14 November Wednesday

‘ആൾക്കൂട്ടക്കോടതി'ക്ക്‌ എതിരായ താക്കീത‌്

സ്വന്തം ലേഖകൻUpdated: Wednesday Jul 18, 2018

ന്യൂഡൽഹി > ആൾക്കൂട്ടക്കോടതികളുടെ വിധിപ്രഖ്യാപനങ്ങളും ശിക്ഷാനടപടികളും ഉരുക്കുമുഷ്ടികൊണ്ട് നേരിടുമെന്ന ശക്തമായ സന്ദേശമാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്. ആശയങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിൽ ഒരുവിഭാഗം ജനങ്ങൾ നിയമം കൈയിൽ എടുക്കുകയും ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരെ അതിക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്നത് നോക്കിനിൽക്കില്ലെന്ന ശക്തമായ താക്കീതാണ് ഉത്തരവിലൂടെ കോടതി നൽകിയിരിക്കുന്നത്. വ്യത്യസ്ത വിശ്വാസങ്ങളെയും അഭിപ്രായങ്ങളെയും തെരഞ്ഞെടുപ്പുകളെയും അടിച്ചമർത്താനുള്ള നീക്കങ്ങൾ രാജ്യത്തെ അസാധാരണമായ പ്രതിസന്ധിയിൽ കൊണ്ടെത്തിച്ചതായി വിധിന്യായത്തിൽ കോടതി നിരീക്ഷിച്ചു.
ജനാധിപത്യമൂല്യങ്ങൾ കടപുഴക്കുന്ന അതിക്രമങ്ങൾക്കെതിരെ കാലഘട്ടം ആവശ്യപ്പെടുന്ന മുന്നറിയിപ്പിന്റെ കാഹളം മുഴക്കുകയാണ് വിധിന്യായത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന കോടതിയുടെ നിരീക്ഷണവും ശ്രദ്ധേയം.

ഒരേരീതിയിൽ ആവർത്തിക്കുന്ന കൊലപാതകങ്ങളും അതിക്രമങ്ങളും രാജ്യത്തെ ദുർഘടസ്ഥിതിയിൽ എത്തിച്ചിരിക്കുന്നു. വർഷങ്ങൾക്കുമുമ്പ് അമേരിക്കയിലും മറ്റും വംശീയവിദ്വേഷത്തിന്റെ ഫലമായുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ തുടർക്കഥയായിരുന്നു. അത്തരം അതിക്രമങ്ങളെ അവിടത്തെ കോടതികളും സർക്കാരും ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് അടിച്ചമർത്തിയത്. സമാനമായ സാഹചര്യമാണ് ഇവിടെയുമുള്ളതെന്നും ഉരുക്കുമുഷ്ടിതന്നെ ഇവിടെയും വേണ്ടിവരുമെന്നും കോടതി സൂചിപ്പിക്കുന്നു.

ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന രീതിയിലുള്ള നിയമനിർമാണം നടത്തണമെന്ന് പാർലമെന്റിനോട് നിർദേശിച്ചതിലൂടെ ഭരണഘടനാപരമായ ചുമതല കോടതി കൃത്യമായി നിറവേറ്റിയതായി നിയമവൃത്തങ്ങൾ പ്രതികരിച്ചു.

അന്തസ്സോടെ ജീവിക്കാനുള്ള വ്യക്തിയുടെ അവകാശത്തെ എന്തിന്റെ പേരിലായാലും നിഷേധിക്കാൻ മറ്റൊരാൾക്കോ ആൾക്കൂട്ടത്തിനോ അവകാശമില്ല. സഹജീവികളുടെ വ്യത്യസ്തമായ  വിശ്വാസങ്ങളും ആശയങ്ങളും കാഴ്ചപ്പാടുകളും ജീവിതരീതികളും അംഗീകരിക്കാൻ ജനങ്ങൾ തയ്യാറായാൽമാത്രമേ ജനാധിപത്യ, മതനിരപേക്ഷ, ബഹുസ്വര അടിത്തറകൾ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂവെന്നും കോടതി പറയുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top