21 September Friday
നിതി ആയോഗ് യോഗത്തിൽ കൂട്ടായ നിലപാട‌്

യോജിച്ച നിലപാടുമായി 4 മുഖ്യമന്ത്രിമാർ ; കെജ്‌‌രിവാളിന്‌ പിന്തുണ

എം പ്രശാന്ത്Updated: Sunday Jun 17, 2018

മുഖ്യമന്ത്രി പിണറായി വിജയൻ, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കർണാടക മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമി, പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവർ ആന്ധ്ര ഭവനിൽ ഒത്തുകൂടിയപ്പോൾ


ന്യൂഡൽഹി
ലഫ്. ഗവർണറുടെ വസതിയിൽ ആറുദിവസമായി ധർണയിരിക്കുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിന്തുണയുമായി  പിണറായി വിജയനടക്കം നാല് മുഖ്യമന്ത്രിമാർ. പിണറായിക്ക് പുറമെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരാണ് കെജ്രിവാളിന് പിന്തുണ പ്രഖ്യാപിച്ചത്. ഞായറാഴ്ച ചേരുന്ന നിതി ആയോഗ് ഭരണസമിതി യോഗത്തിനായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രിമാർ നടത്തിയ അപ്രതീക്ഷിതനീക്കം ലഫ്. ഗവർണറെയും മോഡി സർക്കാരിനെയും പ്രതിരോധത്തിലാക്കി. ശനിയാഴ്ച എട്ടുമണിയോടെയാണ‌് മുഖ്യമന്ത്രിമാർ ആന്ധ്ര ഭവനിൽ ഒത്തുചേർന്നത‌്.

കെജ്രിവാളിനെ കാണുന്നതിനായി വസതിയിലെത്താൻ മുഖ്യമന്ത്രിമാർ ലഫ്.ഗവർണറുടെ അനുമതി തേടി. എന്നാൽ, അനുമതി നിഷേധിച്ചു. മാത്രമല്ല, ലഫ്. ഗവർണറുടെ വസതിയിലേക്കുള്ള വഴി ബാരിക്കേഡുകളും മറ്റും ഉയർത്തി തടസ്സപ്പെടുത്തി. തുടർന്ന് മുഖ്യമന്ത്രിമാർ രാത്രിതന്നെ കെജ്രിവാളിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. കെജ്രിവാളിന്റെ ഭാര്യ സുനിതയും മക്കളും മുഖ്യമന്ത്രിമാരെ സ്വീകരിച്ചു.

ലഫ്. ഗവർണറും കേന്ദ്രസർക്കാരും ചേർന്ന് ഡൽഹി സർക്കാരിനെതിരെ നടത്തുന്ന നീക്കങ്ങൾ സുനിത വിശദീകരിച്ചു. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന നിലപാടുകളാണ് മോഡി സർക്കാർ സ്വീകരിക്കുന്നതെന്നും ഇതിനെതിരായി സംസ്ഥാനങ്ങളുടെ യോജിച്ച പ്രതിഷേധം ഉയരണമെന്നും മുഖ്യമന്ത്രിമാർ അഭിപ്രായപ്പെട്ടു. ആറുദിവസം പിന്നിട്ടിട്ടും സമരത്തോട് കേന്ദ്രം മുഖംതിരിഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ കെജ്രിവാൾ സമരം അവസാനിപ്പിച്ച് മറ്റ് സംസ്ഥാനങ്ങളോടൊപ്പം യോജിച്ച് പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകുന്നതാകും നല്ലതെന്ന അഭിപ്രായവും മുഖ്യമന്ത്രിമാർ മുന്നോട്ടുവച്ചു.

ഡൽഹിയിൽ ഐഎഎസുകാരുടെ നിസ്സഹകരണം അവസാനിപ്പിക്കുന്നതിന് ഇടപെടൽ തേടി ലഫ്. ഗവർണറുടെ വസതിയിൽ പ്രതിഷേധ സമരം നടത്തുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നേരത്തെ മറ്റ‌് മുഖ്യമന്ത്രിമാരുടെ പിന്തുണ തേടിയിരുന്നു. ഇതേ തുടർന്നാണ് നാല് മുഖ്യമന്ത്രിമാർ പിന്തുണ അറിയിക്കാൻ തീരുമാനിച്ചത്. കെജ്രിവാളിന്റെ സമരത്തിനുപുറമെ നിതി ആയോഗ് യോഗത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചർച്ച ചെയ്തു. കേന്ദ്രത്തിന് താൽപ്പര്യമുള്ള ഏഴ് വിഷയങ്ങളാണ് നിതി ആയോഗ് യോഗത്തിൽ അജൻഡ. സംസ്ഥാനങ്ങൾക്ക് താൽപ്പര്യമുള്ള ചില വിഷയങ്ങൾകൂടി ചർച്ചയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം നാല് മുഖ്യമന്ത്രിമാർ മുന്നോട്ടുവയ്ക്കും. ആവശ്യം നിരാകരിച്ചാൽ പ്രധാനമന്ത്രിയുടെ പ്രസംഗം ബഹിഷ്കരിക്കാൻ തീരുമാനിച്ചു.

കാർഷിക വരുമാനം 2022 ഓടെ ഇരട്ടിയാക്കുക, കേന്ദ്രത്തിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് സംസ്ഥാനങ്ങളുടെ പിന്തുണ, മഹാത്മാഗാന്ധിയുടെ 150 ജന്മവാർഷികാചരണം തുടങ്ങിയ വിഷയങ്ങളാണ് നിതി ആയോഗ് യോഗത്തിന്റെ അജൻഡയിലുള്ളത്.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയിൽ ദേശീയതലത്തിൽ ബിജെപിക്കെതിരായി പ്രതിപക്ഷ പാർടികളുടെ കൂട്ടായ്മ കൂടുതൽ വിപുലപ്പെടുന്നതിന് മുഖ്യമന്ത്രിമാരുടെ യോജിച്ച നീക്കം വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top