26 September Wednesday

‘കേരളത്തിന് ഉടന്‍ 2000 കോടി നല്‍കണം’ ; യെച്ചൂരി പ്രധാനമന്ത്രിക്ക് കത്തെഴുതി

സ്വന്തം ലേഖകൻUpdated: Wednesday Aug 22, 2018

ന്യൂഡൽഹി > അതിരൂക്ഷമായ പ്രളയക്കെടുതി നേരിടുന്ന കേരളത്തിന‌് കേന്ദ്രസർക്കാർ അടിയന്തരസഹായമായി 2000 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് നൽകി. കേന്ദ്രം പ്രഖ്യാപിച്ച 500 കോടിയുടെ സഹായം തീരെ അപര്യാപ്തമാണ്. 10 ലക്ഷം പേരാണ് ദുരിതാശ്വാസ ക്യാമ്പകുളിൽ കഴിയുന്നത്.

രക്ഷാപ്രവർത്തനവും ദുരിതാശ്വാസപ്രവർത്തനവും മികച്ച രീതിയിൽ നടക്കുന്നുണ്ട്. എന്നാൽ, വീടും ജീവിതസമ്പാദ്യവും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന‌് വൻതോതിൽ വിഭവങ്ങൾ ആവശ്യമാണ്. ലക്ഷകണക്കിന‌് വീട‌് നിർമിക്കേണ്ടിവരും. ഇതിനായി പ്രധാൻമന്ത്രി ആവാസ് യോജനയിൽനിന്ന് കൂടുതൽ ഫണ്ട് അനുവദിക്കണം. വീടുകളുടെ നിർമാണത്തിന‌് കേന്ദ്രം ഐക്യരാഷ്ട്ര സംഘടനയുടെ സഹായം തേടണം.

സംസ്ഥാനത്തെ നൂറുകണക്കിനു റോഡ‌് തകർന്നു. വാർത്താവിനിമയ സംവിധാനങ്ങൾ താറുമാറായി. ദേശീയപാതാ അതോറിറ്റിയും ഇതര ഏജൻസികളും കേരളത്തിന‌് ആവശ്യമായ വിഭവങ്ങൾ നൽകണം. റോഡുകളുടെ പുനർനിർമാണത്തിന‌് ആർമി എൻജിനിയറിങ് വിഭാഗത്തെയും അതിർത്തി റോഡ് നിർമാണ ഏജൻസിയെയുംപോലെ പ്രതികൂല സാഹചര്യങ്ങളിൽ പ്രവർത്തിച്ച് പരിചയസമ്പത്തുള്ളവരെ നിയോഗിക്കണം.

പ്രളയജലം ഇറങ്ങുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. ഇത‌് പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിൽ കേരള സർക്കാരിനെ സഹായിക്കണം. സംസ്ഥാനം നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ സൈന്യത്തിന്റെ മെഡിക്കൽ വിഭാഗത്തെയും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽനിന്നുള്ള സംഘങ്ങളെയും നിയോഗിക്കണം. ലോകാരോഗ്യ സംഘടനയുടെ സഹായം തേടണം.

ഇപ്പോഴത്തെ വെല്ലുവിളി നേരിടുന്നതിൽ കേരളജനത അസാമാന്യമായ കരുത്തും ഐക്യദാർഢ്യവുമാണ് പ്രകടിപ്പിച്ചത്. ലോകമെമ്പാടുനിന്നും പണവും ഇതരവിഭവങ്ങളും കേരളത്തിലേക്ക് പ്രവഹിക്കുന്നു. അടിയന്തര ദുരിതാശ്വാസ‐പുനരധിവാസപ്രവർത്തനങ്ങൾക്കായി എത്തുന്ന സാമഗ്രികൾക്കുള്ള ഇറക്കുമതി തീരുവ ഒഴിവാക്കണം.

പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ വിഭവസമാഹരണം നടത്താൻ സംസ്ഥാനങ്ങൾക്ക് കഴിയുന്നത് എങ്ങനെയെന്ന് ജിഎസ്ടി ബില്ലിന്റെ ചർച്ചയിൽ താൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു.  ആവശ്യമായ സന്ദർഭങ്ങളിൽ വേണ്ടതുചെയ്യാനുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തുമെന്ന് സർക്കാർ അന്ന് മറുപടി നൽകി. ഇത്തരം വ്യവസ്ഥയൊന്നും ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ, സർക്കാർ പാർലമെന്റിൽ നൽകിയ ഉറപ്പ് പാലിക്കണം.

ആവശ്യമായ വിഭവസമാഹരണം നടത്താൻ ജിഎസ്ടി വ്യവസ്ഥകളിൽ ഇളവ് വരുത്താൻ കേരളത്തിന‌് അനുമതി നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു. മാനുഷികമായ പരിഗണനകളോടെ ഈ ആവശ്യങ്ങളിൽ വേഗത്തിൽ തീരുമാനം ഉണ്ടാകണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top