11 December Tuesday

റഫേലില്‍ കുരുക്ക് മുറുകുന്നു; വ്യോമസേനാ ഉദ്യോഗസ്ഥന്‍ ഇന്ന് തന്നെ ഹാജരാകണമെന്ന് സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 14, 2018

ന്യൂഡല്‍ഹി > റഫേല്‍ അഴിമതി കരാറില്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ കുരുക്ക് മുറുകുന്നു. വിമാനങ്ങളുടെ സാങ്കേതിക വശം വിശദീകരിക്കുന്നതിന് വ്യോമസേനാ ഉന്നതോദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരാകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പ്രതിരോധ മന്ത്രാലയ പ്രതിനിധിയല്ല വ്യോമസേനയുടെ പ്രതിനിധിയെയാണ് ആവശ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. റഫേല്‍ കേസില്‍ വാദം കേള്‍
ക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഉത്തരവ്.

എത്രയും വേഗത്തില്‍ത്തന്നെ ഉദ്യോഗസ്ഥനെ ഹാജരാക്കാമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. യുദ്ധവിമാനങ്ങളുടെ വിലയും മറ്റു സാങ്കേതിക വിശദാംശങ്ങളും കോടതിയെ അറിയിക്കാന്‍ കഴിയില്ല. റഫേല്‍ വിമാനങ്ങളുടെ വിലവിവരങ്ങള്‍ ഇതുവരെ പാര്‍ലമെന്റില്‍ പോലും വ്യക്തമാക്കിയിട്ടില്ല. വിവരങ്ങള്‍ പുറത്തുപോയാല്‍ അത് ദുരുപയോഗം ചെയ്യപ്പെടാന്‍ ഇടയുണ്ടെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

റഫേല്‍ ഇടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍ രേഖകള്‍ തന്നെ സമ്മതിക്കുന്നതായി ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. കേസില്‍ വാദം തുടരുന്നതിനിടെ അഭിഭാഷകനായ എംഎല്‍ ശര്‍മ്മയാണ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. 

ഏപ്രില്‍ 2015നാണ് 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നു എന്ന തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചത്.  എന്നാല്‍  ഇതുസംബന്ധിച്ച് കമ്പനിയുമായി ചര്‍ച്ചകള്‍ തുടങ്ങിയത് മെയ് മാസത്തിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ രേഖകള്‍ സമ്മതിക്കുന്നുണ്ട്. ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുന്‍പ് എങ്ങനെ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചു എന്നാണ് എംഎല്‍ ശര്‍മ്മ മുഖ്യമായി ചോദിക്കുന്നത്. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top