12 December Wednesday

ഇടത് വിദ്യാർഥി സംഘടനകൾ സംയുക്ത പ്രക്ഷോഭത്തിലേക്ക‌്

●സ്വന്തം ലേഖകൻUpdated: Friday May 18, 2018

 

ന്യൂഡൽഹി
വിദ്യാഭ്യാസത്തിനുള്ള അവകാശവും സാമൂഹ്യനീതിയും അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ അഖിലേന്ത്യാതലത്തിൽ ഇടത് വിദ്യാർഥി സംഘടനകൾ സംയുക്ത പ്രതിഷേധത്തിനൊരുങ്ങുന്നു. ജൂലൈയിൽ അഖിലേന്ത്യാ കൺവൻഷനും തുടർന്ന‌് സംസ്ഥാന കൺവൻഷനുകളും തുടർസമരങ്ങളും നടക്കും. സർവകലാശാല, കോളേജ് തലത്തിലും ഇടതു വിദ്യാർഥി സംഘടനകൾ പ്രതിഷേധം ശക്തമാക്കും.

എസ്എഫ്ഐ, എഐഎസ്എഫ്, എഐഎസ്എ, എഐഡിഎസ്ഒ, എഐഎസ്ബി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം.വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിച്ചും നവ ഉദാരവൽക്കരണനയം നടപ്പാക്കിയും നിലവാരം തകർക്കാനുള്ള നീക്കങ്ങളാണ് കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്നതെന്ന് എസ്എഫ്ഐ പ്രസിഡന്റ് വി പി സാനു സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർവകലാശാലകൾക്കും കോളേജുകൾക്കും സ്വയംഭരണം നൽകാനുള്ള മാനവശേഷി മന്ത്രാലയത്തിന്റെ നീക്കം സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടാണെന്ന‌് സാനു പറഞ്ഞു. വിദ്യാർഥി പ്രവേശനത്തിലും അധ്യാപകനിയമനത്തിലും സംവരണതത്വങ്ങൾ വ്യാപകമായി അട്ടിമറിക്കുകയാണെന്ന് എഐഎസ്എഫ‌് പ്രസിഡന്റ് സുചേത ഡേ പറഞ്ഞു.

 എഐഡിഎസ്ഒ നേതാവ് പ്രശാന്ത്, എഐഎസ്എഫ് ജനറൽ സെക്രട്ടറി വിശ്വജിത‌് തുടങ്ങിയവരും പങ്കെടുത്തു.
അറുപത‌് ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന‌് സ്വയംഭരണം നൽകിയ മനുഷ്യവിഭവശേഷി വികസനമന്ത്രാലയത്തിന്റെ വിജ്ഞാപനം പിൻവലിക്കുക, സംവരണതത്വം നടപ്പാക്കുന്നതിന് ആവശ്യമായ എസ്സി, എസ്ടി, ഒബിസി വിഭാഗാംഗങ്ങളെ അധ്യാപകരായി നിയമിക്കുക, സീറ്റുകൾ വെട്ടിക്കുറയ്ക്കുന്നതിനിടയാക്കുന്ന 2016 മെയ് അഞ്ചിലെ യുജിസി വിജ്ഞാപനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top