14 November Wednesday

സോമനാഥ് ചാറ്റർജിക്ക് വിട

ഗോപിUpdated: Tuesday Aug 14, 2018

കൊൽക്കത്ത
ലോക്‌സഭ മുൻ സ്പീക്കറും പ്രഗത്ഭ പാർലമെന്റേറിയനും ദീർഘകാലം ലോക‌്സഭയിൽ സിപിഐ എം നേതാവുമായിരുന്ന സോമനാഥ് ചാറ്റർജി(89) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 8.15ന് ദക്ഷിണ കൊൽക്കത്തയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക, മസ്തിഷ്ക സംബന്ധമായ അസുഖം മൂർച്ഛിച്ചതോടെ ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു.ഞായറാഴ്ച ഹൃദയാഘാതം ഉണ്ടായതോടെ നില ​ഗുരുതരമായി.

ചാറ്റർജിയുടെ ആഗ്രഹപ്രകാരം മൃതദേഹം എസ്എസ്കെഎം മെഡിക്കൽ കോളേജ് വിദ്യാർഥികൾക്ക് പഠനത്തിനായി കൈമാറി.വിഖ്യാത അഭിഭാഷകൻ കൂടിയായ സോമനാഥ് ദിർഘകാലം പ്രാക‌്ടീസ് ചെയ്ത കൊൽക്കത്ത ഹൈക്കോടതിയിലേക്കാണ് മൃതദേഹം ആദ്യം കൊണ്ടുപോയത്. പിന്നീട് നിയസഭാ മന്ദിരത്തിലും പൊതുദർശനത്തിന് വച്ചു.  പൊലീസ് ഗൺസല്യൂട്ട്  നൽകി. ദക്ഷിണ കൊൽക്കത്തയിലെ രാജാബസന്ത റോഡിലുള്ള വസതിയിൽ എത്തിച്ചപ്പോൾ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കുള്ള നേതാക്കൾ അന്തിമോപചാരം അർപ്പിയ്ക്കാനെത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര, ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു, ഇടതുമുന്നണി നിയമ സഭാകക്ഷി നേതാവ് സുജൻ ചക്രവർത്തി എന്നിവരുൾപ്പെടെ വിവിധ നേതാക്കൾ  ആശുപത്രിയിലെത്തി.  സോമനാഥിന്റെ നിര്യാണത്തിൽ സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി അഗാധ ദുഖം രേഖപ്പെടുത്തി.സംസ്ഥാന കമ്മിറ്റി യോഗം നടക്കവേയാണ് നിര്യാണവാർത്ത എത്തിയത്. ഉടൻ യോഗം നിർത്തി.

പത്തു തവണ ലോക‌്സഭാ എംപിയായ ചാറ്റര്‍ജി  2004 മുതൽ 2009 വരെ ലോക‌്സഭാ സ‌്പീക്കറായി. ഒന്നാം യുപിഎ സർക്കാറിന‌് സിപിഐ എം പിന്തുണ പിൻവലിച്ചപ്പോള്‍ സ‌്പീക്കർ സ്ഥാനം രാജിവയ‌്ക്കാൻ തയ്യാറായില്ല. കേന്ദ്രകമ്മിറ്റി അംഗമായിരുന്ന അദ്ദേഹത്തെ ഇതേത്തുടർന്ന് 2008 ജൂലൈയിൽ പാർടിയിൽനിന്ന‌് പുറത്താക്കി. 2009ൽ സജീവരാഷ‌്ട്രീയത്തിൽനിന്ന‌് പിന്മാറിയെങ്കിലും സിപിഐ എമ്മിന്റെ നയങ്ങളോട് യോജിച്ചു പോകുകയും ബംഗാളിൽ മമത ബാനർജിയുടെ ജനാധിപത്യ കശാപ്പിനെതിരായ പോരാട്ടത്തിന് പിന്തുണ നൽകുകയും ചെയ്തു. കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത‌്.1968ൽ സിപിഐ എം അംഗമായി. 1987ൽ ബംഗാൾ സംസ്ഥാന കമ്മിറ്റിയിലെത്തി. 1998ൽ കേന്ദ്രകമ്മിറ്റിയംഗമായി. 1971ൽ ആദ്യം ലോക്സഭയിലെത്തി. അഭിഭാഷകനായ നിർമൽ ചന്ദ്ര ചാറ്റർജിയുടെയും ബിനപനി ദേബിയുടെയും മകനായി 1929 ജൂലൈ 25ന‌്  അസമിലെ തെ‌സ‌്പുരിലാണ‌് ജ  നിച്ചത‌്. ഭാര്യ: രേണു ചാറ്റർജി. മക്കൾ:  പ്രതാപ‌്, അനുരാധ, അനുഷില.
പ്രത്യേക പേജ്

പ്രധാന വാർത്തകൾ
Top