14 November Wednesday

ബംഗാൾ പഞ്ചായത്ത‌് തെരഞ്ഞെടുപ്പ‌്: ക്രമക്കേടുകൾ ഞെട്ടിക്കുന്നത‌്: സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 4, 2018

ന്യൂഡൽഹി > പശ്ചിമബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ ഞെട്ടിപ്പിക്കുന്നതാണെന്ന് സുപ്രീംകോടതി. ആയിരക്കണക്കിന‌് സീറ്റുകളിൽ തൃണമൂൽ സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചത് മനസ്സിലാകുന്ന കാര്യമല്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. മൊത്തം 58,692 സീറ്റിൽ 20,076 എണ്ണത്തിലും തൃണമൂൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചത്.

വിവിധ പഞ്ചായത്ത് സമിതികളിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരുടെ വിശദമായ വിവരം ബുധനാഴ്ചതന്നെ സമർപ്പിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനോട് കോടതി ആവശ്യപ്പെട്ടു. നൂറുകണക്കിന‌് സീറ്റുകളിൽ എതിരില്ലാതെ സ്ഥാനാർഥികൾ വിജയിച്ചാൽ പോലും മനസ്സിലാക്കാം. എന്നാൽ, സംസ്ഥാനത്തെ മൂന്നിലൊന്നോളം സീറ്റുകളിൽ എതിരില്ലാത്ത വിജയം മനസ്സിലാകുന്നില്ല. ബീർഭൂം, ബാങ്കുറ, മുർഷിദാബാദ്, ദക്ഷിണ 24 പർഗാനാസ്  ജില്ലകളിലാണ് എതിരില്ലാത്ത വിജയങ്ങളിൽ ഏറിയപങ്കും.

അടിത്തട്ടിൽ ജനാധിപത്യം പ്രവർത്തിക്കുന്നില്ലെന്ന് ഇതിൽനിന്ന് വ്യക്തമാകുന്നുവെന്നും ബെഞ്ച് നിരീക്ഷിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക നൽകാൻ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ‌് കോടതി നിരീക്ഷണം.

പ്രധാന വാർത്തകൾ
Top