17 December Monday

രാജസ്ഥാനില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ച് പോളിങ് ഓഫീസര്‍; ചോദ്യം ചെയ്തവരെ പൊലീസ് കയ്യേറ്റം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Dec 8, 2018

ജയ്‌പൂര്‍  > എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ച് തെരഞ്ഞെടുപ്പില്‍ വിജയം കണ്ടെത്താന്‍ ബിജെപി ശ്രമിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്താന്‍ പോളിങ്ങ് ഓഫീസര്‍ ആവശ്യപ്പെട്ടതായി പരാതി. ഇത് ചോദ്യം ചെയ്ത ടൈംസ് ഓഫ് ഇന്ത്യ മാധ്യപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.

രാജസ്ഥാനിലെ ആദര്‍ശ് നഗറിലെ സങ്കരേലി ഗേറ്റിലെ 101ാം നമ്പര്‍ ബുത്തിലാണ് സംഭവം നടന്നത്. വോട്ട് രേഖപ്പെടുത്താനെത്തിയവരോട് പോളിങ്ങ് ഓഫീസര്‍ മെഷീനിലെ ആദ്യ ബട്ടണ്‍ അമര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി അശോക് പര്‍നാമിയുടേതാണ് മെഷീനിലെ ആദ്യപേര്. റഫീഖ് ഖാന്‍ ആണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 

ബൂത്തില്‍ വോട്ട് ചെയ്യാനെത്തുന്ന എല്ലാവരോടും അയാള്‍ ഇതേ കാര്യം ആവര്‍ത്തിച്ചതായി സ്ഥലത്തെ വോട്ടര്‍മാര്‍ പറഞ്ഞു. എല്ലാവര്‍ക്കും സ്വന്തം ഇഷ്ട പ്രകാരം വോട്ട് രേഖപ്പെടുത്താന്‍ അവകാശം ഉണ്ടെന്നിരിക്കെയാണ് പോളിംഗ് ഓഫിസറുടെ ഈ നടപടി. ഈ കാര്യം പരിശോധിക്കാന്‍ ടൈംസ് ഓഫ് ഇന്ത്യ മാധ്യപ്രവര്‍ത്തകന്‍ എത്തിയപ്പോഴാണ് കയ്യേറ്റശ്രമം ഉണ്ടായത്.

വോട്ടര്‍മാരെ സ്വാധിനിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ആരോപിച്ചപ്പോള്‍ ലാല്‍ കോത്തി ഏരിയയിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജ് കുമാര്‍ ശര്‍മ വന്ന് തട്ടികയറുകയായിരുന്നു. ശേഷം ഇയാള്‍ കയ്യേറ്റം ചെയ്യാനും ശ്രമം നടത്തി.    പോളിങ്ങ് ഓഫിസിലേക്ക് എന്തിന് അതിക്രമിച്ചു കയറി എന്നു പറഞ്ഞാണ് ഇയാള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.  ഇയാള്‍ തന്നെ ജയിലില്‍ അടയ്ക്കുമെന്ന ഭീഷണിപ്പെടുത്തിയതായും മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. തന്റെ കയ്യില്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ ഔദ്യോഗിക അക്രഡിറ്റേഷന്‍ കാര്‍ഡും ഉണ്ട് എന്നു പറഞ്ഞിട്ടും പൊലീസുകാരന്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.

മണ്ഡലത്തിലെ മുസ്ലിം ഭൂരിപക്ഷ ബൂത്തിലാണ് സംഭവം നടന്നത്. വോട്ടര്‍ ലിസ്റ്റില്‍ നിന്നും നിരവധി വോട്ടര്‍മാരെ ഒവിവാക്കിയതായും ആരോപണമുണ്ട്. ഇവിടെ വിവി പാറ്റ് മെഷീനുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്നും വോട്ടര്‍മാര്‍ പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top