Top
22
Thursday, June 2017
About UsE-Paper

ആര്‍എസ്എസ് ഇടപെട്ടു; രാംനാഥ് കോവിന്ദ് സ്ഥാനാര്‍ഥി

Monday Jun 19, 2017
എം പ്രശാന്ത്

ന്യൂഡല്‍ഹി > ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ ഭരണമുന്നണിയായ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. ബിജെപിയുടെ ദളിത് മോര്‍ച്ച അധ്യക്ഷനായിരുന്ന 71കാരനായ കോവിന്ദ് രണ്ടുവട്ടം രാജ്യസഭാംഗമായിട്ടുണ്ട്. ബിജെപി ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതില്‍ പ്രതിപക്ഷ പാര്‍ടികളും എന്‍ഡിഎ ഘടകകക്ഷിയായ ശിവസേനയും അതൃപ്തി രേഖപ്പെടുത്തി. പ്രതിപക്ഷ പാര്‍ടികളുടെ കൂട്ടായ്മ വ്യാഴാഴ്ച യോഗംചേരും.

ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും ദളിത് വിരുദ്ധ നിലപാടുകള്‍ക്കെതിരായി രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പിന്നോക്ക 'കോലി' വിഭാഗക്കാരനായ കോവിന്ദിനെ ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. ദളിത് വിരുദ്ധമുഖം മറയ്ക്കുകയാണ് ലക്ഷ്യം. പട്ടികവര്‍ഗനേതാവും ഒഡിഷ ഗവര്‍ണറുമായ ദ്രൌപദി മുര്‍മുവിന്റെ പേരായിരുന്നു ബിജെപി സജീവമായി പരിഗണിച്ചിരുന്നത്. എന്നാല്‍, ആര്‍എസ്എസ് നേതൃത്വവുമായി കൂടിയാലോചന നടത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും മുര്‍മുവിനെ തഴഞ്ഞു.

സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ വ്യാഴാഴ്ച പ്രതിപക്ഷ കൂട്ടായ്മ തീരുമാനമെടുക്കുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ദളിത് മോര്‍ച്ച നേതാവായിരുന്നു കോവിന്ദ്. ബിജെപി വക്താവെന്ന നിലയില്‍ രംഗനാഥന്‍ കമീഷന്‍ ശുപാര്‍ശകളെ അദ്ദേഹം തള്ളിപ്പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ പ്രസ്താവനകളും നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പൂര്‍ണമായും രാഷ്ട്രീയ അടിസ്ഥാനത്തിലാണ്. പ്രതിപക്ഷ പാര്‍ടികളെക്കൂടി വിശ്വാസത്തിലെടുത്തശേഷം പേര് പ്രഖ്യാപിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ആ വാക്ക് തെറ്റിച്ചു. പ്രഖ്യാപനം നടത്തിയശേഷമാണ് സ്ഥാനാര്‍ഥി ആരെന്ന് അറിയുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരമില്ലാതെ പോയത് ഒരു തവണമാത്രമാണ്- പ്രതിപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന സൂചന നല്‍കി യെച്ചൂരി പറഞ്ഞു.

ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതില്‍ ശിവസേന വക്താവ് സഞ്ജയ് റൌത്ത് അതൃപ്തി പ്രകടിപ്പിച്ചു. പിന്തുണയ്ക്കുന്ന കാര്യത്തില്‍ തീരുമാനം പിന്നീട് അറിയിക്കുമെന്ന് റൌത്ത് പറഞ്ഞു. ടിആര്‍എസും ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും റിപ്പബ്ളിക്കന്‍ പാര്‍ടി അത്താവലെ വിഭാഗവും രാംവിലാസ് പസ്വാന്റെ എല്‍ജെപിയും കോവിന്ദിന് പിന്തുണ അറിയിച്ചു. എഐഎഡിഎംകെ പക്ഷങ്ങള്‍ നിലപാട് അറിയിച്ചിട്ടില്ല.

ബിജെപി ഏകപക്ഷീയമായി  തീരുമാനമെടുക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കുമെന്ന വാക്ക് ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു. കോവിന്ദിനേക്കാള്‍ മികച്ച ദളിത് നേതാക്കള്‍ രാജ്യത്തുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. അതേസമയം, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ കോവിന്ദിന്റെ സ്ഥാനാര്‍ഥിത്വത്തെ സ്വാഗതംചെയ്തു. കോവിന്ദിനെ രാജ്ഭവനില്‍ നിതീഷ് സന്ദര്‍ശിച്ചു. ഒരു ദളിത് നേതാവിനെ ബിഎസ്പിക്ക് എതിര്‍ക്കാനാകില്ലെന്ന് മായാവതി പറഞ്ഞു. പ്രതിപക്ഷം ദളിത് സ്ഥാനാര്‍ഥിയെ നിര്‍ത്തുമോയെന്ന് നോക്കും. ബിജെപി ഏകപക്ഷീയമായി പേര് തീരുമാനിച്ചതില്‍ മായാവതിയും അതൃപ്തി പ്രകടമാക്കി.