21 November Wednesday

സമരം ജനങ്ങളുടെ അവകാശം: സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Tuesday Jul 24, 2018



ന്യൂഡൽഹി
സമാധാനപരമായ പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി. മധ്യഡൽഹിയിൽ പൊതുയോഗവും ധർണയും പ്രതിഷേധസമരങ്ങളും വിലക്കിയതിനെ ചോദ്യംചെയ്തുള്ള പൊതുതാൽപര്യഹർജിയിലാണ‌് കോടതി ഉത്തരവ‌്. നിയമപ്രകാരം പ്രതിഷേധസമരത്തിന‌് ജനങ്ങൾക്ക‌് അവകാശമുണ്ടെന്നും ആവശ്യമായ മാർഗനിർദേശം തയ്യാറാക്കണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ എ കെ സിക്രി, അശോക്ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ‌് ഉത്തരവ്. സിആർപിസി 144‐ാംവകുപ്പുപ്രകാരം സംഘർഷസാധ്യതയുള്ള സാഹചര്യത്തിൽമാത്രമേ നിരോധനാജ്ഞ ഉൾപ്പെടെയുള്ള മുൻകരുതൽ നടപടി സ്വീകരിക്കേണ്ടതുള്ളൂവെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.

ജന്തർമന്ദർ, ബോട്ട് ക്ലബ്ബ് അടക്കമുള്ളിടത്തും ഇന്ത്യാഗേറ്റ് പരിസരങ്ങളിലും സമരങ്ങൾ നടത്താൻ അനുമതി നൽകണം. 1993 മുതൽ ഡൽഹിയിൽ പ്രതിഷേധസമരങ്ങൾക്കുള്ള ഏകവേദിയാണ് ജന്തർമന്ദർ. 2017 ഒക്ടോബറിലെ ഹരിത ട്രിബ്യൂണൽ ഉത്തരവുപ്രകാരം ഇവിടെ വിലക്കേർപ്പെടുത്തി. സമരങ്ങൾ ശബ്ദ, പരിസര മലിനീകരണമുണ്ടാക്കുന്നതായും പരിസരവാസികൾക്ക് ശല്യമുണ്ടാക്കുന്നതായും ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. ഉത്തരവ് ഭരണഘടനയിലെ 19 (1) അനുച്ഛേദം വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ പ്രശാന്ത്ഭൂഷൺ വാദിച്ചു.

അഭിപ്രായസ്വാതന്ത്ര്യം, സംഘടിക്കാനുള്ള സ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം എന്നിവയും  19 (1)  വാഗ‌്ദാനം ചെയ്യുന്നു. ഇതുപ്രകാരം സമാധാനപരമായ പ്രതിഷേധയോഗങ്ങൾ ചേരാനും മുദ്രാവാക്യങ്ങൾ മുഴക്കാനും ജനങ്ങൾക്ക് അവകാശമുണ്ട്. വാദങ്ങൾ അംഗീകരിച്ച കോടതി, പ്രതിഷേധസമരങ്ങൾക്ക് സമ്പൂർണ വിലക്കേർപ്പെടുത്തിയ നടപടി അംഗീകരിക്കാനാകില്ലെന്ന‌് നിരീക്ഷിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ളവർ കോടതിനടപടിയെ സ്വാഗതം ചെയ്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top