23 September Sunday

പട്ടികവിഭാ​ഗത്തിനെതിരായ അതിക്രമം തടയല്‍; സുപ്രീംകോടതിവിധി മറികടക്കാൻ നിയമഭേദ​ഗതി

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018

ന്യൂഡൽഹി > പട്ടികവിഭാ​ഗത്തിനെതിരായ അതിക്രമം തടയൽ നിയമം ദുർബലമാക്കിയ സുപ്രീംകോടതി വിധി മറികടക്കാൻ നിയമനിർമാണം നടത്താൻ ഒടുവില്‍ കേന്ദ്രമന്ത്രിസഭയുടെ അം​ഗീകാരം. പ്രതിപക്ഷത്തിന്റെയും ദളിത് സംഘടനകളുടെയും പ്രതിഷേധം ശക്തമായതോടെ മുഖംരക്ഷിക്കാനാണ്  നീക്കം. സുപ്രീംകോടതി മാർച്ച് 20ന‌്  പുറപ്പെടുവിച്ച നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും ഉത്തരവിന്റെ പല്ലും നഖവും നഷ്ടപ്പെടുത്തിയതായി ദളിത് സംഘടനകളും പ്രതിപക്ഷവും ചൂണ്ടിക്കാട്ടിയിരുന്നു.  ദളിത് സംഘടനകൾ ആഹ്വാനംചെയ്ത ഭാരത് ബന്ദിനുനേരെയുണ്ടായ പൊലീസ് വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടു. ഇതേവിഷയത്തിൽ ഒമ്പതിന‌് വീണ്ടും ഭാരത് ബന്ദിന‌് ആഹ്വാനമുണ്ട്. ഈ സാഹചര്യത്തിലാണ് ഭേദഗതി ബിൽ കൊണ്ടുവരുന്നത്.

ആരോപണം നേരിടുന്ന സർക്കാർ ഉദ്യോഗസ്ഥരെ അറസ്റ്റ‌് ചെയ്യുന്നതിനുമുമ്പ് മേലധികാരികളുടെ മുൻകൂർ അനുമതി വാങ്ങണം, പ്രാഥമിക അന്വേഷണം നടത്തി ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽമാത്രമേ എസ്സി, എസ്ടി അതിക്രമം തടയൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ പാടുള്ളൂ, പ്രഥമദൃഷ്ട്യാ കുറ്റംചെയ്തിട്ടില്ലെന്ന് വ്യക്തമായാൽ മുൻകൂർ ജാമ്യം അനുവദിക്കാം തുടങ്ങിയ നിബന്ധനകളാണ് സുപ്രീംകോടതി കൊണ്ടുവന്നത്. ഇവ നീക്കാനുള്ള ബിൽ പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽതന്നെ അവതരിപ്പിക്കും. എൻഡിഎ ഘടകകക്ഷിയായ ലോക്ജൻശക്തിയും സുപ്രീംകോടതിവിധി മറികടക്കാൻ നിയമം കൊണ്ടുവരണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു.ഐഡിബിഐ ബാങ്കിന്റെ 50 ശതമാനത്തിൽ കൂടുതൽ ഓഹരി ഏറ്റെടുക്കാനുള്ള എൽഐസിയുടെ തീരുമാനത്തിന‌് മന്ത്രിസഭ അനുമതി നൽകി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top