20 November Tuesday

ശബരിമല സ്‌‌ത്രീപ്രവേശനം: വാദം പൂര്‍ത്തിയായി; വിധി പറയാന്‍ മാറ്റി

സ്വന്തം ലേഖകൻUpdated: Thursday Aug 2, 2018

ന്യൂഡൽഹി > ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീംകോടതി ഭരണഘടനാബെഞ്ച് വാദംകേൾക്കൽ പൂർത്തിയാക്കി വിധിപറയാൻ മാറ്റി. എട്ടുദിവസത്തെ  വാദംകേൾക്കലിനൊടുവിലാണ് ചീഫ്ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ച് ഹർജികൾ വിധി പറയാൻ മാറ്റിയത്. ശബരിമലയിലെ വിശ്വാസങ്ങളെ ചോദ്യചെയ്യാനാകില്ലെന്നും വിശ്വാസങ്ങളുടെ ആത്മാർഥതയും സത്യസന്ധതയുമാണ് പരിശോധിക്കപ്പെടേണ്ടതെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

മതപരമായ കാര്യങ്ങളിൽ നിയമനിർമാണം നടത്താനുള്ള അധികാരം സർക്കാരുകൾക്കുണ്ടെന്ന് സംസ്ഥാനസർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദിച്ചു. ആർത്തവകാലത്ത് സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശനം വിലക്കുന്ന കേരളാഹിന്ദുആരാധനാലയ പ്രവേശന നിയമത്തിലെ 3 ബി വകുപ്പ് മാറ്റിയാൽ മതിയാകുമെന്നും സർക്കാർ അറിയിച്ചു. അയ്യപ്പപ്രതിഷ്ഠയ്ക്ക് സ്വകാര്യതയുൾപ്പെടെയുള്ള ചില അവകാശങ്ങളുണ്ടെന്നത് നിഷേധിക്കാനാകില്ലെന്നും ഇത്തരം അവകാശങ്ങളുടെ നിയമസാധുത പരിശോധിക്കപ്പെടേണ്ടതാണെന്നും ചീഫ്ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ലിംഗപദവിമാത്രം നോക്കിയുള്ള വിവേചനങ്ങൾമാത്രമേ ഭരണഘടനയുടെ 15‐ാം അനുച്ഛേദപ്രകാരം കുറ്റമാകുന്നുള്ളുവെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ജനാധിപത്യമഹിളാ അസോസിയേഷനുവേണ്ടി മുതിർന്ന അഭിഭാഷകൻ പി വി സുരേന്ദ്രനാഥ്, മുതിർന്ന അഭിഭാഷക ഇന്ദിരാജയ്സിങ് തുടങ്ങിയവരും വാദങ്ങൾ അവതരിപ്പിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top