Top
20
Wednesday, September 2017
About UsE-Paper
മുലായവും അഖിലേഷും കണ്ടു

മഞ്ഞുരുകിയില്ല

Wednesday Jan 11, 2017
വെബ് ഡെസ്‌ക്‌


ന്യൂഡല്‍ഹി > സമാജ്വാദിപാര്‍ടിയുടെ തെരഞ്ഞെടുപ്പു ചിഹ്നമായ സൈക്കിള്‍ തെരഞ്ഞെടുപ്പു കമീഷന്‍ മരവിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായ സാഹചര്യത്തില്‍, മുലായംസിങ് യാദവും അഖിലേഷ് യാദവും കൂടിക്കാഴ്ച നടത്തി. സമവായം അവസാനിപ്പിക്കാനുള്ള അവസാനശ്രമമെന്ന് വിശേഷിപ്പിക്കപ്പെട്ട യോഗത്തിലും പ്രശ്നപരിഹാരമുണ്ടായില്ല. അഖിലേഷ്  തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് കഴിഞ്ഞദിവസം മുലായം പ്രസ്താവിച്ചെങ്കിലും, അഖിലേഷ്പക്ഷം തൃപ്തരല്ല.

നേരത്തെയും സമാന പ്രസ്താവനകള്‍ നടത്തിയശേഷം കാലുമാറിയ ചരിത്രമാണ് മുലായത്തിനുള്ളതെന്ന് അഖിലേഷ്പക്ഷം കുറ്റപ്പെടുത്തി. ലഖ്നൌവില്‍ മുലായംസിങ്ങിന്റെ വസതിയിലാണ് അച്ഛനും മകനും കൂടിക്കാഴ്ച നടത്തിയത്.

മുലായത്തിന്റെ വിശ്വസ്തരായ ശിവ്പാല്‍ യാദവ്, അമര്‍സിങ്, അഖിലേഷിന്റെ വലംകൈയ്യായ രാംഗോപാല്‍ യാദവ് എന്നിവരുടെ ഭാവിയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.

പാര്‍ടിയുടെ നന്മയ്ക്കുവേണ്ടി ശിവ്പാലും അമര്‍സിങ്ങും രാജിവയ്ക്കാമെന്ന് സമ്മതിച്ചതാണെന്നും എന്നാല്‍ ആപത്തില്‍ എന്നും പിന്തുണച്ച ഇവരെ കൈവിടാനാവില്ലെന്നും മുലായം പറഞ്ഞു. രാംഗോപാല്‍ യാദവ് പാര്‍ടിയുടെ നന്മയ്ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അഖിലേഷ് വാദിച്ചു.

സ്ഥാനാര്‍ഥിനിര്‍ണയം, കോണ്‍ഗ്രസ് സഖ്യം എന്നീ വിഷയങ്ങളും ചര്‍ച്ചയായി. ഒന്നരമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ അച്ഛന് ആശ്വാസമേകുന്ന വാഗ്ദാനമൊന്നും അഖിലേഷ് നല്‍കിയില്ലെന്നാണ് സൂചന. ചിഹ്നം സംബന്ധിച്ച തര്‍ക്കത്തില്‍ ഈ മാസം 13ന് ഇരുപക്ഷത്തിന്റെയും വാദംകേള്‍ക്കുമെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

17ന് ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുംമുമ്പ് തീരുമാനമെടുക്കാനാണ് കമീഷന്റെ നീക്കം. ഭൂരിഭാഗം എംപിമാരും എംഎല്‍എമാരും തങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലങ്ങള്‍ അഖിലേഷ് പക്ഷം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, സത്യവാങ്മൂലത്തിലെ ഒപ്പുകള്‍ വ്യാജമാണെന്നും ഇവ പരിശോധിക്കണമെന്നും മുലായംപക്ഷം ആവശ്യപ്പെട്ടു.

ഈ സാഹചര്യത്തില്‍, തെരഞ്ഞെടുപ്പു ചിഹ്നം താല്‍ക്കാലികമായി മരവിപ്പിക്കാനാണ് തെരഞ്ഞെടുപ്പു കമീഷന്‍ ആലോചിക്കുന്നത്.