15 November Thursday

ശബരിമല സ്‌ത്രീപ്രവേശനം: വ്രതമെടുക്കാനാകില്ലെന്ന വാദം പുരുഷമേധാവിത്വപരം

സ്വന്തം ലേഖകൻUpdated: Wednesday Jul 25, 2018

ന്യൂഡൽഹി > ശബരിമലയിൽ പ്രവേശിക്കാനുള്ള കഠിനവ്രതം അനുഷ്ഠിക്കാൻ സ്ത്രീകൾക്ക് കഴിയില്ലെന്ന് വാദിക്കുന്നത് പുരുഷമേധാവിത്വമനോഭാവത്തിന്റെ പ്രതിഫലനമെന്ന് സുപ്രീംകോടതി. പുരുഷന്മാർക്ക് സമൂഹത്തിലെ മേധാവിത്വം കാരണം തീവ്രമായ വ്രതാനുചാരങ്ങൾ അനുഷ്ഠിക്കാൻ പ്രാപ്തരാണെന്ന പൊതുധാരണയുണ്ടാക്കാൻ സാധിക്കുന്നു. എന്നാൽ, പുരുഷന് വിധേയരായി ജീവിക്കേണ്ടവരാണ് സ്ത്രീകളെന്ന മേധാവിത്വനിലപാടുള്ളവർ സ്ത്രീകൾക്ക് വ്രതം അനുഷ്ഠിക്കാൻ കഴിയില്ലെന്ന വാദമുന്നയിക്കുന്നു. ജനനംമുതൽ എങ്ങനെ പെരുമാറണം, എന്ത് സംസാരിക്കണം, എന്ത് ചെയ്യണമെന്ന സാമൂഹ്യനിയന്ത്രണങ്ങൾ നേരിടേണ്ടി വരുന്നവരാണ് സ്ത്രീകളെന്നും സാധ്യമായ അവസരങ്ങളിലെല്ലാം പുരുഷമേധാവിത്വനിലപാടുകൾ തിരുത്തപ്പെടേണ്ടതാണെന്നും അഞ്ചംഗ ഭരണഘടനാബെഞ്ചിൽ അംഗമായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.

ശബരിമലയിൽ 10 മുതൽ 50 വയസ്സുവരെയുള്ള സ്ത്രീകളെ ഒഴിവാക്കേണ്ടത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ബന്ധപ്പെട്ടവർ കൃത്യമായി വിശദീകരിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിരീക്ഷിച്ചു. വ്രതം അനുഷ്ഠിക്കാൻ പറ്റാത്തതിനാലാണ്  പ്രവേശനം അനുവദിക്കാത്തത് എന്നു പറയുമ്പോൾ ആർത്തവമാണ് അതിനു പിന്നിലെ കാരണമെന്ന കാര്യം വ്യക്തമാണെന്ന് ജസ്റ്റിസ് ആർ എഫ് നരിമാൻ ചൂണ്ടിക്കാട്ടി. ദേവസ്വംബോർഡ് കേരള ഹൈക്കോടതിയിൽ നൽകിയ സത്യവാങ‌്മൂലത്തിൽ മാസത്തിൽ അഞ്ചു ദിവസം സ്ത്രീകൾക്ക് വേണമെങ്കിൽ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ടല്ലോയെന്ന് ജസ്റ്റിസ് ആർ എഫ് നരിമാൻ സംശയം പ്രകടിപ്പിച്ചു. സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചാൽ ആചാരങ്ങൾ ലംഘിക്കപ്പെടുമെന്ന് ബോർഡ് വാദിക്കുന്നു. മാസത്തിൽ അഞ്ചു ദിവസം സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ അതും ആചാരലംഘനംതന്നെയല്ലേയെന്നും ജസ്റ്റിസ് ആർ എഫ് നരിമാൻ ചോദിച്ചു. ബോർഡിന് ഇപ്പോൾ ആ അഭിപ്രായമില്ലെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ‌്വി പ്രതികരിച്ചു. 

പുരുഷമേധാവിത്വമനോഭാവമാണെന്ന വിലയിരുത്തൽ തെറ്റാണെന്നും സിങ‌്വി വാദിച്ചു. ശാരീരികമായ ചില പ്രത്യേകതകൾ കാരണം അവർ ഒഴിവാക്കപ്പെടുകയാണ്. മുസ്ലിംപള്ളികൾ ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനവിലക്കുണ്ടെന്നും സിങ‌്വി പറഞ്ഞു.  മറ്റുള്ളവർക്ക് മഠയത്തരമെന്നു തോന്നുന്ന കാര്യങ്ങൾ വേറെ ചിലർക്ക് അവരുടെ വിശ്വാസം നിലനിർത്താൻ അനിവാര്യമായിരിക്കും. ശബരിമലയുടെ പൗരാണികത, മതത്തിനുള്ളിലെ വ്യത്യസ്തപദവി, ആചാരാനുഷ്ഠാനങ്ങൾ തുടങ്ങിയവ കണക്കിലെടുത്തുള്ള തീരുമാനമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതെന്നും സിങ‌്വി ആവശ്യപ്പെട്ടു.
ഭരണഘടന നിലവിൽ വന്നശേഷം അതിലെ മൂല്യങ്ങൾക്ക് നിരക്കുന്ന കാര്യങ്ങൾമാത്രമേ അംഗീകരിക്കാൻ കഴിയുള്ളൂവെന്ന് കോടതി പ്രതികരിച്ചു.ബുധനാഴ്ച എൻഎസ്എസിനുവേണ്ടി മുതിർന്ന അഭിഭാഷകൻ മോഹൻ പരാശരൻ വാദം തുടങ്ങും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top