14 December Friday

ശബരിമല സ്‌‌ത്രീപ്രവേശനം: വിധിയ്‌‌‌ക്ക് സ്റ്റേ ഇല്ല

എം അഖില്‍Updated: Tuesday Nov 13, 2018

ന്യൂഡല്‍ഹി > ശബരിമലയിൽ പ്രായഭേ​ദമന്യേ സ‌്ത്രീകൾക്ക് പ്രവേശനം അനുവദിച്ച  അഞ്ചംഗ ഭരണഘടനാബെഞ്ച‌ിന്റെ വിധി  സ‌്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിധിക്കെതിരെ ഫയൽചെയ‌്ത  പുനഃപരിശോധന, റിട്ട‌് ഹർജികൾ തുറന്ന കോടതിയിൽ ജനുവരി 22ന‌് പരിഗണിക്കും. വിധി പുനഃപരിശോധിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇതിനുശേഷമേ തീരുമാനമെടുക്കൂ. ഹർജിക്കാരുടെയും മറ്റ‌് കക്ഷികളുടെയും വാദം കേട്ടശേഷം ഉത്തരവ‌് പുനഃപരിശോധിക്കാൻ തീരുമാനിച്ചാൽ ബന്ധപ്പെട്ട കക്ഷികൾക്ക‌് നോട്ടീസയയ്ക്കും. വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന‌് ബോധ്യപ്പെട്ടാൽ ആകെ സമര്‍പ്പിച്ച  49 പുനഃപരിശോധനാ ഹർജിയും നാല് റിട്ട‌് ഹർജിയും തള്ളും.

‘പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ കേൾക്കണമെന്ന അപേക്ഷ അനുവദിക്കുന്നു. സെപ‌്തംബർ 28ന‌്  ‘ഇന്ത്യൻ യങ് ലോയേഴ‌്സ‌് അസോസിയേഷൻ ആൻഡ‌് അദേഴ‌്സ‌്:- സ‌്റ്റേറ്റ‌് ഓഫ‌് കേരള ആൻഡ‌് അദേഴ‌്സ‌്’ റിട്ട‌് പെറ്റീഷനിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിക്കും ഉത്തരവിനും സ‌്റ്റേ ഇല്ലെന്ന കാര്യം ഞങ്ങൾ വ്യക്തമാക്കുകയാണ‌്’–- ചീഫ‌്ജസ്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനും ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, റോഹിന്റൺ നരിമാൻ, ഡി വൈ ചന്ദ്രചൂഡ‌്, ഇന്ദുമൽഹോത്ര എന്നിവർ അംഗങ്ങളുമായ ബെഞ്ച‌്‌ ചൊവ്വാഴ‌്ച പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു.

 ചൊവ്വാഴ‌്ച പകൽ 11ന‌്  ചീഫ‌്ജസ്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്, ജസ്റ്റിസുമാരായ എസ‌് കെ കൗൾ, കെ എം ജോസഫ‌് എന്നിവർ അംഗങ്ങളായ ബെഞ്ച‌്  നാല‌് റിട്ട‌് ഹർജിയാണ‌് ആദ്യം പരിഗണിച്ചത‌്. പുനഃപരിശോധനാഹർജികൾ വൈകിട്ട് ചേംബറിൽ പരിഗണിക്കുമെന്നതിനാൽ റിട്ട‌് ഹർജികളുടെ കാര്യത്തിൽ പിന്നീട‌് തീരുമാനം അറിയിക്കാമെന്ന‌് ചീഫ‌്ജസ്റ്റിസ‌് പറഞ്ഞു. റിട്ട‌് ഹർജികൾ സമർപ്പിച്ചവർതന്നെ പുനഃപരിശോധനാഹർജികളും സമർപ്പിച്ചിട്ടുണ്ടെന്നും അതിനാൽ റിട്ട‌് ഹർജികൾ നിലനിൽക്കില്ലെന്നും സംസ്ഥാനസര്‍ക്കാരിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

പകൽ മൂന്നോടെ ചീഫ‌്ജസ്റ്റിസ‌് രഞ‌്ജൻ ഗൊഗോയും, നേരത്തെ കേസ‌ിൽ വിധി പുറപ്പെടുവിച്ച അഞ്ചംഗ ഭരണഘടനാബെഞ്ചിൽ അംഗങ്ങളായ നാല‌് ജഡ‌്ജിമാരും ചേംബറിൽ  പുനഃപരിശോധനാഹർജികള്‍ പരിഗണിച്ചു. ജഡ‌്ജിമാരും കോടതി ഉദ്യോഗസ്ഥരും മാത്രമാണ‌് ചേംബറിൽ ഉണ്ടായിരുന്നത‌്. പുനഃപരിശോധനാ ഹർജികൾ സ്വീകരിക്കുക, നിലവിലെ ഉത്തരവ‌് സ‌്റ്റേ ചെയ്യുക, തുറന്ന കോടതിയിൽ കേൾക്കുക എന്നീ മൂന്ന‌് ആവശ്യമാണ‌് ഹർജിക്കാർ ഉന്നയിച്ചത‌്. ഉത്തരവ‌് സ‌്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി  അംഗീകരിച്ചില്ല.

റിട്ട് ഹര്‍ജികള്‍ പരി​ഗണിച്ചപ്പോള്‍ സംസ്ഥാന സർക്കാരിന‌ുവേണ്ടി  അഭിഭാഷകരായ ജയ‌്ദീപ‌്ഗുപ‌്ത, വിജയ‌്ഹൻസാരിയ, സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ‌്,  ദേവസ്വംബോർഡിന‌ുവേണ്ടി മുതിർന്ന അഭിഭാഷകൻ സി യു സിങ് എന്നിവർ ഹാജരായി. ശബരിമലയിൽ 10നും 50നുമിടയിൽ പ്രായമുള്ള സ‌്ത്രീകൾക്ക‌് ഏർപ്പെടുത്തിയ വിലക്ക‌് ഭരണഘടനാവിരുദ്ധമെന്ന‌് കണ്ടെത്തി സെപ‌്തംബർ 28ന‌ാണ് ചീഫ‌്ജസ്റ്റിസായിരുന്ന ദീപക‌്മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച‌് റദ്ദാക്കിയത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top