15 December Saturday

ഭിന്നശേഷി സൗഹൃദ നടപടികൾ നടപ്പാക്കിയില്ല; കേന്ദ്രത്തിന് സുപ്രീംകോടതി ശാസന

എം അഖിൽUpdated: Thursday Jul 26, 2018

ന്യൂഡൽഹി > സർക്കാർ സ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്ത കേന്ദ്രസർക്കാരിന് സുപ്രീംകോടതി വിമർശം. രാജ്യത്ത് നിലനിൽക്കുന്ന നിയമം നടപ്പാക്കാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്ന് ജസ്റ്റിസുമാരായ എ കെ സിക്രി, അശോക്ഭൂഷൺ എന്നിവർ അംഗങ്ങളായ ബെഞ്ച് വിമർശിച്ചു. കഴിഞ്ഞവർഷം സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാനങ്ങളെയും കോടതി ശാസിച്ചു. ഉത്തരവ് നടപ്പാക്കുന്നത് വൈകിച്ചാൽ ചീഫ്സെക്രട്ടറിമാരെ വിളിച്ചു വരുത്തേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. നാലാഴ്ചയ്ക്കുള്ളിൽ വിഷയത്തിൽ എന്തൊക്കെ നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കി കേന്ദ്രം പുതിയ സത്യവാങ‌്മൂലം സമർപ്പിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

2017 ഡിസംബറിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഭിന്നശേഷിയുള്ള പൗരൻമാരുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന നിയമത്തിലെ വ്യവസ്ഥകൾ സമയബന്ധിതമായി നടപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്ന് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 'രാജ്യം ഭരിക്കുന്നത് നിങ്ങളായത് കൊണ്ട് നിയമങ്ങൾ നടപ്പാക്കേണ്ടതും നിങ്ങളാണെന്ന്'‐ കോടതി ഓർമിപ്പിച്ചു. നാലാഴ്ച്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ‌്മൂലം സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം കോടതികൾ ഭിന്നശേഷി സൗഹൃദമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യഹർജിയിൽ സുപ്രീംകോടതി സെക്രട്ടറിജനറലിനും ഹൈക്കോടതി രജിസ്ട്രാർമാർക്കും കോടതി നോട്ടീസ് അയച്ചു.

കാഴ്ച്ചയ്ക്ക് വെല്ലുവിളി നേരിടുന്നവർ ഉൾപ്പടെയുള്ള ഭിന്നശേഷി വിഭാഗക്കാർക്ക് വേണ്ട സൗകര്യങ്ങൾ സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ഉറപ്പാക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.ഭിന്നശേഷി വിഭാഗക്കാരുടെ ജീവിതത്തിന് കൂടുതൽ അർഥമുണ്ടാക്കാൻ റോഡുകൾ, ഗതാഗതം, പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അവർക്ക് സഹായകമായ സൗകര്യങ്ങളും സേവനങ്ങളും സംവിധാനങ്ങളും ഉറപ്പാക്കണമെന്നാണ് 2017 ഡിസംബറിലെ കോടതി ഉത്തരവിൽ പറയുന്നത്. 2016ൽ ഭിന്നശേഷിയുള്ള പൗരൻമാരുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന നിയമം പാർലമെന്റ് പാസാക്കിയിരുന്നു. 2019 ജൂണിനുള്ളിൽ നിയമത്തിലെ വ്യവസ്ഥകൾ രാജ്യമുടനീളം നടപ്പാക്കാൻ വേണ്ട ശുപാർശകളും മാർഗനിർദേശങ്ങളുമാണ് കോടതി ഉത്തരവിൽ ഉൾക്കൊള്ളിച്ചിരുന്നത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top