18 December Tuesday

പ്രതിഷേധവുമായി മഹിളാ അസോസിയേഷൻ; സെപ്തംബർ 4ന് അഖിലേന്ത്യാ വനിതാ റാലി

സ്വന്തം ലേഖകൻUpdated: Thursday Jul 26, 2018

ന്യൂഡൽഹി > നരേന്ദ്ര മോഡിയുടെ ഭരണത്തിൻകീഴിൽ സ്ത്രീകൾക്കെതിരായി വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ സെപ്തംബർ നാലിന് ഡൽഹിയിൽ പ്രതിഷേധ റാലി നടത്തും. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്കെതിരായ പീഡനങ്ങൾ, വർധിക്കുന്ന തൊഴിലില്ലായ്മ, രൂക്ഷമാകുന്ന ദാരിദ്ര്യം‐പോഷകാഹാരക്കുറവ്, വർഗീയ‐ ജാതീയ ആക്രമണങ്ങൾ തുടങ്ങിയവ ഉന്നയിച്ചാണ് അഖിലേന്ത്യാ വനിതാ റാലി നടത്തുന്നത്. ഡൽഹിയിൽ നടത്തുന്ന റാലിയിൽ എല്ലാ സംസ്ഥാനങ്ങളിൽനിന്നും സ്ത്രീകളെ പങ്കെടുപ്പിക്കാൻ കൊൽക്കത്തയിൽ ചേർന്ന മഹിളാ അസോസിയേഷന്റെ കേന്ദ്ര എക്സിക്യൂട്ടീവ് തീരുമാനിച്ചു. പ്രസിഡന്റ് മാലിനി ഭട്ടാചാര്യ, വൈസ് പ്രസിഡന്റുമാരായ ടി എൻ സീമ, അഞ്ജു കർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

നിപാ വൈറസ് ബാധയെ അമർച്ച ചെയ്യുന്നതിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച  ആരോഗ്യമന്ത്രി കെ കെ ശൈലജയെ യോഗം അഭിനന്ദിച്ചു. സിഐടിയുവിന്റെയും കിസാൻസഭയുടെയും നേതൃത്വത്തിൽ നടക്കുന്ന ആഗസ്ത് ഒമ്പതിലെ ജയിൽനിറയ്ക്കൽ സമരത്തിനും സെപ്തംബർ അഞ്ചിലെ കിസാൻ സംഘർഷ് റാലിക്കും മഹിളാ അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചു. കഠ്വയിലും ഉന്നാവയിലുമുണ്ടായ തരത്തിൽ ഞെട്ടിക്കുന്ന ബലാത്സംഗ കൊലകളാണ് രാജ്യത്ത് അരങ്ങേറുന്നത്.  2014ൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്ത്രീ സുരക്ഷയായിരുന്നു ബിജെപിയുടെ പ്രധാന പ്രചാരണായുധം. അധികാരത്തിലെത്തിയശേഷം സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ആത്മാർഥശ്രമം ഉണ്ടായില്ല. കുട്ടികളുടെ ലിംഗനിർണയം മുൻകൂട്ടി ഉറപ്പിക്കാൻ ആയുർവേദമരുന്നുകൾകൊണ്ട് കഴിയുമെന്ന ആയുഷ് സർവകലാശാലാ വി സി ബാൽദേവ് കുമാർ ദിമാന്റെ പ്രസ്താവന ന​ഗ്നമായ നിയമലംഘനമാണെന്നും കേന്ദ്ര എക്സിക്യൂട്ടീവ് ചൂണ്ടിക്കാട്ടി.

പ്രധാന വാർത്തകൾ
Top