടി ലംഘനമായി മാറുന്നു‐ കോടതി വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top