12 December Wednesday

'ബിജെപി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു'; ഉത്തര്‍പ്രദേശില്‍ എംപി സാവിത്രി ഭായ് ഫുലെ ബിജെപിയില്‍ നിന്ന് രാജി വെച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

ലക്‌നൗ > ഉത്തര്‍പ്രദേശിലെ ബഹ്‌റിച്ചിലെ ബിജെപി എംപി സാവിത്രി ഭായ് ഫുലെ പാര്‍ടിയില്‍ നിന്നും രാജി വെച്ചു.  ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്നാരോപിച്ചാണ് രാജി. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് എംപിയുടെ രാജി ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്.

ബിജെപിയുടെ ജനവിരുദ്ധ - ദളിത് വിരുദ്ധ നയങ്ങള്‍ക്കെതിരെ നേരത്തെ തന്ന പരസ്യ നിലപാടെടുത്തയാളാണ് സാവിത്രി ഭായ് ഫുലെ. കഴിഞ്ഞ കുറച്ചു കാലങ്ങളായി പാര്‍ടിയുടെ തീരുമാനങ്ങളിലും പ്രവൃത്തികളിലും ഫുലെ വിമര്‍ശനമുന്നയിച്ചിരുന്നു.

രാജ്യത്തിന്റെ പുരോഗതിയ്ക്കായി ഉപയോഗിക്കേണ്ട പണം ക്ഷേത്രങ്ങള്‍ നിര്‍മിക്കാനാണ് ബിജെപി ഉപയോഗിക്കുന്നതെന്നായിരുന്നു ഫുലെയുടെ പ്രധാന ആരോപണം.  രാജ്യത്ത് ക്ഷേത്രങ്ങളും പ്രതിമകളുമല്ല വേണ്ടത്. ആദ്യം പരിഹരിക്കേണ്ടത് ഇവിടുത്തെ ദളിതരുടേയും മറ്റു പിന്നോക്ക വിഭാഗക്കാരുടേയും പ്രശ്‌നങ്ങളാണെന്നും ഫുലെ പറഞ്ഞിരുന്നു. 

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞദിവസം നടത്തിയ ഹനുമാന്‍ ദളിതനായിരുന്നവെന്ന പരാമര്‍ശത്തിനെതിരെയും ഫുലെ രംഗത്തു വന്നിരുന്നു. 'ദളിതരെ മനുഷ്യരായി കണ്ടുകൂടേ. ഏതെങ്കിലും ദളിതനെ ആദിത്യ നാഥ് ആലിംഗനം ചെയ്തിട്ടുണ്ടോ. ദളിതന്റെ വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടാകും, പക്ഷേ അത് പാകംചെയ്തത് ദളിതനായിരിക്കില്ല. രാജ്യം ഒരു ക്ഷേത്രമല്ല ആഗ്രഹിക്കുന്നത്. രാമക്ഷേത്രം വന്നാല്‍ ദളിതരുടെ തൊഴിലില്ലായ്മയടക്കം എല്ലാ പ്രശ്‌നങ്ങളും തീരുമോ'? - ഫുലെ ആദിത്യനാഥിനോട് ചോദിച്ചിരുന്നു.

നേരത്തെ മുഹമ്മദ് അലി ജിന്ന മഹാവ്യക്തിയാണെന്ന് ഫുലെ പറഞ്ഞിരുന്നു. ഇത് ബിജെപി നേതൃത്വത്തിനിടയില്‍ മുറുമുറുപ്പ് ഉണ്ടാക്കിയിരുന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top