21 November Wednesday

തെരഞ്ഞെടുപ്പ്‌ അജൻഡ രാമക്ഷേത്രം മാത്രം ; ജനശ്രദ്ധ തിരിക്കാൻ ആർഎസ്‌എസ്‌ റാലികൾ

എം പ്രശാന്ത‌്Updated: Sunday Nov 11, 2018

ന്യൂഡൽഹി
പൊതുതെരഞ്ഞെടുപ്പിന‌് മുന്നോടിയായി രാജ്യത്ത് വര്‍​ഗീയചേരിതിരിവുണ്ടാക്കാന്‍ ലക്ഷ്യമിട്ട് തീവ്രവർഗീയ പ്രചാരണവുമായി സംഘപരിവാര്‍. മോഡി സർക്കാരിന്റെ വികസനവാഗ‌്ദാനങ്ങളെല്ലാം പാളിയതോടെ, രാമക്ഷേത്ര വിഷയം സജീവമാക്കി ജനകീയ വിഷയങ്ങളിൽനിന്ന‌് ശ്രദ്ധ മാറ്റുകയാണ‌് ലക്ഷ്യം. ആദ്യപടിയായി 25ന‌് അയോധ്യ ഉൾപ്പെടെ മൂന്ന‌് നഗരങ്ങളിൽ സംഘപരിവാർ ജനഗ്രാഹ‌് റാലി സംഘടിപ്പിക്കും. വിഎച്ച‌്പിയെ മുന്നിൽ നിർത്തി ആർഎസ‌്എസാണ‌് റാലിക്ക‌് ആളെ കൂട്ടുക.

ആർഎസ‌്എസ‌് ആസ്ഥാനമായ നാഗ‌്‌പൂർ, ബംഗളൂരു എ‌ന്നിവിടങ്ങളിലും റാലി സംഘടിപ്പിക്കുമെന്ന‌് വിഎച്ച‌്പി വക്താവ‌് വിനോ‌ദ‌് ബൻസാൽ അറിയിച്ചു. തുടർന്ന‌്, രാജ്യത്തെ മറ്റ‌് നഗരങ്ങളിലും റാലി സംഘടിപ്പിക്കും. ഡിസംബർ രണ്ടാംവാരം പാർലമെന്റിന്റെ ശീതകാല സമ്മേളനം ചേരാനിരിക്കെ ക്ഷേത്രനിർമാണം സജീവചർച്ചയാക്കാനാണ‌് നീക്കം. ഡിസംബർ ഒമ്പതിന‌് ഡൽഹിയിൽ മഹാറാലിയും തീരുമാനിച്ചിട്ടുണ്ട‌്. മഹാറാലിയിൽ സന്ന്യാസിമാരെയും  അണിനിരത്തും.

രാമക്ഷേത്ര നിർമാണത്തിനായി കേന്ദ്രസർക്കാർ ഓർഡിനൻസ‌് പുറപ്പെടുവിക്കുകയോ അല്ലെങ്കിൽ നിയമനിർമാണം നടത്തുകയോ വേണമെന്നാണ‌് വിഎച്ച‌്പിയുടെ ആവശ്യം. ഡിസംബർ 18 മുതൽ ദേശവ്യാപക പ്രക്ഷോഭത്തിനും തീരുമാനമെടുത്തു.ലോക‌്സഭാ തെരഞ്ഞെടുപ്പിന‌് മുമ്പായി ബാബ്റി കേസ‌് പരിഗണിച്ച‌് തീർപ്പ‌് കൽപ്പിക്കണമെന്ന നിലപാടിലാണ‌് സംഘപരിവാർ സംഘടനകൾ.

അയോധ്യാ വിഷയം തീവ്രമാക്കുന്നതിന്റെ ഭാഗമായി ആർഎസ‌്എസ‌് തലവൻ മോഹൻ ഭാഗവത‌് ഞായറാഴ‌്ച വാരാണസിയിലെത്തും. അയോധ്യയിലെ ക്ഷേത്രനിർമാണം ആർക്കും തടയാനാകില്ലെന്ന‌് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ‌് ദീപാവലി ദിവസം വെല്ലുവിളി മുഴക്കി. അഞ്ച‌് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക‌് കനത്ത തിരിച്ചടിയുണ്ടാകുമെന്ന സൂചന ലഭിച്ചതോടെയാണ‌് തീവ്രഹിന്ദുത്വം അജൻഡയാക്കി സംഘപരിവാർ രംഗത്തെത്തിയത‌്.കേരളത്തിൽ ശബരിമല വിഷയവും, കർണാടകയിൽ ടിപ്പുജയന്തിയും  ആളികത്തിച്ച് വർഗീയ ചേരിതിരിവുണ്ടാക്കാനാണ് സംഘപരിവാര്‍ നീക്കം.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top