21 November Wednesday

മധ്യപ്രദേശ്, രാജസ്ഥാന്‍ തെരഞ്ഞെടുപ്പ്: വെളുത്തുള്ളിപ്പേടിയില്‍ ബിജെപി

സ്വന്തം ലേഖകൻUpdated: Friday Nov 9, 2018

ന്യൂഡൽഹി > മധ്യപ്രദേശിലും രാജസ്ഥാനിലും സുപ്രധാന തെരഞ്ഞെടുപ്പ‌് വിഷയം  വെളുത്തുള്ളി. ഇരുസംസ്ഥാനങ്ങളിലും ഒരു കിലോ വെളുത്തുള്ളി വിറ്റാല്‍ കർഷകർക്ക‌് ഒടുവില്‍ കൈയിലെത്തുന്നത് ഒന്നും രണ്ടും രൂപ മാത്രം. രാജ്യത്തെ മൊത്തം വെളുത്തുള്ളി ഉൽപ്പാദനത്തിന്റെ 45 ശതമാനവും  പടിഞ്ഞാറൻ മധ്യപ്രദേശിലെ മാൾവ, രാജസ്ഥാനിലെ ഹദോത്തി മേഖലയില്‍ നിന്നാണ്.

വെളുത്തുള്ളി കിലോയ്ക്ക് 2016 സീസണിൽ കർഷകർക്ക‌് 100 രൂപയ‌്ക്ക് മുകളില്‍ ലഭിച്ചു. കിലോയ‌്ക്ക‌് 130 കിട്ടിയ അവസരത്തിൽ ഒരു ക്വിന്റൽ വെളുത്തുള്ളി 13,000 രൂപയ‌്ക്ക‌് വരെ വിറ്റ കർഷകർ ഇവിടെയുണ്ട്. മറ്റ‌് വിളകളിൽ നഷ്ടമുണ്ടായാലും കരുതൽധനത്തിനായി വെളുത്തുള്ളി കൃഷി ചെയ‌്തിരുന്ന കർഷകരുമുണ്ട‌്. എന്നാൽ, 2016 നവംബർ എട്ടിന‌് നോട്ട‌് അസാധുവാക്കൽ പ്രഖ്യാപനത്തിന‌് പിന്നാലെ എല്ലാം തകിടംമറിഞ്ഞു.

2017 മാർച്ചിൽ വെളുത്തുള്ളി കിലോയ‌്ക്ക‌് 40 രൂപയായി. ജൂണിൽ വില 30 രൂപയായും സെപ‌്തംബറിൽ 20 രൂപയായും താഴ‌്ന്നു. കർഷകർക്ക‌് വിലയുടെ പത്തിൽ ഒന്ന‌് പോലും കൈയ്യിൽ കിട്ടാത്ത സാഹചര്യമായി. ഒരു ക്വിന്റൽ വെളുത്തുള്ളി ഉൽപ്പാദിപ്പിക്കാൻ കർഷകർക്ക‌് ഏകദേശം 3,000 രൂപ ചെലവുണ്ട‌്. ഈ തുക പോലും തിരിച്ചുകിട്ടാത്ത അവസ്ഥയിലേക്ക‌് കാര്യങ്ങൾ മാറി.

2016–-17, 2017–-18 കാലയളവിൽ മധ്യപ്രദേശിലും രാജസ്ഥാനിലും വെളുത്തുള്ളി ഉൽപ്പാദനം വർദ്ധിച്ചതും തിരിച്ചടിയായി. ഈ കാലയളവിൽ വെളുത്തുള്ളി കൃഷി മധ്യപ്രദേശിൽ  92,000 ഹെക്ടറിൽ നിന്നും 1.28 ലക്ഷം ഹെക്ടറിലേക്കും രാജസ്ഥാനിൽ 69,000 ഹെക്ടറിൽ നിന്നും 1.32 ലക്ഷം ഹെക്ടറിലേക്കും വ്യാപിച്ചു. വെളുത്തുള്ളി ഉൽപ്പാദനം വർദ്ധിച്ചതോടെ മധ്യപ്രദേശിലെ മന്ദ‌്സോറിൽ കർഷകർക്ക‌് ഒരു കിലോയ‌്ക്ക‌് ഒരു രൂപയും രാജസ്ഥാനിലെ ജാലാവാറിൽ രണ്ട‌് രൂപയും മാത്രം കിട്ടുന്ന അവസ്ഥയായി.

വെളുത്തുള്ളി മുറിച്ചെടുക്കാനുള്ള ചെലവ‌് പോലും വിപണിയിൽ നിന്നും കിട്ടുന്നില്ലെന്ന‌് കർഷകർ പറയുന്നു. വെളുത്തുള്ളികർഷകരെ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാൻ ബിജെപി സർക്കാരുകളുടെ ഭാഗത്ത‌് നിന്നും കാര്യമായ ഒരിടപെടലും ഉണ്ടായില്ലെന്നും കർഷകർ കുറ്റപ്പെടുത്തുന്നു.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന വെളുത്തുള്ളി മുഴുവൻ സംഭരിക്കുമെന്ന‌് രാജസ്ഥാനിൽ വസുന്ധര രാജെ സർക്കാർ അവകാശപ്പെട്ടു. അവിടെയും ഇവിടെയും ചില സംഭരണകേന്ദ്രങ്ങൾ തുറന്നതുകൊണ്ട‌് കാര്യമായ നേട്ടമുണ്ടായില്ല. രാജസ്ഥാനിലെ കോട്ടയിൽ 2018ൽ അഞ്ച‌് വെളുത്തുള്ളി കർഷകർ ആത്മഹത്യ ചെയ‌്തു.

കൂടുതൽ പേർ വിലയിടിവിനെ തുടർന്ന‌്, ജീവനൊടുക്കിയിട്ടുണ്ടെന്നാണ‌് കർഷകസംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണമേഖലകളിലെ ജനരോഷം കണക്കിലെടുത്താൽ രാജസ്ഥാനിൽ ബിജെപി തകർന്നടിയുമെന്നാണ‌് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

തെരഞ്ഞെടുപ്പ‌് മുന്നിൽക്കണ്ട‌് മധ്യപ്രദേശിൽ ശിവ‌രാജ‌്സിങ്ങ‌് ചൗഹാൻ സർക്കാർ കർഷകരെ പ്രീണിപ്പിക്കാൻ ചില നീക്കങ്ങൾ നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. വിളകളുടെ വില മെച്ചപ്പെടുത്തുമെന്ന ഉറപ്പാണ‌് ഇരുസംസ്ഥാനങ്ങളിലും പ്രചാരണവേദികളിൽ കോൺഗ്രസ‌് ഉന്നയിക്കുന്ന പ്രധാനതെരഞ്ഞെടുപ്പ‌് വാഗ‌്ദാനം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top