15 November Thursday

പട്ടികവിഭാ​ഗ സ്ഥാനക്കയറ്റം : സംവരണം തുടരാന്‍ സുപ്രീംകോടതിയുടെ താൽകാലിക അനുമതി

സ്വന്തം ലേഖകൻUpdated: Wednesday Jun 6, 2018



ന്യൂഡൽഹി
പട്ടികജാതി‐പട്ടികവർഗക്കാർക്ക് സർക്കാർ സർവീസിൽ സ്ഥാനക്കയറ്റത്തിന് സംവരണം നൽകുന്നത് തുടരാന്‍ സുപ്രീംകോടതിയുടെ താൽകാലിക അനുമതി. വിഷയത്തിൽ ഭരണഘടനാബെഞ്ചിന്റെ അന്തിമഉത്തരവ് വരുന്നതുവരെ സംവരണത്തോടെ സ്ഥാനക്കയറ്റം നൽകാനാണ് ജസ്റ്റിസുമാരായ എ കെ ഗോയൽ, അശോക്ഭൂഷൺ എന്നിവർ അംഗങ്ങളായ അവധിക്കാലബെഞ്ച‌ിന്റെ അനുമതി. നിയമാനുസൃതം സ്ഥാനക്കയറ്റം നൽകുന്നത് തുടരാമെന്നാണ് കോടതി നിർദേശം.

സർക്കാർ സർവീസിൽ സ്ഥാനക്കയറ്റത്തിന് സംവരണം നൽകുന്നത് തുടരാൻ 1997 ആഗസ്ത് 13ന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം 2017ൽ ഡൽഹി ഹൈക്കോടതി റദ്ദാക്കി. ബോംബെ, പഞ്ചാബ്‐ഹരിയാന ഹൈക്കോടതിയും പട്ടികവിഭാ​ഗം ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിന് സംവരണം  ബാധകമാക്കുന്നതിൽ വിരുദ്ധമായ ഉത്തരവുകൾ പുറപ്പെടുവിച്ചു. വിവിധ ഹൈക്കോടതി ഉത്തരവുകൾക്ക് എതിരായ അപ്പീലുകളിൽ സുപ്രീംകോടതിയും വ്യത്യസ്ത ഉത്തരവുകളാണ് പുറപ്പെടുവിച്ചത‌്. ഈ സാഹചര്യത്തിൽ വിഷയത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതായി ചൂണ്ടിക്കാണിച്ച് കേന്ദ്രം സമർപ്പിച്ച പ്രത്യേകാനുമതി ഹർജിയാണ് അവധിക്കാലബെഞ്ച് പരിഗണിച്ചത്.  സ്ഥാനക്കയറ്റം അനുവദിക്കാനാകുന്നില്ലെന്നും 14,000 ത്തോളം തസ്തികകളെ ഇത് പ്രതികൂലമായി ബാധിച്ചതായും കേന്ദ്രം ചൂണ്ടിക്കാട്ടി.

ഹൈക്കോടതി ഉത്തരവുകൾക്ക് എതിരായ അപ്പീലുകൾ തീർപ്പാക്കിയ സുപ്രീംകോടതിയുടെ ഒരു ബെഞ്ച് വിഷയം ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്കുവിടാൻ ശുപാർശ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർസിങ‌് ചൂണ്ടിക്കാട്ടി.

തുടർന്ന് ഭരണഘടനാബെഞ്ച് വിഷയത്തിൽ അന്തിമഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ നിയമാനുസൃതം സ്ഥാനക്കയറ്റവുമായി മുന്നോട്ടുപോകാൻ താൽക്കാലികാനുമതി നൽകുകയായിരുന്നു.

എന്നാൽ, ഏത് നിയമപ്രകാരമാണ് സ്ഥാനക്കയറ്റം നൽകേണ്ടതെന്ന വിഷയത്തിൽ വ്യക്തത നൽകാൻ അവധിക്കാല ബെഞ്ചിനായില്ല. ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്കുവിട്ട കേസായതിനാൽ വിശദമായ വാദംകേട്ട് വിധി പ്രസ്താവിക്കാനാകില്ലെന്നായിരുന്നു അവധിക്കാല ബെഞ്ചിന്റെ നിലപാട്. അതേസമയം, ഭരണഘടനാബെഞ്ചിനോട് അടിയന്തരമായി കേസിൽ വാദംകേൾക്കണമെന്ന് നിർദേശിക്കാൻ ചീഫ്ജസ്റ്റിസിനോട് ആവശ്യപ്പെടാൻ സർക്കാരിന് സാധിക്കുമെന്ന് ബെഞ്ച് നിർദേശിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top