24 September Monday

ആർബിഐ നിരക്കുകൾ ഉയർത്തി ; വായ്‌പാപ്പലിശ കൂടും

വെബ് ഡെസ്‌ക്‌Updated: Thursday Jun 7, 2018


മുംബൈ
റിപോ, റിവേഴ്സ് റിപോ  നിരക്കുകൾ കാൽശതമാനം വർധിപ്പിച്ച് റിസർവ് ബാങ്ക് പുതിയ പണനയം പ്രഖ്യാപിച്ചു. ഇതോടെ, വാണിജ്യബാങ്കുകൾക്ക് ആർബിഐ നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപോ നിരക്ക് ആറു ശതമാനത്തിൽനിന്ന് 6.25 ആയി. വാണിജ്യബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കുന്ന പണത്തിനുള്ള പലിശയായ റിവേഴ്സ് റിപോ  നിരക്ക് 5.45 ൽനിന്ന് ആറ് ശതമാനമാക്കി. ബാങ്കുകൾ ആർബിഐയിൽ സൂക്ഷിക്കേണ്ട കരുതൽ ധന അനുപാതം(സിആർആർ) നാല് ശതമാനമായി തുടരും.

നാലര വർഷത്തിനു ശേഷമാണ് ആർബിഐ റിപോ നിരക്കുകൾ ഉയർത്തുന്നത്. ഇതോടെ, ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് ഉയരും. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ അടക്കമുള്ള ബാങ്കുകൾ ജുൺ ഒന്നു മുതൽ പലിശനിരക്കുകൾ ഉയർത്തിയിരുന്നു. റിപോ നിരക്കുകൾ ഉയർത്തിയതോടെ ബാങ്കുകൾ വീണ്ടും പലിശനിരക്കുകൾ വർധിപ്പിക്കും. ആർബിഐ തീരുമാനം പുറത്തുവന്നതോടെ ഓഹരി വിപണിയിൽ കുതിപ്പുണ്ടായി. സെൻസെക്സും നിഫ്റ്റിയും നേട്ടത്തിലാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

അസംസ്കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിൽ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് ആർബിഐ വിശദീകരിച്ചു. നാണ്യപ്പെരുപ്പ നിരക്കിലെ വർധനയും കാരണമായി. ആർബിഐ ഗവർണർ ഊർജ്ജിത് പട്ടേലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നു ദിവസം ചേർന്ന മോണിറ്ററി പോളിസി കമ്മിറ്റി(എംപിസി) ആണ് റിപോ നിരക്കുകൾ ഉയർത്താൻ തീരുമാനിച്ചത്.

ആദ്യമായാണ് സമിതി മൂന്നുദിവസം തുടർച്ചയായി യോഗം ചേരുന്നത്. പുതിയ പണനയം പ്രഖ്യാപിക്കുന്നതിനു മുമ്പ് സാധാരണ രണ്ടുനാളാണ് യോഗം ചേരുക. നിരക്കുകൾ ഉയർത്തുന്നതിനെതിരെ  ഏപ്രിലിലെ സമിതിയോഗത്തിൽ അഭിപ്രായഭിന്നത ഉണ്ടായിരുന്നു. അന്ന് രണ്ടംഗങ്ങൾ നിരക്കുവർധനയെ എതിർത്തു.

മൊത്തം ആഭ്യന്തര ഉൽപ്പാദന(ജിഡിപി) വളർച്ച 7.4 ശതമാനത്തിലായിരിക്കുമെന്നും എംപിസി യോഗം കണക്കാക്കി. നിലവിലെ സാഹചര്യങ്ങൾ തുടർന്നാൽ 2018‐19 സാമ്പത്തികവർഷത്തിന്റെ ആദ്യപകുതിയിൽ 7.3‐7.4 ശതമാനവും രണ്ടാം പകുതിയിൽ 7.5‐7.6 ശതമാനമായിരിക്കുമെന്നാണ് കണക്കുകൂട്ടൽ. നിക്ഷേപം വർധിച്ചുവരികയാണെന്നും ഇക്കാര്യത്തിൽ കൂടുതൽ ഉയർച്ചയുണ്ടാകുമെന്നും വിലയിരുത്തുന്നു.

ഉപഭോക്തൃ വില സൂചിക ഏപ്രിലിൽ 4.58 ശതമാനമായി ഉയർന്നു. മാർച്ചിൽ 4.28 ആയിരുന്നു. സെപ്തംബർ ആകുമ്പോൾ ഈ സൂചിക 4.7‐5.1 ശതമാനത്തിൽ പിടിച്ചുനിർത്തുകയാണ് ആർബിഐ ലക്ഷ്യം.

ആറംഗ സമിതി ഐകകണ‌്ഠ്യനേയാണ് തീരുമാനമെടുത്തതെന്ന് ആർബിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. അസംസ്കൃത എണ്ണവില ഉയരുന്നത് ഭാവിയിലും വിലക്കയറ്റം രൂക്ഷമാക്കുമെന്നും ആർബിഐ മുന്നറിയിപ്പു നൽകുന്നു. ജൂലായ് 31, ആഗസ്ത് ഒന്ന് തിയതികളിലാണ് അടുത്ത എംപിസി യോഗം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top