21 November Wednesday

പ്രകടനമികവുമായി ഇടത്‌ എംപിമാര്‍; ആന്റണിക്കും വയലാര്‍ രവിക്കും രാജ്യസഭയില്‍ മൗനം

എം പ്രശാന്ത്Updated: Sunday Jul 8, 2018

ന്യൂഡൽഹി > രാജ്യസഭയിൽ സമ്പൂര്‍ണ പരാജയമായി കേരളത്തിൽനിന്നുള്ള മുതിർന്ന കോൺഗ്രസ് അംഗങ്ങളായ എ കെ ആന്റണിയും വയലാർ രവിയും. സംസ്ഥാന താൽപ്പര്യമുള്ള വിഷയങ്ങൾ ഉന്നയിച്ച് സർക്കാരിന്റെ ശ്രദ്ധ നേടിയെടുക്കുന്നതിൽ തികഞ്ഞ അനാസ്ഥ പ്രകടിപ്പിക്കുന്ന ഇരു നേതാക്കളും പാർലമെന്റിലെ ഏറ്റവും മോശം പ്രകടനക്കാരുടെ പട്ടികയില്‍. മുസ്ലിംലീഗ് അംഗം പി വി അബ്ദുൾവഹാബും നാമനിർദേശം ചെയ്യപ്പെട്ട ബിജെപി അംഗം സുരേഷ് ഗോപിയും സഭയിലെ പ്രകടനത്തിൽ തീർത്തും പിന്നോക്കം.

ആന്റണി 2005 മുതലും വയലാർ രവി 2003 മുതലും തുടർച്ചയായി രാജ്യസഭാംഗമാണ്. എൻഡിഎ സർക്കാർ വന്നശേഷം ഇരുവരും സഭയില്‍ വാതുറന്ന അവസരങ്ങള്‍ നന്നേ കുറവ്.ഗുലാംനബി ആസാദ്, ആനന്ദ് ശർമ, ജയ്റാം രമേശ് തുടങ്ങിയ കോൺഗ്രസ് നേതാക്കൾ സർക്കാരിനെതിരായ പ്രതിപക്ഷ ആക്രമണത്തിന് മൂർച്ചകൂട്ടുമ്പോഴാണ് കേരള നേതാക്കള്‍ മൗനികളായത്.

മന്ത്രിസ്ഥാനമൊഴിഞ്ഞശേഷം  ആന്റണി ഒരു ചോദ്യം പോലും സഭയിൽ ഉന്നയിച്ചിട്ടില്ല. ഇതേ കാലയളവിൽ മറ്റ് അംഗങ്ങൾ ശരാശരി 461 ചോദ്യമെങ്കിലും ഉന്നയിച്ചിട്ടുണ്ട്.  കേരളത്തിൽനിന്നുള്ള പാർലമെന്റ് അംഗങ്ങള്‍ ശരാശരി 637 ചോദ്യങ്ങൾ തങ്ങളുടെ കാലയളവിൽ ഉന്നയിക്കുന്നതായാണ് കണക്ക്. രണ്ട് ശ്രദ്ധക്ഷണിക്കലടക്കം 10 ചർച്ചകളിൽ മാത്രമാണ് ആന്റണി ഇതേവരെ പങ്കാളിയായത്. എന്നാല്‍ കേരളത്തിൽനിന്നുള്ള അംഗങ്ങൾ  ശരാശരി 140 വരെ ചർച്ചകളിലും പങ്കെടുക്കുന്നതായാണ് കണക്ക്. സ്വകാര്യ ബില്ലുകൾ സഭയിൽ അവതരിപ്പിക്കുന്നതിലും ആന്റണി പിന്നില്‍ തന്നെ.

ചോദ്യങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ വയലാർ രവിയുടെ പ്രകടനം ആന്റണിയേക്കാൾ ഭേദമാണ്. 31 ചോദ്യങ്ങൾ ഇതുവരെയായി ഉന്നയിച്ചു. ആകെ പങ്കെടുത്തത്അഞ്ച് ചർച്ചയില്‍ മാത്രം. വയലാർ രവിയും സ്വകാര്യ ബില്ലുകളൊന്നും സഭയിൽ കൊണ്ടുവന്നിട്ടില്ല. പി വി അബ്ദുൾവഹാബിന്റെ സഭയിലെ ഹാജര്‍ നില 39 ശതമാനം മാത്രം. അംഗങ്ങളുടെ ശരാശരി ഹാജർ 78 ശതമാനമായിരിക്കെയാണിത‌്. ആകെ 12 ചർച്ചകളിൽ മാത്രമാണ് വഹാബ് പങ്കാളിയായത്. സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ചിട്ടേയില്ല. രണ്ടുവർഷത്തിലേറെയായി സഭാംഗമായ സുരേഷ് ​ഗോപി ഇന്നേവരെ ഒറ്റചോദ്യം പോലുമുന്നയിച്ചിട്ടില്ല. ആകെ പങ്കെടുത്തത് അഞ്ച് ചർച്ചയില്‍ മാത്രം. സ്വകാര്യബില്ലുകളൊന്നുംഅവതരിപ്പിച്ചിച്ചില്ല.

2015 ഏപ്രിൽ മുതൽ സഭാംഗമായ കെ കെ രാഗേഷ് ഇതേവരെയായി 398 ചോദ്യങ്ങൾ ഉന്നയിക്കുകയും 139 ചർച്ചകളിൽ പങ്കാളികളാകുകയും നാല് സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുകയും ചെയ്തു. 2016 ഏപ്രിൽ മുതൽ സഭാംഗമായ കെ സോമപ്രസാദ് 105 ചോദ്യങ്ങൾ ഉന്നയിക്കുകയും 53 ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തു. ജൂലൈ രണ്ടിന് വിരമിച്ച സി പി നാരായണൻ 626 ചോദ്യങ്ങൾ ഉന്നയിക്കുകയും 147 ചർച്ചകളിൽ പങ്കാളിയാകുകയും ചെയ്തു.

അടുത്തയിടെ വിരമിച്ച മറ്റ് ഇടതുപക്ഷ എംപിമാരിൽ പി രാജീവ് 792 ചോദ്യമുന്നയിക്കുകയും 219 ചർച്ചകളിൽ പങ്കാളിയാകുകയും നാല് സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുകയും ചെയ്തു. കെ എൻ ബാലഗോപാൽ 762 ചോദ്യങ്ങൾ ഉന്നയിക്കുകയും 196 ചർച്ചകളിൽ പങ്കാളിയാകുകയും ഒരു സ്വകാര്യബിൽ അവതരിപ്പിക്കുകയും ചെയ്തു. ടി എൻ സീമ 643 ചോദ്യങ്ങൾ ഉന്നയിക്കുകയും 87 ചർച്ചകളിൽ പങ്കാളിയാകുകയും ചെയ്തപ്പോൾ എം പി അച്യുതൻ 836 ചോദ്യങ്ങൾ ഉന്നയിക്കുകയും 111 ചർച്ചകളിൽ പങ്കാളിയാകുകയും ചെയ്തു.

പ്രധാന വാർത്തകൾ
Top