23 May Wednesday

മധ്യപ്രദേശ് മുഖ്യമന്ത്രി സുരക്ഷാ ഉദ്യോഗസ്ഥനെ നടുറോഡിൽ മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 18, 2018


ഭോപാൽ > മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ്‌സിങ് ചൗഹാൻ സുരക്ഷാജീവനക്കാരനെ നടുറോഡിൽ മർദിച്ചു. ദാർ ജില്ലയിലെ സർദാർപുരിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന റാലിക്കിടെയാണ് ശിവരാജ് സിങ് തന്റെ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാളെ അകാരണമായി മർദിച്ചത്. ജനുവരി 14നായിരുന്നു സംഭവം.  വീഡിയോദൃശ്യങ്ങൾ ചൊവ്വാഴ്ച സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി.

റാലി നടക്കുന്നതിനിടെ ജനക്കൂട്ടം നോക്കിനിൽക്കെയാണ് സുരക്ഷാജീവനക്കാരനെ മുഖ്യമന്ത്രി തല്ലിയത്. മർദനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇതാദ്യമല്ല ശിവരാജ് ചൗഹാൻ സുരക്ഷാജീവനക്കാരോട് മോശമായി പെരുമാറുന്നത്. 2016 ആഗസ്തിൽ പ്രളയബാധിത പ്രദേശം സന്ദർശിക്കാനെത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരെക്കൊണ്ട് ചൗഹാനെ ചുമലിലേറ്റിച്ചിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ ചൗഹാനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷമായ കോൺഗ്രസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി പാർടി എംപി നഗർ പൊലീസിൽ പരാതി നൽകി.
അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രിയോ ഓഫീസോ തയ്യാറായിട്ടില്ല. മർദനത്തിന് ഇരയായ സുരക്ഷാ ജീവനക്കാരനും പ്രതികരിച്ചിട്ടില്ല.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top