19 November Monday

കേന്ദ്രം സുപ്രീംകോടതിയിൽ സമ്മതിച്ചു; ആഴ്ചതോറും രാജ്യത്ത് കലാപം

എം അഖിൽUpdated: Saturday Aug 11, 2018

ന്യൂഡൽഹി > രാജ്യത്ത് ആഴ്ചയിൽ ഒരു കലാപംവീതം സംഭവിക്കുന്നതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ തുറന്നുസമ്മതിച്ചു. പല കാരണങ്ങളാൽ രാജ്യത്തിന്റെ പലഭാഗത്തും ആളുകൾ സംഘം ചേർന്ന് അതിക്രമങ്ങൾ അഴിച്ചുവിടുകയാണ്. ആക്രമണങ്ങൾ തടയാൻ കർശനനടപടികൾ അനിവാര്യമാണ്. മഹാരാഷ്ട്രയിൽ സംവരണം ആവശ്യപ്പെട്ടുള്ള മറാത്താപ്രക്ഷോഭത്തിന്റെ ഭാഗമായും എസ്സി, എസ്ടി അതിക്രമം തടയൽ നിയമവുമായി ബന്ധപ്പെട്ട കോടതിവിധിക്കെതിരായ പ്രതിഷേധത്തിന്റെ പേരിലും ഡൽഹിയിലും ഉത്തർപ്രദേശിലും കാവടിസംഘത്തിന്റെ യാത്രയുടെ മറവിലും അതിക്രമങ്ങൾ നടന്നു. വിവാദസിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ നടിയുടെ മൂക്ക് മുറിക്കുമെന്ന് ചിലർ ഭീഷണി മുഴക്കി. ഇത്തരം അതിക്രമങ്ങൾ നടത്തുന്നവർ ശിക്ഷിക്കപ്പെടാതെ പോകുന്നു. അടുത്തദിവസം മറ്റൊരു കാരണത്തിന്റെ പേരിൽ ഇവർ പുതിയ സംഘർഷങ്ങൾ ആസൂത്രണം ചെയ്യുന്നു‐ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി.

മറ്റുള്ളവരുടെ വസ്തുവകകൾ നശിപ്പിച്ചുള്ള പ്രതിഷേധങ്ങൾ അംഗീകരിക്കാനാകില്ല. പ്രതിഷേധമുള്ളവർ സ്വന്തം വീട് കത്തിച്ച് വീര്യം പ്രകടിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു. ഡൽഹിയിലും ഉത്തർപ്രദേശിലും കാവടിസംഘങ്ങളുടെ അതിക്രമങ്ങൾ അസഹനീയമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. വാരാണസിയിൽനിന്ന് അലഹബാദുവരെ സഞ്ചരിക്കാൻ അഞ്ചുമണിക്കൂറിലേറെ സമയമെടുക്കുന്നു.

ദേശീയപാതയുടെ ഒരുഭാഗം മുഴുവൻ കാവടിസംഘക്കാർ കൈയേറി. ഇത്തരം അതിക്രമങ്ങൾ തടയാൻ എന്ത് ചെയ്യാൻ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് എജിയോട് ചോദിച്ചു. ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂവെന്ന് എജി പ്രതികരിച്ചു. എല്ലാ ജില്ലയിലെയും എസ്പിമാർക്ക് ആക്രമണങ്ങൾ തടയാനുള്ള ചുമതല നൽകണം. എന്തെങ്കിലും വീഴ്ചയുണ്ടായാൽ കോടതികൾക്ക് എസ്പിമാരോട് വിശദീകരണം തേടാമെന്നും എജി നിർദേശിച്ചു. തുടർന്ന്, ഈ വിഷയത്തിൽ ആവശ്യമായ മാർഗനിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

“പത്മാവത്’ ഉൾപ്പെടെയുള്ള സിനിമകൾക്ക് എതിരായ പ്രതിഷേധങ്ങളുടെ മറവിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ആക്രമണസംഭവങ്ങൾക്കെതിരെ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുന്നത്.
വിവിധ മൗലികവാദി, ഗുണ്ടാസംഘങ്ങൾ പ്രതിഷേധത്തിന്റെ പേരിൽ അതിക്രമങ്ങൾ നടത്തുകയാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഡ്വ. പി വി ദിനേശ് ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top