23 October Tuesday

മൂന്ന‌ു മാസത്തെ നഷ്ടം 4875.85 കോടി രൂപ; കടക്കെണിയില്‍ എസ്ബിഐ

സ്വന്തം ലേഖകൻUpdated: Saturday Aug 11, 2018

ന്യൂഡൽഹി > രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ വൻനഷ്ടത്തിലക്ക‌്. നടപ്പ് സാമ്പത്തികവർഷം ഏപ്രിൽ‐ജൂൺ കാലയളവിൽ 4875.85 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തികവർഷത്തെ അവസാനപാദമായ ജനുവരി‐മാർച്ചിൽ 7718 കോടി രൂപയുടെ നഷ്ടമുണ്ടായി. കോർപറേറ്റുകൾ വരുത്തിയ കിട്ടാക്കടം തിരിച്ചുപിടിക്കാൻ നടപടികളില്ലാത്തതാണ് എസ്ബിഐയെ കടക്കെണിയിലാക്കിയത്. കഴിഞ്ഞവർഷം ജൂണിലെ മൊത്തം  കിട്ടാക്കടം 1.88 ലക്ഷം കോടിയായിരുന്നെങ്കിൽ ഇപ്പോൾ ഇത‌് 2.13 ലക്ഷം കോടിയായി.

കിട്ടാക്കടം പെരുകുന്നതും ബോണ്ടുകളിൽനിന്നുള്ള വരുമാനം കുറഞ്ഞതുമാണ് തുടർച്ചയായ നഷ്ടത്തിന‌് കാരണമെന്ന് ബാങ്ക് അധികൃതർ പ്രതികരിച്ചു. ജൂണിലെ കണക്കുപ്രകാരം, കിട്ടാക്കടം മൊത്തം വായ്പയുടെ 13.17 ശതമാനമാണ്. 20 വർഷത്തിനുശേഷം ആദ്യമായി എസ്ബിഐ ത്രൈമാസകണക്കിൽ നഷ്ടം രേഖപ്പെടുത്തിയത് കഴിഞ്ഞ സാമ്പത്തികവർഷം മൂന്നാംപാദത്തിലാണ്.

ലോകത്തെ ഏറ്റവും വലിയ 500 ബാങ്കുകളുടെ പട്ടികയിലേക്ക് എസ്ബിഐയെ ഉയർത്താനെന്ന പേരിൽ അസോസിയറ്റ് ബാങ്കുകളെ  ലയിപ്പിച്ചശേഷമാണ് ഇത്രയും നഷ്ടമുണ്ടായത‌്.  ഈ സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ 238 കോടി രൂപ ലാഭം പ്രതീക്ഷിച്ച സ്ഥാനത്താണ് ഇത്രയും ഭീമമായ നഷ്ടം. കഴിഞ്ഞവർഷം രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ മൊത്തം നഷ്ടം 60,000 കോടി രൂപയിലെത്തിയിരുന്നു. വിജയ ബാങ്കിനും ഇന്ത്യൻ ബാങ്കിനും മാത്രമാണ് ലാഭം നേടാനായത്. സർക്കാർനയങ്ങളാണ് പൊതുമേഖല ബാങ്കുകളെ ദോഷമായി ബാധിച്ചതെന്ന് മേഖലയിലെ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. മോഡിസർക്കാർ വന്നശേഷം മൂന്നുലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് പൊതുമേഖല ബാങ്കുകൾ എഴുതിത്തള്ളിയത്. ഇതിൽ ഏറ്റവും കൂടുതൽ എസ്ബിഐയിലായിരുന്നു. വായ്പ തിരിച്ചടയ്ക്കാത്ത കോർപറേറ്റുകളുടെ പേര് വെളിപ്പെടുത്തണമെന്ന് ഇടതുപക്ഷപാർടികളും ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെടുകയാണ്.

പ്രധാന വാർത്തകൾ
Top