Top
23
Tuesday, January 2018
About UsE-Paper

കോണ്‍ഗ്രസില്‍ നേതൃമാറ്റം മാത്രം; നയം മാറ്റമില്ല

Sunday Dec 17, 2017
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി > തലമുറമാറ്റമെന്ന് ഘോഷിച്ച്് എഐസിസിയുടെ പുതിയ അധ്യക്ഷനായി രാഹുല്‍ഗാന്ധി ചുമതലയേറ്റു. എന്നാല്‍,കോണ്‍ഗ്രസിന്റെ വീഴ്ചകള്‍ അംഗീകരിക്കാനോ നയങ്ങളില്‍ മാറ്റം പ്രഖ്യാപിക്കാനോ രാഹുല്‍ ഗാന്ധി തയ്യാറായില്ല. സ്ഥാനമൊഴിഞ്ഞ സോണിയ ഗാന്ധിയുടെ വിടവാങ്ങല്‍ പ്രസംഗത്തിലും മുന്‍കാല തെറ്റുകളെ വസ്തുതാപരമായി പരിശോധിക്കുന്ന സമീപനമുണ്ടായില്ല. വൈകാരികമായി രാഷ്ട്രീയത്തെ വിലയിരുത്തുകയാണ് അവര്‍ ചെയ്തത്. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ അഴിമതി, നവഉദാരവല്‍ക്കരണസാമ്പത്തികനയങ്ങള്‍, മൃദുഹിന്ദുത്വം എന്നിവയെ തള്ളിപ്പറയാനും ഇരുവരും തയ്യാറായില്ല.

കോണ്‍ഗ്രസിന്റെയും യുപിഎയുടെയും സര്‍ക്കാരുകളുടെ കാലത്ത് എല്ലാം മെച്ചമായിരുന്നെന്ന് രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. മോഡിഭരണം ഇന്ത്യയെ തകര്‍ത്തെന്ന് വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും ബിജെപിക്ക് അധികാരം ലഭിക്കാന്‍ ഇടയായ സാഹചര്യത്തിലേക്ക് ഇരുവരും കടന്നില്ല. കോണ്‍ഗ്രസ് തുടര്‍ന്നുവന്ന സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ, വിദേശനയ സമീപനമാണ് ബിജെപിയുടെ വളര്‍ച്ചയ്ക്ക് അവസരമൊരുക്കിയതെന്ന യാഥാര്‍ഥ്യം അംഗീകരിക്കാനും തയ്യാറായില്ല.

കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന സ്ഥാനാരോഹണച്ചടങ്ങ് വ്യക്തിപൂജയുടെ തനിയാവര്‍ത്തനമായി. 19 വര്‍ഷത്തിനുശേഷമുള്ള ചുമതലകൈമാറ്റത്തെ ഗൌരവപൂര്‍ണമായ രാഷ്ട്രീയപ്രകിയയാക്കി മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ല. ആര്‍പ്പുവിളികള്‍ക്കും പടക്കംപൊട്ടിക്കലിനുമിടെ സ്ഥാനമേറ്റ രാഹുല്‍ ഗാന്ധി തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ ബിജെപിയുടെ 'ഹിന്ദുത്വരാഷ്ട്രീയത്തെ' ഗൌരവമായി പരാമര്‍ശിച്ചില്ല. ഇപ്പോഴത്തെ ഭരണക്കാരുടെ ഭീകരത ഇന്ത്യക്ക് വരുത്തിവച്ച നഷ്ടം എത്രതവണ ആലിംഗനംചെയ്താലും പരിഹരിക്കാന്‍ കഴിയില്ലെന്നും സത്യവും ദയയുമില്ലാത്ത രാഷ്ട്രീയം ഉപയോഗിച്ച് ജനങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും രാഹുല്‍ പറഞ്ഞു. ജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ളതാണ് യഥാര്‍ഥത്തില്‍ രാഷ്ട്രീയം എന്നൊക്കെ പറഞ്ഞ രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് സംഭവിച്ച വീഴ്ച അംഗീകരിക്കാന്‍ ഹൃദയം തുറന്നില്ല.

നീണ്ടകാലത്തെ പരീക്ഷണങ്ങള്‍ക്കും കാത്തിരിപ്പിനുംശേഷമാണ് രാഹുല്‍ഗാന്ധി എഐസിസി അധ്യക്ഷസ്ഥാനത്ത് എത്തിയതെന്ന് വിശദീകരിച്ച സോണിയ ഗാന്ധിയും കോണ്‍ഗ്രസിന്റെയും നെഹ്റുകുടുംബത്തിന്റെയും 'മേന്മകള്‍'മാത്രമാണ് എടുത്തുകാട്ടിയത്. രാജ്യം അടക്കിവാണ കോണ്‍ഗ്രസിനെ ജനങ്ങള്‍ എന്തുകൊണ്ട് ഇപ്പോള്‍ വെറുക്കുന്നുവെന്ന യാഥാര്‍ഥ്യം മറച്ചുപിടിക്കാനുള്ള ശ്രമമായിരുന്നു അവരുടേത്. അതേസമയം, തന്നെയും രാഹുല്‍ഗാന്ധിയെയും രാഷ്ട്രീയത്തില്‍ എത്തിച്ചത് അതതു കാലത്തെ സാഹചര്യങ്ങളാണെന്ന് വിശദീകരിക്കാന്‍ സോണിയ ഗാന്ധി പ്രത്യേകം ശ്രദ്ധിച്ചു. നെഹ്റു കുടുംബത്തില്‍നിന്നുള്ള ആറാമത് കോണ്‍ഗ്രസ് അധ്യക്ഷനാണ് നാല്‍പ്പത്തേഴുകാരനായ രാഹുല്‍ഗാന്ധി.