21 July Saturday

ഭരണാധികാരികള്‍ യഥാര്‍ഥ ഇന്ത്യയെ കാണണം: യെച്ചൂരി; രാജ്യസഭ ഒന്നടങ്കം ഏറ്റുവാങ്ങി വിടവാങ്ങല്‍ പ്രസംഗം -Video

വെബ് ഡെസ്‌ക്‌Updated: Friday Aug 11, 2017

ന്യൂഡല്‍ഹി > യഥാര്‍ഥ ഇന്ത്യ എന്താണെന്ന് ഇന്നത്തെ ഭരണാധികാരികള്‍ തിരിച്ചറിയണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യസഭയില്‍ നല്‍കിയ യാത്രയയപ്പിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

അയഥാര്‍ഥലോകത്താണ് ഭരണാധികാരികള്‍ കഴിയുന്നത്. അവര്‍ വാസ്തവങ്ങളിലേക്ക് മടങ്ങണം. ഇന്ത്യയുടെ ആഭ്യന്തരക്കരുത്ത് മനസ്സിലാക്കണം. ലോകത്ത് കൂടുതല്‍ യുവജനങ്ങളുള്ള രാജ്യം ഇന്ത്യയാണ്. ഇവര്‍ക്ക് ആരോഗ്യവും വിദ്യാഭ്യാസവും തൊഴിലും ലഭ്യമാക്കിയാല്‍ ഇന്ത്യ ലോകത്തെ നയിക്കുന്ന സമൂഹമാകും. ഇതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കണമെന്നുള്ളതാണ് പ്രധാനം- സീതാറാം യെച്ചൂരി പറഞ്ഞു.

'വാസ്തവാനന്തരം' എന്ന പദമാണ് 2016ല്‍ ഏറ്റവും കൂടുതല്‍ ആളുകളെ സ്വാധീനിച്ചതെന്ന് ഓക്സ്ഫഡ് നിഘണ്ടു കണ്ടെത്തി. എന്നാല്‍ 'വാസ്തവാനന്തരം' എന്നത് ഇന്ത്യന്‍ യാഥാര്‍ഥ്യമല്ല. ഈ ആശയത്തിനെതിരായ പോരാട്ടം പ്രധാനമാണ്. ഇവിടെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. യുവജനങ്ങള്‍ അരക്ഷിതാവസ്ഥയിലാണ്. ഇതൊക്കെ പരിഹരിക്കണം. രാജ്യത്തിന്റെ വൈവിധ്യം സംരക്ഷിക്കാനല്ല, നശിപ്പിക്കാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്. ഇതിനോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. ഇന്ത്യയുടെ ഐക്യവും സാമൂഹിക സൌഹാര്‍ദവും സംരക്ഷിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച അനുവദിക്കാനാകില്ല. വിവിധ സംസ്കാരങ്ങളുടെയും ഭാഷകളുടെയും വിശ്വാസങ്ങളുടെയും സമന്വയമാണ് ഇന്ത്യയെന്ന് തന്റെ ജീവിതപശ്ചാത്തലം അവതരിപ്പിച്ച് സീതാറാം യെച്ചൂരി വിശദീകരിച്ചു.

നിര്‍ണായക രാഷ്ട്രീയസാഹചര്യത്തിലാണ് താന്‍ പാര്‍ലമെന്റിലേക്ക് വന്നത്. സാഹചര്യത്തിന്റെ സമ്മര്‍ദത്താല്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയെന്നാണ് വിശ്വാസം. പലതും മനസ്സിലാക്കാനുള്ള അവസരംകൂടിയായി പാര്‍ലമെന്റിലെ പ്രവര്‍ത്തനം. ജനവികാരം പ്രകടിപ്പിക്കാനുള്ള വേദി എന്നതിനൊപ്പം ജനങ്ങള്‍ക്ക് സന്ദേശം നല്‍കാനുള്ള സംവിധാനവുമാണ് പാര്‍ലമെന്റ്. സ്വകാര്യവല്‍ക്കരണം ഇങ്ങനെ തുടര്‍ന്നാല്‍ പാര്‍ലമെന്റിനെത്തന്നെ പുറംകരാര്‍ നല്‍കിയേക്കും. പാര്‍ലമെന്റിലെ ജീവനക്കാരുടെ പ്രവര്‍ത്തനം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കണം. ജീവനക്കാരെ സംരക്ഷിക്കണം. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം ഫലപ്രദമാക്കുന്നതില്‍ ജീവനക്കാരുടെ പങ്ക് പ്രധാനമാണെന്ന് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

സഭാനേതാവ് അരുണ്‍ ജെയ്റ്റ്ലി, പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ്, പ്രൊഫ. രാംഗോപാല്‍ യാദവ് (എസ്പി), ജയ്റാം രമേശ് (കോണ്‍ഗ്രസ്), അന്‍വര്‍ അന്‍സാരി (ജെഡിയു), നരേഷ് ഗുജ്റാള്‍ (എസ്എഡി), തിരുച്ചി ശിവ (ഡിഎംകെ), നവനീത് കൃഷ്ണന്‍ (എഐഎഡിഎംകെ), ഡി രാജ (സിപിഐ) എന്നിവര്‍ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ യെച്ചൂരി നല്‍കിയ സംഭാവനകളെ പ്രശംസിച്ചു. ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ ആശംസ നേര്‍ന്നു. സഭയില്‍നിന്ന് വിരമിക്കുന്ന ദിലീപ് ഭായ് (ബിജെപി), ദേബ്റോയി ബന്ദോപാധ്യായ (ടിഎംസി) എന്നിവര്‍ക്കും യാത്രയയപ്പ് നല്‍കി.

പ്രധാന വാർത്തകൾ
Top