Top
18
Monday, December 2017
About UsE-Paper

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകും

Tuesday Nov 21, 2017
വെബ് ഡെസ്‌ക്‌


ന്യൂഡല്‍ഹി >  രാഹുല്‍ ഗാന്ധി ഡിസംബര്‍ അഞ്ചോടെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് എത്തും. എഐസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സമയക്രമത്തിന് തിങ്കളാഴ്ച ഡല്‍ഹിയില്‍ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം രൂപം നല്‍കി. തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരം ഡിസംബര്‍ 31നകം സംഘടനാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പൂര്‍ത്തിയാക്കണം. സംസ്ഥാനങ്ങളില്‍നിന്നുള്ള പിസിസി അംഗങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പ് നടന്നാല്‍ വോട്ടവകാശം. ഏഴുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സംഘടനാതെരഞ്ഞെടുപ്പ്.

ഡിസംബര്‍ ഒന്നിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നാലിന് പകല്‍ 3.30വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഡിസംബര്‍ അഞ്ചിന് സൂക്ഷ്മപരിശോധന നടത്തി മത്സരാര്‍ഥികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തും. ഒന്നിലേറെ സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ ഡിസംബര്‍ 16ന് വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 19ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.

നിലവിലെ സാഹചര്യത്തില്‍ അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ പത്രികമാത്രമാണുണ്ടാകുക. ഇപ്പോള്‍ ഉപാധ്യക്ഷനായ  രാഹുല്‍ സൂക്ഷ്മപരിശോധന പൂര്‍ത്തിയാകുന്നതോടെ അധ്യക്ഷപദവിയില്‍ എത്തും. നിലവിലെ അധ്യക്ഷ സോണിയ ഗാന്ധി മുഖ്യരക്ഷാധികാരിയായോ പാര്‍ലമെന്ററി പാര്‍ടി അധ്യക്ഷയായോ തുടരാനാണ് സാധ്യത. എ കെ ആന്റണി ഏക ഉപാധ്യക്ഷസ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന.

Related News

കൂടുതൽ വാർത്തകൾ »