19 September Wednesday

ലൈംഗികന്യൂനപക്ഷങ്ങൾ നേരിടുന്നത് വിവേചനം; ഭരണഘടനാ ബെഞ്ചില്‍ വാദം തുടരുന്നു

സ്വന്തം ലേഖകൻUpdated: Friday Jul 13, 2018


ന്യൂഡൽഹി > സ്വവർഗബന്ധങ്ങളുടെ പേരിൽ രാജ്യത്തെ ലൈംഗികന്യൂനപക്ഷം നേരിടുന്നത് കടുത്ത സാമൂഹ്യവിവേചനമെന്ന് സുപ്രീംകോടതി. കടുത്ത വിരോധമാണ് ലൈംഗികന്യൂനപക്ഷങ്ങൾക്ക് നേരിടേണ്ടി വരുന്നതെന്നും ഐപിസി 377‐ാംവകുപ്പിന്റെ നിയമസാധുത പരിശോധിക്കുന്ന അഞ്ചംഗഭരണഘടനാബെഞ്ച് ചൂണ്ടിക്കാട്ടി. ലൈംഗികചായ്വിന്റെ പേരിൽമാത്രം ആർക്കെതിരെയും വിവേചനം കാണിക്കാൻ പാടില്ല. ഉഭയസമ്മതപ്രകാരമുള്ള സ്വവർഗബന്ധങ്ങൾ ക്രിമിനൽകുറ്റമല്ലാതായാൽ സാമൂഹ്യവിവേചനങ്ങൾ കാലക്രമേണ ഇല്ലാതാകുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

സ്വവർഗാനുരാഗികൾക്ക് അർഹിച്ച അവകാശങ്ങൾ നിഷേധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന നിയമങ്ങളോ ചട്ടങ്ങളോ രാജ്യത്ത് നിലനിൽക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. സ്വവർഗസ്നേഹികൾ കുടുംബത്തിനകത്തും പുറത്തും കടുത്ത സമ്മർദം നേരിടുന്നതായി ബെഞ്ചിൽ അംഗമായ ജസ്റ്റിസ് ഇന്ദു മൽഹോത്ര ചൂണ്ടിക്കാണിച്ചു. കുടുംബത്തിന്റെ കടുത്ത സമ്മർദത്തെതുടർന്ന് സ്വന്തം ലൈംഗികചായ്വ് മറച്ചുവച്ച് സ്വവർഗാനുരാഗികൾ വിവാഹിതരാകാൻ നിർബന്ധിതരാകുന്നു. എന്നാൽ, ഇവരുടെ ഭാവിയും കുട്ടികളുടെ ഭാവിയും അനിശ്ചിതത്വത്തിലാകുന്നത് ആശങ്കാജനകമാണെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, 377‐ാംവകുപ്പ് അസാധുവാക്കാനുള്ള നീക്കത്തെ എതിർത്ത് ചില ക്രൈസ്തവസംഘടനകളും രംഗത്തെത്തി. വിഷയത്തിൽ കേന്ദ്രസർക്കാരിന് കൃത്യമായ നിലപാടില്ലെന്ന് അവർ വാദിച്ചു. എന്നാൽ, വിഷയം കോടതിയുടെ പരിഗണനയ്ക്ക് വിടുകയാണെന്ന് സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പ്രതികരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top